കംപ്ലീറ്റ് ആക്ടറില്‍ നിന്നും കംപ്ലീറ്റ് സിങ്ങറിലേക്ക് പണവും സ്വാധീനവും ഉപയോഗിച്ച് മുന്നേറാനാകില്ല, മോഹന്‍ലാലിനെ വിമര്‍ശിച്ച് ജോമോള്‍ ജോസഫ്

മോഹന്‍ലാലും ഗായകന്‍ വിടി മുരളിയും തമ്മിലുള്ള വിഷയം സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്. ‘മാതള തേനുണ്ണാന്‍” എന്ന ഗാനം താന്‍ ആലപിച്ചതാണെന്ന് ബിഗ് ബോസ് പരിപാടിക്കിടെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നും താനാണ് ഗാനം ആലപിച്ചതെന്നും പ്രതികരിച്ച് വിടി മുരളി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോമോള്‍ ജോസഫ്.

മോഹന്‍ലാലിനെ ഞാനും കലാകാരനെന്ന നിലയിലാണ് കാണുന്നത്, അതോടൊപ്പം സിനിമയെ കലയായും. എല്ലാം തികഞ്ഞവരായി ആരുമില്ലാത്ത ഈ ലോകത്ത് മോഹന്‍ലാലെന്ന അതുല്യ പ്രതിഭയെ കംപ്ലീറ്റ് ആക്ടറെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന, അദ്ദേഹത്തിന്റെ സര്‍ഗ്ഗശേഷിയോട് ചെയ്യുന്ന അനീതിയാണ്. ആരും പൂര്‍ണ്ണരല്ലാത്ത ഈ ലോകത്ത്, മേഹന്‍ലാലിന് മാത്രം എങ്ങനെ പൂര്‍ണ്ണനാകാനാകും?

Loading...

കംപ്ലീറ്റ് ആക്ടറില്‍ നിന്നും കംപ്ലീറ്റ് സിങ്ങറിലേക്ക് പണവും സ്വാധീനവും ഉപയോഗിച്ച് മുന്നേറാനാകില്ല, മോഹന്‍ലാലില്‍ ഗായകനില്ല, അദ്ദേഹത്തിന്റെ സര്‍ഗ്ഗശേഷി അഭിനയത്തിലാണ്, പാട്ടിലല്ല. സര്‍ഗ്ഗശേഷി എന്നത് കട്ടെടുത്ത് സ്വന്തമാക്കാനാകുന്ന ഒന്നല്ല..- ജോമോള്‍ കുറിച്ചു

ജോമോളുടെ കുറിപ്പിങ്ങനെ;

മോഹന്‍ലാലിന് വി.ടി മുരളിയോ, വി.ടി മുരളിക്ക് മോഹന്‍ലാല്‍ ആകാന്‍ കഴിയില്ല..

VT Murali എന്ന പേര് ഇന്നത്തെ തലമുറയിലെ പലര്‍ക്കും അറിയില്ല എങ്കിലും, അദ്ദേഹം പാടിയ പാട്ടുകള്‍ തലമുറവ്യത്യാസമില്ലാതെ പാടിനടക്കുന്ന പാട്ടുകള്‍ തന്നെയാണ്. രണ്ടു കൈകളുടെ വിരലുകളില്‍ എണ്ണാവുന്നത്ര പാട്ടുകളേ വി.ടി മുരളി സിനിമകള്‍ക്കായി പാടിയിട്ടുള്ളൂ എങ്കിലും, ആ പാട്ടുകള്‍ കഴിഞ്ഞ തലമുറയുടെ ഇഷ്ടഗാനങ്ങളും, ആളുകള്‍ നെഞ്ചേറ്റിയ ഗാനങ്ങളും ആയിരുന്നു ആളുകളുടെ ചുണ്ടുകളിലും, സൌഹൃദ സദസ്സുകളിലും, സാംസ്‌കാരിക പരിപാടികളിലും, ഗാനമേളകളിലും ഒക്കെ വി.ടി മുരളിയുടെ പാട്ടുകള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നുമായിരുന്നു എന്നതാണ് വസ്തുത. ആ പാട്ടുകളെല്ലാം ഇന്നും ആളുകള്‍ മൂളുന്ന പാട്ടുകള്‍ തന്നെയാണ്.

