വെള്ളപ്പൊക്കം ഉണ്ടായതിന്റെ കാരണങ്ങള്‍ അക്കമിട്ട് നിരത്തി ജോമോള്‍ ജോസഫ്

രാത്രിയില്‍ പച്ച കത്തിക്കിടക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പാഞ്ഞടുക്കുന്നവര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് എഴുതി വാര്‍ത്തകളില്‍ നിറഞ്ഞ മോഡലാണ് ജോമോള്‍ ജോസഫ്. താരത്തിന്റെ പുതിയ ഫേസ്ബു്കക് പോസ്റ്റും ഇപ്പോള്‍ വൈറലാവുകയാണ്. വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളെ കുറിച്ചാണ് ജോമോളുടെ പുതിയ പോസ്റ്റ്.

ജോമോളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Loading...

വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

1. പുഴകളും പുഴയുടെ സമീപപ്രദേശങ്ങളും

നമ്മുടെ പുഴകളിലെ മണല്‍വാരല്‍ നിരോധിച്ചിട്ട് കാലം കുറെയായി. ഈ കാലം കൊണ്ട് പുഴകള്‍ക്ക് വന്ന മാറ്റം വലുതാണ്. പ്രധാനമായും മണലും മണ്ണും വന്നടിഞ്ഞ് പുഴകളുടെ ആഴം കുറഞ്ഞുകുറഞ്ഞ് വരികയാണ്. അതായത് പുഴ മണ്ണുവന്നടിഞ്ഞ് നികന്ന് വരുന്നു. നമ്മുടെ പുഴകള്‍ ഉള്‍ക്കൊള്ളുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ പുഴകളിലേക്ക് ഒരുകിയെത്തുന്ന വെള്ളം കരകവിഞ്ഞ് കരയിലേക്ക് കയറിവരികയും പുഴയോട് ചേര്‍ന്ന കരകളും, പുഴയോട് ചേര്‍ന്ന താഴ്ന്ന പ്രദേശങ്ങളും വെള്ളം വന്ന് നിറയുകയോ, വെള്ളത്തില്‍ മുങ്ങുകയോ ചെയ്യുന്നു.

2. ഡാമുകള്‍

ഡാമുകളിലും ധാരാളമായി മണ്ണുവന്ന് അടിഞ്ഞിരിക്കുകയാണ്. ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയില്‍ താമസിക്കുന്നതുകൊണ്ടുതന്നെ നേരിട്ട് കാണുന്ന കാഴ്ചയാണിത്. കുറെയേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാമുകളില്‍ നിന്നും മണല്‍ വാരിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറെ വര്‍ഷങ്ങളായി ഡാമുകളിലെ മണല്‍ വാരിയിട്ടില്ല. വലിയതോതില്‍ മണ്ണും മണലും വന്നടിഞ്ഞതുകൊണ്ട് തന്നെ ഡാമുകളുടെ വെള്ളസംഭരണശേഷി കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് ഡാമുകള്‍ പെട്ടന്ന് നിറയുകും, നിറയുന്ന ഡാമുകള്‍ പെരുമഴയത്ത് തുറന്നുവിട്ട് സംഭരണശേഷിയിലും അധികമായി ഡാമിലേക്കെത്തുന്ന വെള്ളം ഒഴുക്കികളയേണ്ടതായും വരുന്നു.

