‘വലിയപെരുന്നാളും വെള്ളിയാഴ്‌ചേം കൂടെ ഒരുമിച്ച് വന്നിട്ടും വാപ്പ പള്ളീല്‍ പോയിട്ടില്ല, വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി ജോമോള്‍ ജോസഫ്

സോഷ്യല്‍ മീഡിയയില്‍ രാത്രിയാകുമ്ബോള്‍ പച്ച കത്തി കിടക്കുന്നത് കണ്ട് പാഞ്ഞടുക്കുന്നവര്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പെഴുതി ചര്‍ച്ചയായ മോഡലാണ് ജോമോള്‍ ജോസഫ്. ഇതിന് ശേഷം പലവിധത്തിലുള്ള സൈബര്‍ ആക്രമണത്തിനാണ് ജോമോള്‍ ഇരയായത്. പലരും വേശ്യയെന്ന് ആക്ഷേപിക്കുകയും ബോഡി ഷേമിംഗ് നടത്തുകയും ചെയ്തു. ഇത് കൂടാതെ മറ്റ് പല തരത്തിലും സോഷ്യല്‍ മീഡിയകളില്‍ ജോമോള്‍ ജോസഫിന് ആക്രമണം നേരിടേണ്ടി വന്നു. എങ്കിലും തന്റെ അഭിപ്രായങ്ങള്‍ ധൈര്യപൂര്‍വം അവര്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ജോമോളിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റും വൈറലാവുകയാണ്.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞിരിക്കുകയാണ് ജോമോള്‍. ജോമോളിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

Loading...

എനിക്കെതിരായി ആര് എന്ത് പറഞ്ഞാലും ദോണ്ടെ, ദിങ്ങനെ ചിരിച്ചുകൊണ്ട് നേരിടും..

ചില വ്യക്തികള്‍ എന്റെ പോസ്റ്റുകളുട ലിങ്ക് കൊണ്ടുപോയി ചില ഗ്രൂപ്പുകളിലേക്ക് ഇട്ട്, എനിക്കെതിരായി കൂട്ട ആക്രമണം നടത്താനായി ആവശ്യപ്പെടുകയും, ഫേക് ഐഡികള്‍ കൂട്ടമായി എന്റെ വാളില്‍ വന്ന് തെറിയഭിഷേകം നടത്തുകയും ചെയ്യുന്നത് ഒരു പതിവായിട്ടുണ്ട്. പേരും മുഖവും അഡ്ഡ്രസ്സുമില്ലാത്ത ആ ഐഡികളില്‍ നിന്ന് എനിക്കെതിരായി വരുന്ന ചില ആക്ഷപങ്ങളാണ് വളരെ രസകരം..

പ്രധാന ആക്ഷേപം, ഞാന്‍ വേശ്യ ആണെന്നതാണ്.

അല്ലയോ മുഖമില്ലാത്തവരേ, ഞാന്‍ വേശ്യയാണോ അല്ലയോ എന്നോര്‍ത്ത് നിങ്ങള്‍ വേവലാതിപ്പെടുന്നതെന്തിനാണ്? ഞാന്‍ വേശ്യയാണ് എങ്കില്‍ തന്നെ അത് നിങ്ങളെ എങ്ങനെ ബാധിക്കുന്നു? ഞാനെന്ന ഒരു പെണ്ണ് വിചാരിച്ചാല്‍ മാത്രം ഞാന്‍ വേശ്യയാകുമോ? എന്നെ വേശ്യയാകാനായി സഹായിച്ച പുരുഷന്‍മാരൊക്കെ എവിടെ? അതൊ പുരുഷ സഹായം കൂടാതെ ഞാനും എന്റെ നടുവിരലും മാത്രം വിചാരിച്ചാല്‍ ഞാനൊരു വേശ്യായിത്തീരുമോ? എന്നുമുതലാണ് നിങ്ങള്‍ക്ക് വേശ്യകളോട് പുച്ഛം തോന്നി തുടങ്ങിയത്? അവളുടെ ശരീരത്തില്‍ മുഖമമര്‍ത്തി വിയര്‍ത്തുകുളിച്ച്‌ നിങ്ങളുടെ മദരസം അവളിലേക്കൊഴുക്കിയ നിമിഷം മുതലോ? അതോ അവളെ പ്രാപിക്കാനായി അവസരം കിട്ടാത്തതിലുള്ള കൊതിക്കെറുവു മൂലമോ? എന്റെ ജീവിതത്തില്‍ ഞാനേറെ ബഹുമാനിക്കുന്ന സ്ത്രീ, നിങ്ങളില്‍ പലരും പുച്ഛത്തോടെ കാണുന്ന വേശ്യാ സമൂഹത്തില്‍ പെട്ട നളിനി ജമീലയാണ്.സമയം കിട്ടിയാല്‍ അവരെഴുതിയ ‘ഞാന്‍ ലൈംഗീക തൊഴിലാളി’ എന്ന പുസ്തകവും ‘എന്റെ ആണുങ്ങള്‍’ എന്ന പുസ്തകവും വായിക്കണം. (അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് മനസ്സിനും ബുദ്ധിക്കും തെളിച്ചം കാണുമെന്നും, അതില്ലാത്തതാണ് നിങ്ങളുടെ പ്രശ്‌നമെന്നും എനിക്കറിയാം)