ഒരു ഗായകനെ കുറിച്ച് കേരളത്തിലെ പതിമൂന്നോളം പബ്ലിഷിങ് കമ്പനികള്‍ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് എങ്കില്‍ അത് വി.ടി മുരളി എന്ന അനുഗ്രഹീത ഗായകന് മാത്രം ലഭിച്ച അംഗീകാരമാണ്.

‘ഓത്തു പള്ളീലന്നു നമ്മള്
പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു
നില്‍ക്കയാണ് നീലമേഘം’

ശ്രീവിദ്യയും സുകുമാരനും അഭിനയിച്ച്, കെ പി കുമാരന്‍ സംവിധാനം ചെയ്ത #തേന്‍തുള്ളി എന്ന 1979 ല്‍ റിലീസ് ചെയ്ത സിനിമയില്‍, പി. അബ്ദുറഹ്മാന്‍ രചിച്ച് കെ. രാഘവന്‍ ഈണമിട്ട് വി.ടി. മുരളി പാടിയ ഈ ഗാനം നാല്പതാണ്ടുകളായി മലയാള ഗാനശാഖയുടെ നെഞ്ചോടു ചേര്‍ന്നിട്ട്. തേന്‍തുള്ളി എന്ന സിനിമയുടെ ഒരു പ്രിന്റ് പോലും ഇന്ന് ലഭ്യമല്ല എങ്കില്‍ പോലും ഈ പാട്ട് ഇന്നും ആയിരക്കണക്കിനാളുകളുടെ മനസില്‍ തേന്മഴ പൊഴിക്കുന്നുണ്ട്. നാല്പത് വര്‍ഷം മുമ്പെന്ന് പറയുമ്പോള്‍ കാസറ്റ് ടേപ്പുകളും ടേപ്പ് റെക്കോര്‍ഡറുകളും മലയാളികള്‍ കണ്ടു തുടങ്ങുന്ന കാലം. ഗള്‍ഫ് കുടിയേറ്റത്തിന്റെ തുടക്കകാലം. കടല്‍കടന്നെത്തുന്ന പാനസോണിക്കിന്റെ ടേപ്പ് റെക്കോര്‍ഡറുകള്‍ക്കായി ആളുകള്‍ കൊതിച്ച് കാത്തിരുന്ന കാലം. അന്ന് ടേപ്പ് റെക്കോര്‍ഡറുകള്‍ കൈവശമുള്ള ആളുടെ കയ്യില്‍ ‘ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം’ എന്ന പാട്ടിന്റെ കാസറ്റും ഉണ്ടായിരിക്കും. അത്രമേല്‍ മലയാളികളെ സിനിമാഗാനശാഖയോട് ചേര്‍ത്തുനിര്‍ത്തിയ ഗാനമാണ് ഇത്. ആ ഗാനം ഹൃദയത്തില്‍ തട്ടി പാടിയ അതുല്യ ഗായകനാണ് വി.ടി മുരളി എന്ന പ്രതിഭ.

മലയാള സിനിമയുടെ ചരിത്രത്തില്‍, ഒരു സിനിമാഗാനത്തെ ആസ്പദമാക്കി ഒരു പുസ്തകം ഇറങ്ങിയിട്ടുണ്ട് എങ്കില്‍ അത് #ഓത്തുപള്ളിയോര്‍മ്മയിലെ_തേന്‍തുള്ളി എന്ന ഒരേയൊരു പുസ്തകമാണ്. ഷംസുദ്ദീന്‍ കുട്ടോത്ത് എന്ന പത്ര പ്രവര്‍ത്തകന്‍ നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഹരിതാഭയോടെ നില്‍ക്കുന്ന ആ പാട്ടിനെക്കുറിച്ചുള്ള ആയിരക്കണക്കിനോര്‍മകളില്‍ നിന്നും 53 പാട്ടോര്‍മ്മകള്‍ സമാഹരിച്ചാണ് ഈ പുസ്തകത്തിന് രൂപം നല്‍കിയിരിക്കുന്നത്.