3. കാലാവസ്ഥാ വ്യതിയാനം

ലോകവ്യാപകമായി കാലാവസ്ഥയില്‍ വ്യതിയാനം സംഭവിച്ചിരിക്കുന്നു, ഇതിന് കാരണം ആഗോളതാപനം തന്നെയാണ്. നമ്മുടെ വാഹനങ്ങളടക്കം അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാര്‍ബണ്‍മാലിന്യം ഒരു പാളിപോലെ ആക്ട് ചെയ്യുകയും, ആ പാളി അന്തരീക്ഷത്തിലെ ചൂടിനെ പുറത്ത് വിടാതെ അന്തരീക്ഷത്തില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും. നമ്മടെ മുറികളിലെ എയര്‍ഹോള്‍ അടച്ചുവെച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് ആലോചിച്ചുനോക്കൂ. (മുറിയില്‍ നിന്നും ചൂട് പുറത്തേക്ക് പോകാനായാണ് എയര്‍ഹോള്‍. ആ എയര്‍ഹോള്‍ മുറിയുടെ ഏറ്റവും പൊക്കം കൂടിയ ഇടത്തായിരിക്കും.) ഇങ്ങനെ ചൂടുവായു പുറത്ത് പോകാതിരിക്കുമ്പോള്‍ ആ വായു മുറിക്ക് മുകളില്‍ കെട്ടികിടക്കുന്നത് വഴി, ആ റൂമിലെ താപനിലയില്‍ വലിയ വര്‍ദ്ധനവ് സംഭവിക്കുന്നു. ചൂട് കാരണം നമുക്ക് ആ മുറിയില്‍ ഇരിക്കാനോ കിടക്കാനോ കഴിയാതെ നമ്മള്‍ ബുദ്ധിമുട്ടും. ഇതു തന്നെയാണ് കാര്‍ബണും നമ്മുടെ അന്തരീക്ഷത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കാര്‍ബണ്‍ ഡെപ്പോസിറ്റ് കൂടുന്നതിന്റെ ഫലമായി അന്തരീക്ഷത്തിന്റെ താപനില ഉയരുന്നതുവഴി സംഭവിക്കുന്നതാണ് ആഗോളതാപനം. (കാര്‍ബണ്‍ മാത്രമല്ല, മറ്റു കാരണങ്ങളും ഉണ്ട്, പക്ഷെ കാര്‍ബണാണ് ഏറ്റവും കൂടുതലായി ഓരോ നിമിഷവും ഡെപോസിറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്)

ആഗോളതാപനത്തിന്റെ ഫലമായി നമ്മുടെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. അന്തരീക്ഷ താപനിലയില്‍ വരുന്ന മാറ്റം മൂലം കടല്‍നിരപ്പുയരുക, മഴയുടെ അളവ് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാവുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക തുടങ്ങിയവ സംഭവിക്കുന്നു. നാല്പതും നാല്പത്തഞ്ചും ഡിഗ്രി ചൂടൊക്കെ ഇന്ന് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണം ആയിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി തന്നെ സൂര്യതാപമേറ്റുള്ള സൂര്യാഘാതങ്ങളും, ഭൂമി വരണ്ടുണങ്ങലും, കുടിവെള്ളം ലഭിക്കാത്ത അവസ്ഥയും ഒക്കെ നമുക്ക് സുപരിചിതമായി കഴിഞ്ഞിരിക്കുന്നു.

4. അതിതീവ്രമഴ

നമ്മുടെ നാട്ടില്‍ ജൂണ്‍ മാസം ആരംഭം മുതലോ, മെയ് മാസം അവസാന ആഴ്ചമുതലോ മലക്കാലം ആരംഭിക്കകയും ജൂണ്‍ ജൂലൈ മാസങ്ങളില്‍ അതിശക്തമായ മഴലഭിക്കുകയും ചെയ്തിരുന്നു. ഈ രണ്ടുമാസങ്ങളില്‍ മഴപെയ്യാത്ത ദിവസങ്ങള്‍ വിരളമായിരുന്നു. അതുപോലെതന്നെ ആഗസ്റ്റ് മാസത്തോടെ മഴകുറയുകയും, വെയില് വരികയും ചെയ്യുന്നതായിരുന്നു പതിവ്.

ഇടവപ്പാതി കഴിഞ്ഞാല്‍ പിന്നെ കുടയില്ലാതെ നടക്കാനാകില്ല, തോറാനക്കാറാന കാട്ടിലൂടെ ഒഴുകും, കര്‍ക്കടകം പഞ്ഞമാസം, ചിങ്ങത്തിലെ തെളിഞ്ഞ ആകാശം തുടങ്ങിയ വാമൊഴികള്‍ ഒന്ന് ഓര്‍ത്തുനോക്കുക, ഇതെല്ലാം കാലാവസ്ഥയുമായി ബന്ധപ്പെട്ട പഴമൊഴികളോ വാമൊഴികളോ ആണ്. ഇടവമാസം ജൂണിലാണ് വരുന്നത്. ഇടവമാസം പകുതിയോടെ എപ്പോഴും മഴ, എപ്പോ വേണേലും മഴ എന്നതായിരുന്നു നമ്മുടെ നാട്ടിലെ അവസ്ഥ. കര്‍ക്കടകമായാല്‍ മൂടിക്കെട്ടിയ ആകാശവും അതിശക്തമായ മഴയും മൂലം വീട്ടില്‍ നിന്ന് പുറത്തുപോകാനാകാത്ത അവസ്ഥ. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമാസം വന്നാല്‍ പിന്നെ തെളിഞ്ഞ ആകാശവും ഒക്കെയായി മലയാളികളുടെ ആഘോഷക്കാലം തുടങ്ങുകയായി. ചിങ്ങമാസത്തിലെ അത്തനാളില്‍ മുറ്റത്ത് പൂക്കളമൊരുക്കി അത്തം പത്തിന് തിരുവോണനാളില്‍ അവസാനിക്കുന്ന ആഘോഷം.