അടുത്ത ആക്ഷേപം ഞാന്‍ തുണികുറഞ്ഞതോ തുണിയില്ലാത്തതോ ആയ ചിത്രങ്ങളിടുന്നത് എന്റെ റേറ്റ് കൂട്ടാനാണ് എന്നതാണ്.

നിങ്ങള്‍ ആണുങ്ങളാണ് എങ്കില്‍ നിങ്ങളുടെ നിലവാരം നിങ്ങള്‍ തന്നെ ഇല്ലാതാക്കരുത്. ഒരു പെണ്ണിനെ തുണിയില്ലാതെ കണ്ടാല്‍, അവളുടെ ശരീരഭാഗങ്ങള്‍ കണ്ടാല്‍ ആണുങ്ങള്‍ മുഴുവനും അവളുടെ പുറകെ അവളാവശ്യപ്പെടുന്ന കാശും കൊടുത്ത് പോകും എന്നുള്ള നിങ്ങളുടെ വിലയിരുത്തല്‍ എത്ര ആക്ഷേപകരമാണ്. ഞാനറിയുന്ന ആണുങ്ങളൊന്നും അങ്ങനെയുള്ളവരല്ല, നിങ്ങളായി ആണുങ്ങളെ ആക്ഷേപിക്കരുത്. ആണിനായാലും പെണ്ണിനായാലും ട്രാന്‍സിനായാലും വ്യക്തിത്വവും, അഭിമാനവും ഉള്ളവരാണെന്ന ചിന്തയുള്ള സ്ത്രീയാണ് ഞാന്‍.

അടുത്ത ആക്ഷേപം ഞാന്‍ തെറി വിളിക്കുന്നു എന്നതാണ്.

അത് ആക്ഷേപമല്ല, സത്യമാണ്. എന്നെ ആക്രമിക്കാനായി തെറിയുമായി വരുന്നവരെ ‘അല്ലയോ മഹാനുഭാവാ, വീട്ടിലെ സ്വീകരണ മുറിയിലേക്ക് കയറിയിരിക്കൂ’ എന്ന് പറഞ്ഞ് വിളിച്ചിരുത്തി സല്‍ക്കരിക്കാന്‍ ഞാന്‍ മഹാത്മാഗാന്ധിയുടെ കൊച്ചുമോളല്ല. തെറിയും തെറിവിളിയും ആണിന്റെ മാത്രം കുത്തകയല്ല, നല്ല പെണ്‍തെറികളും അത്തരം ആണുങ്ങള്‍ കേട്ടുശീലിക്കേണ്ടതുണ്ട്. എന്നെ തെറിവിളിക്കുന്നവരെ അതേ നാണയത്തില്‍ നേരിടാനും, ആക്രമിക്കാന്‍ വരുന്നവരെ തിരിച്ചാക്രമിക്കാനും, കീഴ്‌പ്പെടുത്താനായി വരുന്നവരെ തല്ലിവീഴിക്കാനും ആരോഗ്യവും മാനസീകമായ കരുത്തും ഉള്ള ജോമോള്‍ ജോസഫ് എന്ന പെണ്ണാണ് ഞാന്‍. മാന്യമായി സംവദിക്കാനും, യോജിച്ചും വിയോജിച്ചും അഭിപ്രായം പറയുന്നവരെ പരസ്പര ബഹുമാനത്തോടെ വസ്തുതാപരമായി സംവദിക്കാനായി തയ്യാറുള്ള വ്യക്തി തന്നെയാണ് ഞാന്‍. എന്റെ വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ഞാനാര്‍ക്കും പണയപ്പെടുത്തിയിട്ടില്ല. ഞാന്‍ ആരുടേയും അടിമയുമല്ല. എന്നോട് ഇടപെടുന്നവര്‍ ടോസിടുന്ന അതേ നാണയം തന്നെയാണ് ഞാനും ഉപയോഗിക്കുക. പ്രതിപക്ഷ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും ഇടപെടുന്നവര്‍ക്ക് അത് കൂടിയ അളവില്‍ തിരിച്ചുലഭിക്കും.