ഓരോ ഓര്‍മയും പാട്ടിന്റെ ഓരോ ലോകമാണ് ഓര്‍ത്തെടുക്കുന്നത്. സംഗീതം പകര്‍ന്ന രാഘവന്‍ മാഷ് മുതല്‍ പാടിയ വി. ടി. മുരളി വരെ. സംവിധായകന്‍ കെ. പി. കുമാരന്‍, നടന്‍ മാമുക്കോയ, എഴുത്തുകാരായ ശിഹാബുദീന്‍ പൊയ്തും കടവ്, അക്ബര്‍ കക്കട്ടില്‍, കല്പറ്റ നാരായണന്‍, യു .കെ .കുമാരന്‍, വി.ആര്‍ സുധീഷ്, കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗായകന്‍ ജി. വേണുഗോപാല്‍, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, മുന്‍ മന്ത്രിമാരായ എം. കെ, മുനീര്‍, ബിനോയ് വിശ്വം എന്നിവര്‍ തങ്ങളുടെ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ തേന്‍ തുള്ളിയുടെ നിര്‍മാതാവ് ഷാജഹാനും ഓര്‍മ്മകള്‍ പങ്കുവെക്കുന്നു. മാമുക്കോയയാണ് ഈ പുസ്തകത്തിനൊപ്പമുള്ള ഗാനത്തിന്റെ സി ഡി അവതരിപ്പിച്ചിരിക്കുന്നത്.

ഓത്തുപള്ളിയെന്ന പാട്ടിലൂടെ ഓര്‍മ്മകളുടെ തേന്‍തുള്ളികളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ സിനിമയില്‍ നായികാ നായകന്‍മാരുടെ ബാല്യകാലം ഗാനരംഗത്തില്‍ അഭിനയിച്ചത് അലി അക്ബറും, താഹിറയും ആണ്. അലി അക്ബറിനെ ഇന്നും എല്ലാവരും അറിയും, എന്നാല്‍ താഹിറയെ പലരും ഇന്നറിയണമെന്നില്ല. പള്ളിക്കര വി.സി മുഹമ്മദിന്റെ മകളയായ താഹിറ, ഹാഫിസ് മുഹമ്മദിന്റെ ഭാര്യയാണിന്ന്.

#മാതള_തേനുണ്ണാന്‍ എന്ന പാട്ടിനും സിനിമാ രംഗത്തെ ചതികളുടെ കഥകളെ അതിജീവിച്ച കഥകള്‍ പറയാനുണ്ട്.

വടകരക്കാരന്‍ കൂടിയായ കുറ്റിയില്‍ ബാലനെന്ന ‘ഉയരും ഞാന്‍ നാടാകെ’ എന്ന സിനിമയുടെ നിര്‍മ്മാതാവാണ് അന്ന് തിളങ്ങി നില്‍ക്കുന്ന ഗായകനായ വി.ടി മുരളിയെ മാതളതേനുണ്ണാന്‍ എന്ന പാട്ടുപാടാനായി വിളിക്കുന്നത്. തിരുവനന്തപുരത്തെ തരംഗിണി സ്റ്റുഡിയോയില്‍ വെച്ച് റെക്കോഡിസ്റ്റ് ബാലകൃഷ്ണന്‍ വി.ടി മുരളി പാടിയ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നു. റെക്കോര്‍ഡ് ചെയ്ത പാട്ട് കേട്ട വി.ടി മുരളി ഞെട്ടിപ്പോയി, ഗായകന്റെ സ്വരം പിന്നണി സംഗീതത്തിനും താഴെ അവ്യക്തമായി നില്‍ക്കുന്നു. എന്താണ് ഇങ്ങനെയെന്ന് റെക്കോഡിസ്റ്റിനോഡ് വി.ടി മുരളി ചോദിക്കുമ്പോള്‍ യേശുദാസിന് വേണ്ടിയുള്ള ട്രാക്കാണിതെന്ന് പറയുന്നു. തന്നെ പാട്ടുപാടാനാണ് വിളിച്ചതെന്നും, ട്രാക്ക് പാടാനായി എനിക്ക് തിരുവനന്തപുരം വരെ വരണ്ട ഗതികേടില്ല എന്നും വി.ടി മുരളി റെക്കോഡിസ്റ്റിനോട് പറയുകയും, ഈ വിവരം സിനിമയുടെ നിര്‍മ്മാതാവായ കുറ്റിയില്‍ ബാലനെ അറിയിക്കുകയും ചെയ്യുന്നു. നിര്‍മ്മാതാവ് സിനിമയുടെ സംവിധായകനെ വിളിക്കുന്നു, സംവിധായകന്‍ നിര്‍മ്മാതാവ് പോലും അറിയാതെ ഈ പാട്ട് യേശുദാസിനെ കൊണ്ട് പാടിക്കാം എന്ന് തീരുമാനിച്ചതറിഞ്ഞ നിര്‍മ്മാതാവ്, വി.ടി മുരളിയല്ല ഈ പാട്ട് പാടുന്നതെങ്കില്‍ ഈ സിനിമയില്‍ താങ്കള്‍ ഇതുവരെ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം വാങ്ങി ഈ സിനിമ നിര്‍ത്തിവെക്കാം എന്നും, എന്തു നഷ്ടം വന്നാലും അത് ഞാന്‍ സഹിച്ചോളം എന്നും പറയുന്നു. അതേതുടര്‍ന്ന് സംവിധാകന്‍ ഗത്യന്തരമില്ലാതെ വി.ടി മുരളി പാടിയ ഈ പാട്ട് തന്നെ സിനിമയില്‍ ഉപയോഗിക്കുന്നു, പാട്ട് തെറ്റുകള്‍ തിരുത്തി പാടാനോ, മെച്ചപ്പെടുത്താനോ ഗായകന് രണ്ടാമതൊരു അവസരം പോലും നല്‍കാതെ, ആദ്യം റെക്കോര്‍ഡ് ചെയ്ത ട്രാക്ക് നിലവാരത്തിലുളള പാട്ടില്‍ ഗായകന്റെ ശബ്ദം ബൂസ്റ്റ് ചെയ്താണ് ആ ഗാനം സിനിമയില്‍ ഉപയോഗിക്കുന്നത്. എന്നിട്ടും ആ ഗാനം മലയാള സിനിമാ സംഗീത ലോകത്തെ മായാമുദ്രയായി തുടരുന്നു. അതാണ് കലയുടെ, കലാകാരന്റെ മഹത്വം.