ഇന്ന് നമ്മുടെ കാലാവസ്ഥ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ഇടവമാസവും കര്‍ക്കിടകമാസത്തിലും സാധാരണ ലഭിക്കേണ്ടതിന്റെ പത്തുശതമാനം മഴ പോലൂം നമുക്ക് ലഭിക്കുന്നില്ല, എന്നാല്‍ കര്‍ക്കിടകം അവസാനിച്ച് ചിങ്ങം തുടങ്ങുന്ന സമയത്ത് ജൂണ്‍ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ നമുക്ക് ലഭിച്ചിരുന്ന മഴയുടെ എണ്‍പത് ശതമാനത്തോളം മഴ ഒരാഴ്ചകൊണ്ട് പെയ്തിറങ്ങുന്നു നമ്മുടെ നാട്ടിലേക്ക്. കുറഞ്ഞ സമയദൈര്‍ഘ്യത്തില്‍ അതിതീവ്ര മഴപെയ്യുന്നത് സ്വാഭാവീകമായും വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഒക്കെ ഉണ്ടാക്കുകയും ചെയ്യുന്നു.

5. ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമാണോ

അല്ല, ആഗോളതാപനവും അതുവഴിയുള്ള കാലാവസഥാ വ്യതിയാനവും കേരളത്തില്‍ മാത്രം സംഭവിക്കുന്നതല്ല, ലോകവ്യാപകമായി സംഭവിക്കുന്ന പ്രശ്‌നങ്ങളും മാറ്റളും തന്നെയാണിത്. ഇത് കേവലം പശ്ചിമഘട്ടം ഉണ്ടാക്കുന്ന വിഷയങ്ങളോ, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കി മറികടക്കാനാകുന്ന വിഷയങ്ങളാ അല്ല. കുറെയൊക്കെ പരിഹാരം കണ്ടെത്തി അതിതീവ്രമഴയുടെ ആഘാതങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കുറക്കാനായി നമുക്ക് ചില ഇടപെടലുകള്‍ നടത്താനാകും.

അതിതീവ്രമഴയുടെ ഭാഗമായി വരുന്ന കൂടിയ അളവിലുള്ള വെള്ളം ഒഴുകിപോകുന്നതിനായി ഡ്രെയിനേജ് സംവിധാനങ്ങള്‍ വിപുലപ്പെടുത്തുക, പുഴകളുടെ ഇല്ലാതായ ആഴം വീണ്ടെടുക്കുക, ഡാമുകളില്‍ വന്നടിഞ്ഞ മണ്ണ് നീക്കം ചെയ്ത്, ഡാമുകളിലെ വെള്ളത്തിന്റെ സംഭരണശേഷി കൂട്ടുക, ഭൂപ്രകൃതി ദുര്‍ബലമായ സ്ഥലങ്ങളില്‍ നിന്നും അതിതീവ്രമഴ ആംരംഭിക്കുമ്പോള്‍ തന്നെ ആളുകളെ മാറ്റി പാര്‍പ്പിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ നമ്മള്‍ സ്വീകരിക്കേണ്ടതുണ്ട്. കുറഞ്ഞ സമയം കൊണ്ട് കൂടുതലായി വരുന്ന മഴവെള്ളം കെട്ടിനില്‍ക്കാതെ ഒഴുക്കി കടലിലേക്ക് വിടാനുള്ള നടപടികളാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. ഡാമുകള്‍ തുറന്ന് വിടുമ്പോള്‍, പ്രധാന പുഴയില്‍ ജലനിരപ്പുയരുകയും, ഈ ഇയര്‍ന്ന ജലനിരപ്പ് പ്രധാനപുഴയിലേക്ക് വരുന്ന കൈവഴിപ്പുഴകളുടെ ഒഴുക്ക് തടയുകയും, കൈവഴിപുഴകളില്‍ ജലനിരപ്പുയരുകും അതുവഴി പുഴയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങുകയും ചെയ്യുന്നതും ഒക്കെ ഇനിയും തുടര്‍വര്‍ഷങ്ങളിലും സംഭവിക്കാം, അതിനാല്‍ തന്നെ ‘കാലാവസ്ഥാ വ്യതിയാനം’ എന്ന യാഥാര്‍ത്ഥ്യത്തെ അഡ്ഡ്രസ്സ ചെയ്യാനായി സമൂഹവും, സര്‍ക്കാരും, പരിസ്ഥിതിവാദികളും തയ്യാറായി വിശദമായ പഠനങ്ങളും ചര്‍ച്ചകളും നടത്തി നമുക്കൊരു മാസ്റ്റര്‍ പ്ലാന്‍ കണ്ടെത്തി നടപ്പിലാക്കേണ്ടതുണ്ട്. അല്ലാതെ വരട്ടുവാദവും പൊള്ളയായ രാഷ്ട്രീയവും പരഞ്ഞിരുന്നാല്‍, അടുത്ത വര്‍ഷവും ഇതൊക്കെ തന്നെ വീണ്ടും സംഭവിക്കും. കോടികളുടെ നഷ്ടവും, ആളുകളുടെ മരണവും ഇനിയും കൂടും എന്നല്ലാതെ പ്രോയോഗീക പരിഹാരം കാണാന്‍ നമുക്ക് കഴിയാതെ വരും.