അടുത്തതായി ചിലരുണ്ട്, സപ്പോര്‍ട്ട് ചെയ്തിരുന്ന ചിലര്‍ പിന്നീട് തെറി വിളിക്കുന്നത് കാണാം.

തെറി വിളിക്കുന്ന ഇത്തരക്കാരുടെ പ്രൊഫൈലില്‍ കയറി മെസേജ് എടുത്തു നോക്കുമ്ബോള്‍ മെസേജ് റിക്വസ്റ്റുകള്‍ നാളുകളായി വന്നുകിടക്കുന്നതും നിരന്തരം മെസേജുകള്‍ വന്നു കിടക്കുന്നതും കാണാം. ഇത്തരം നിരവധി പേരെ ഞാന്‍ തുറന്നു കാട്ടിയിട്ടുമുണ്ട്. നിങ്ങള്‍ അയച്ച മെസേജ് ഞാന്‍ കാണുക പോലും ചെയ്തിട്ടില്ല, കാരണം ഓണ്‍ലൈനില്‍ ഉള്ള സമയത്താ എന്റെ പോസ്റ്റുകളില്‍ വരുന്ന മിക്ക കമന്റുകളും വായിക്കുകയും അവക്ക് മറുപടി നല്‍കുകയും ചെയ്യുന്ന തിരക്കിലാകും ഞാന്‍. മെസഞ്ചറില്‍ നിരവധിപേരുടെ മെസേജുകള്‍ ദിവസവും വരുന്നതിനാല്‍ അതുപോലും ഓടിച്ചു നോക്കാനായി സമയം ലഭിക്കാറില്ല. നിങ്ങള്‍ക്ക് മറുപടി ലഭിക്കാത്തതിന് നിങ്ങള്‍ എന്നെ വെറുത്തിട്ടോ തെറി വിളിച്ചിട്ടോ യാതൊരു കാര്യവുമില്ല, കാരണം നിങ്ങളെപോലെ എനിക്കും ജീവിതത്തില്‍ ഒരു ദിവസം ലഭിക്കുന്നത് ഇരുപത്തിനാലു മണിക്കൂറുകള്‍ മാത്രമാണ്. ആ പരിമിതമായ സമയത്ത് എനിക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍ക്കും പരിമിതികളുണ്ട്. എന്റെ ഫേസ്ബുക് പ്രൊഫൈല്‍ മാനേജ് ചെയ്യാനായി ആരേയും ഏല്‍പിച്ചിട്ടില്ല, ഞാന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ഓരോ പോസ്റ്റിലും വരുന്ന കമന്റുകള്‍ക്ക് മുഴുവനും മറുപടി കൊടുക്കുക എന്നത് തന്നെ ശ്രമകരായമായ ധാരാളം സമയം ആവശ്യമായ ഉത്തരവാദിത്വമാണ്. കൂടാതെ ബിസിനസ് കാര്യങ്ങളും, വീട്ടിലെ ഉത്തരവാദിത്തങ്ങളും, മോന്റെ കാര്യങ്ങളും ഒക്കെയുണ്ട് ദൈനംദിന ജീവിതത്തില്‍.

അടുത്തതായി പലരും ബോഡി ഷേമിങ്ങും റേസിസവും ഒക്കെയായി വരാറുണ്ട്..