മോഹന്‍ലാലിന്റെ ആരാധകര്‍ വിക്കിപീഡിയ എഡിറ്റ് ചെയ്ത് പാട്ടു പാടിയ വി.ടി മുരളി എന്ന പേരിന് പകരം മോഹന്‍ലാല്‍ എന്നു ചേര്‍ത്താലോ, വി.ടി മുരളി എന്ന അതുല്യ പ്രതിഭയെ ആരാധകര്‍ കൂട്ടമായെത്തി തെറി വിളിച്ചാലോ ആ പാട്ടുപാടിയത് മോഹന്‍ലാലായി മാറില്ല. ആ പാട്ട് പാടിയത് വി.ടി മുരളി തന്നെയാണ്

വി.ടി മുരളി പറയുന്നതുപോലെ ”സിനിമ കലയാണ്, എന്നാല്‍ സിനിമാ ലോകത്തെ ഇന്‍ഡസ്ട്രിയായി കാണുന്നവര്‍ക്ക് സിനിമ വ്യവസായം മാത്രം, അവിടെ മുതലാളിയും തൊഴിലാളികളും മാത്രമേയുള്ളു, അവിടെ സര്‍ഗ്ഗശേഷിയും കലാഹൃദയങ്ങളും കലാകാരന്‍മാരും പിന്തള്ളപ്പെടും; കാരണം ഏതു വ്യവസായവും മുതലാളിമാരുടെ ലോകമാണ്”

മോഹന്‍ലാലിനെ ഞാനും കലാകാരനെന്ന നിലയിലാണ് കാണുന്നത്, അതോടൊപ്പം സിനിമയെ കലയായും. എല്ലാം തികഞ്ഞവരായി ആരുമില്ലാത്ത ഈ ലോകത്ത് മോഹന്‍ലാലെന്ന അതുല്യ പ്രതിഭയെ കംപ്ലീറ്റ് ആക്ടറെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന, അദ്ദേഹത്തിന്റെ സര്‍ഗ്ഗശേഷിയോട് ചെയ്യുന്ന അനീതിയാണ്. ആരും പൂര്‍ണ്ണരല്ലാത്ത ഈ ലോകത്ത്, മേഹന്‍ലാലിന് മാത്രം എങ്ങനെ പൂര്‍ണ്ണനാകാനാകും?

നബി – കംപ്ലീറ്റ് ആക്ടറില്‍ നിന്നും കംപ്ലീറ്റ് സിങ്ങറിലേക്ക് പണവും സ്വാധീനവും ഉപയോഗിച്ച് മുന്നേറാനാകില്ല, മോഹന്‍ലാലില്‍ ഗായകനില്ല, അദ്ദേഹത്തിന്റെ സര്‍ഗ്ഗശേഷി അഭിനയത്തിലാണ്, പാട്ടിലല്ല. സര്‍ഗ്ഗശേഷി എന്നത് കട്ടെടുത്ത് സ്വന്തമാക്കാനാകുന്ന ഒന്നല്ല..