നമ്മള്‍ വിചാരിച്ചാല്‍ കാലാവസ്ഥാ വ്യതിയാനം തടയാനാകില്ല, എന്നാല്‍ ദുരിതങ്ങളും ദുരന്തങ്ങളും സംഭവിക്കുന്നത് ഇല്ലാതാക്കാനും ദുരിതത്തിലും ദുരന്തങ്ങളിലും പെടുന്നവരുടെ, മരിക്കുന്നവരുടെ എണ്ണം കുറക്കാനും നമുക്കാകും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിനുള്ള പരിഹാരമല്ല, നമ്മുടെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഒരു ജീവിത രീതിയും, പ്രായോഗീകതയുടെ നടപ്പിലാക്കലുകളുമാണ് നമുക്ക് വേണ്ടത്. കാര്‍ബണ്‍ മാലിന്യ ബഹിര്‍ഗമന തോത് നെഗറ്റീവായ ബര്‍മ്മയില്‍ പോലും പ്രകൃതി ദുരിതങ്ങള്‍ സംഭവിക്കുന്നു എന്നത് നമ്മുടെ കണ്ണുതുറന്ന് കാണേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

നബി കാലാവസ്ഥാ വ്യതിയാനം എന്നത് ഒരു യഥാര്‍ത്ഥ്യമാണ്, എന്നിട്ടും അതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകളും നമ്മുടെ സമൂഹത്തില്‍ തുടങ്ങിയിട്ടില്ല എന്നതും, പരിസ്ഥിതി തീവ്രവാദികളുടെ നാവില്‍ നിന്നുപോലും ‘കാലാവസ്ഥാ വ്യതയാനം’ എന്ന വാക്ക് വരുന്നില്ല എന്നത് വലിയ സങ്കടകരമായ അവസ്ഥയാണ്.

നബി 2 കഴിഞ്ഞ വര്‍ഷം ഡാമുകള്‍ തുറന്നുവിട്ട് പ്രളയമുണ്ടാക്കി എന്ന ആരോപണവുമായി കളം നിറഞ്ഞ രാഷ്ട്രീയ നേതാക്കളാരും തന്നെ, ഡാമുകള്‍ തുറന്ന് വിടാന്‍ കാരണമായ അതിതീവ്രമഴയെ കുറിച്ചോ കാലാവസ്ഥയില്‍ വന്ന മാറ്റത്തെ കുറിച്ചോ പൊതുസമൂഹത്തോട് സംവദിക്കാന്‍ തയ്യാറാകാത്തത് അപകടകരമായ മൌനം തന്നെയാണ്. ഈ ഉത്തരവാദിത്തമില്ലായ്മയില്‍ നിന്നും ഉത്തരവാദിത്ത രാഷ്ട്രീയത്തിലേക്ക് നമ്മള്‍ കടക്കേണ്ടതുണ്ട്