നിങ്ങള്‍ എന്തൊക്കെ കുറ്റങ്ങള്‍ എന്റെ ശരീരത്തിലോ, നിറത്തിലോ കണ്ടെത്തിയാലും ആക്ഷേപിച്ചാലും അതൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല, കാരണം ഞാനെന്താണ് എന്നും എങ്ങനെയാണ് എന്നും എന്റെ കഴിവുകള്‍ എന്താണ് എന്നും എന്റെ പരിമിതികള്‍ എന്തൊക്കെയെന്നും മറ്റാരേക്കാളും ഉത്തമ ബോധ്യമുള്ളവളാണ് ഞാന്‍. ഞാനെന്താണോ, ഞാനാരാണോ അതില്‍ അഭിമാനിക്കുന്ന വ്യക്തിതന്നെയാണ് ഞാനെന്ന സ്ത്രീ. നീയൊരു പെണ്ണല്ലേ എന്ന് ചോദിക്കുന്നവരോടും പറയാനുള്ളത് ‘ഒരു പെണ്ണായി ജനിച്ചതിലും ജീവിക്കുന്നതിലും അഭിമാനിക്കുന്ന വ്യക്തി തന്നെയാണ് ഞാന്‍’ എന്ന മറുപടിയാണ്.

നിന്റെ മകനിതെല്ലാം കണ്ടല്ലേ വളരുന്നതെന്ന ചിലരുടെ താക്കീതാണ് അടുത്തത്.

എന്റെ മകന്‍ ഞങ്ങളോടൊപ്പം തന്നെയാണ് ജീവിക്കുന്നത്. ഒരു രാത്രി പോലും അവനെ മാറ്റി നിര്‍ത്തുകയോ പിരിഞ്ഞ് നില്‍ക്കുകയോ ചെയ്തിട്ടില്ല അവനും ഞങ്ങളും. അവനുമായി പോകാനാകുന്നിടത്താണ് ഞങ്ങള്‍ പോകുന്നത്. അവനുമായി പോകാനാകില്ല എങ്കില്‍ ഞങ്ങള്‍ പോകാറില്ല. അതായത് അവന്റെ അമ്മയും അപ്പനും എന്താണെന്ന് ഒരോ നിമിഷവും കണ്ടു വളരുന്ന മകനാണ് ഞങ്ങളുടേത്. അവന് പറഞ്ഞുകൊടുക്കാനും കാണിച്ചു കൊടുക്കാനും കൈമാറാനുമുള്ളതും ഞങ്ങള്‍ക്ക് സമ്ബത്തല്ല, മറിച്ച്‌ വ്യക്തി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മാനിക്കാനാണ് അവനെ ഞങ്ങള്‍ പഠിപ്പിക്കുക, കൂടാതെ ഒരു മതത്തിലും ചേര്‍ക്കാതെ സ്വതന്ത്രമായി ചിന്തിക്കാനുള്ള ജീവിക്കാനുള്ള അവകാശമാണ് അവന് ഞങ്ങള്‍ കൈമാറാനുദ്ദേശിക്കുന്ന വലിയ സ്വത്ത്. വ്യക്തിസ്വാതന്ത്ര്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിവും സ്വതന്ത ചിന്തയിലും വളര്‍ന്നുവരുന്ന അവനെ മറച്ചുവെക്കേണ്ട ഒന്നും ഞങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിലും തുടര്‍ന്നുള്ള ജീവിതത്തിലും ഉണ്ടാകില്ല എന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ട്. ഈ ഉറപ്പ് ഞങ്ങള്‍ക്കുമുണ്ട് എന്ന് പറയാനാകുന്ന എത്ര അപ്പനമ്മമാര്‍ നമ്മുടെയിടയില്‍ ഉണ്ടാകും?

പെയ്ഡ് പോസ്റ്റുകളാണ് ഞാനെഴുതുന്നത് പലതും എന്ന ആക്ഷേപവും, എനിക്ക് വേണ്ടി മറ്റാരോ പോസ്റ്റ് എഴുതുകയാണ് എന്ന ആക്ഷേപവും പലതവണ വന്നു.

എനിക്ക് മറ്റൊരാളെ പോസ്റ്റ് എഴുതാനായി ചുമതലപ്പെടുത്താനുള്ള വരുമാനമില്ല. പിന്നെ എഴുതുന്നതിന് കാശ് തരാനാളുണ്ട് എങ്കില്‍ അവര്‍ക്ക് വേണ്ടി പ്രതിഫലം വാങ്ങി എഴുതാന്‍ എനിക്ക് മടിയില്ല, കാരണം ജോലി ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഏതൊരു ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്നും കരുതുന്നു. കണ്ടന്റ് റൈറ്റിങ് അത്ര മോശം കാര്യമെന്ന് ഞാന്‍ കരുതുന്നുമില്ല. അതുകൊണ്ട് തന്നെ വരുമാനം ലഭിക്കുന്ന ജോലി ചെയ്യാനായി എനിക്ക് യാതൊരു മടിയുമില്ല. പക്ഷെ ഒരാള്‍ പണം തന്നാല്‍, അവരുടെ നാവായി എന്റെ വാളില്‍ പോസ്റ്റിടാനും മാത്രം ഗതികേട് ജീവിതത്തിലില്ല താനും. എന്റെ വാളില്‍ വരുന്ന പോസ്റ്റുകള്‍ മുഴുവനും എന്റെ അറിവിലും ധാരണയിലും ബോധ്യത്തിലും ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമാണ്. എന്റെ നിലപാടുകളും അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അതില്‍ കാണാനാകും. വസ്തുതാപരമായി സമര്‍ത്ഥിച്ച്‌ എന്റെ അറിവോ ധാരണയോ ബോധ്യമോ തെറ്റാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയാല്‍ തിരുത്താനും ഞാന്‍ തയ്യാറാണ്.

അടുത്തതായി ചിലര്‍ എനിക്ക് തരുന്ന രാഷ്ട്രീയ പരിവേഷമാണ്.

ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആളല്ല. ഒരു സംഘടനയിലും ഒരു പാര്‍ട്ടിയിലും ഇന്നുവരെ അംഗമായിട്ടുമില്ല. എന്നെയോ ഞാനുള്‍പ്പെടുന്ന സമൂഹത്തെയോ ബാധിക്കുന്ന വിഷയങ്ങളില്‍ സ്വതന്ത്രമായി യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താനും അഭിപ്രായം പറയാനുള്ള എന്റെ അവകാശവും സ്വാതന്ത്ര്യവും ഞാന്‍ തുടര്‍ന്നും ഉപയോഗിക്കും. അതുകൊണ്ട് എനിക്ക് സപ്പോര്‍ട്ടേഴ്‌സ് ഉണ്ടാകുമെന്നതോ ഹേറ്റേഴ്‌സോ ശത്രുക്കളോ ഉണ്ടാകുമെന്നതോ എന്റെ പരിഗണനാ വിഷയമല്ല. ആള്‍ക്കൂട്ട ആക്രമണത്തെ ഞാന്‍ ഭയപ്പെടുന്നുമില്ല.

അടുത്ത ആക്ഷേപമാണ് കോമഡി, എന്റെ ജീവിത പങ്കാളിക്ക് നട്ടെല്ലിന് ബലമില്ല എന്നും ലിംഗത്തിന് ശക്തിക്കുറവാണ് എന്നുമൊക്കെയാണ് ഗവേഷകരുടെ കണ്ടു പിടുത്തം.

അല്ലയോ ഗവേഷകരേ, എന്റെ ജീവിതപങ്കാളിക്ക് നട്ടെല്ലിനോ ലിംഗത്തിനോ ബലമുണ്ടോ ഇല്ലയോ എന്നതോര്‍ത്ത് നിങ്ങളെന്തിന് തലപുകക്കണം? അഥവാ അദ്ദേഹത്തിന് ന്യൂനതകളുണ്ട് എങ്കില്‍ അത് ഞങ്ങള്‍ മൂന്നുപേരുടെ വിഷയം മാത്രമല്ലേ. അദ്ദേഹത്തിന്റെ നട്ടെല്ലും ലിംഗവും നിങ്ങളുടെ വിഷയമായി മാറുന്നതെങ്ങനെയാണ്? ആ നട്ടെല്ലും ലിംഗവും നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ആവശ്യമുണ്ട് എങ്കില്‍ മാത്രം നിങ്ങളതിനെ കുറിച്ച്‌ വേവലാതിപ്പെട്ടാല്‍ പോരേ? ഈ വിഷയത്തില്‍ ഞങ്ങള്‍ക്കില്ലാത്ത സങ്കടവും വേവലാതിയും നിങ്ങളില്‍ കാണുമ്ബോള്‍ ഈ ഫോട്ടോയില്‍ കാണുന്നതുപോലെ ചിരിക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയുന്നില്ല..

നബി വലിയപെരുന്നാളും വെള്ളിയാഴ്‌ചേം കൂടെ ഒരുമിച്ച്‌ വന്നിട്ടും വാപ്പ പള്ളീല്‍ പോയിട്ടില്ല, പിന്നെയാണ് തലച്ചോറിന് പകരം ലിംഗം കൊണ്ട് ചിന്തിക്കുന്നവുടെ പിത്തലാട്ടം.