വിനുവിനെ നട്ടെല്ലില്ലാത്തവനെന്നും പെണ്‍കോന്തനെന്നും മറ്റു പലവിശേഷണങ്ങളും നല്‍കുന്നത് കാണാം. അത്തരക്കാര്‍ ഒരു കാര്യം മനസ്സിലാക്കുക, വൈറലായി ജോമോളുടെ കുറിപ്പ്

രാത്രിയില്‍ പച്ച കത്തികിടക്കുന്ന കണ്ട് പാഞ്ഞടുക്കുന്നവരെ കുറിച്ച് തുറന്നെഴുതിയ മോഡലാണ് ജോമോള്‍ ജോസഫ്. പിന്നീട് വന്‍ സൈബര്‍ ആക്രമണമാണ് ജോമോള്‍ നേരിടേണ്ടി വന്നത്. ഇപ്പോള്‍ താരത്തിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പും വൈറലായിരിക്കുകയാണ്.

പലരും എന്റെ പോസ്റ്റുകളിലെ കമന്റുകളില്‍ വന്ന് വിനുവിനെ നട്ടെല്ലില്ലാത്തവനെന്നും പെണ്‍കോന്തനെന്നും മറ്റു പലവിശേഷണങ്ങളും നല്‍കുന്നത് കാണാം. അത്തരക്കാര്‍ ഒരു കാര്യം മനസ്സിലാക്കുക, യാതൊരു മറയും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഞങ്ങള്‍. ആരേയും ബോധ്യപ്പെടുത്താനായി ജീവിക്കുന്നവരല്ല ഞങ്ങള്‍. പരസ്പരം മറച്ചു വെക്കേണ്ടതായോ പൊതുസമൂഹത്തോട് മറച്ചുവെക്കേണ്ടതായോ, യാതോന്നും ഞങ്ങളുടെ ജീവിതത്തിലില്ല. അത്രയും നല്ല സുഹൃത്തുക്കള്‍ തന്നെയാണ് ഞങ്ങള്‍ മൂന്നുപേരും.-ജോമോള്‍ കുറിച്ചു.

Loading...

ഫാമിലിയെ കുറിച്ച് ചോദിക്കുന്നവര്‍ക്ക് വേണ്ടി..

ഇതാണ് മൂന്നുപേര് കൂടിയ ഞങ്ങള്‍. എന്റെ ജീവിത പങ്കാളി വിനു എന്ന Vino Bastian , പിന്നെ ഞങ്ങളുടെ മകന്‍ ആദി. പലപ്പോഴും ഞങ്ങള്‍ ഞങ്ങള്‍ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പല പോസ്റ്റുകളിലും പറയുന്ന ‘ഞങ്ങള്‍’ എന്നത് ഈ ഫോട്ടോയില്‍ കാണുന്ന ഈ മൂന്നുപേര് കൂടിയതാണ്. ആറു വര്‍ഷം കഴിഞ്ഞു എന്നില്‍ നിന്നും വിനുവും കൂടി ഉള്‍പ്പെട്ട ഞങ്ങളിലേക്ക് ജീവിതം മാറിയിട്ട്, ഞങ്ങള്‍ രണ്ടുപേരില്‍ നിന്നും ആദിയും കൂടെ വന്ന് ഞങ്ങള്‍ എന്നത് മൂന്നുപേരായിട്ട് മൂന്നു വര്‍ഷവും കഴിഞ്ഞു.

വിനുവിന്റെ കൂടെ ജീവിതം ആരംഭിച്ചപ്പോള്‍, വിനു പറയുന്നതാണ് എന്റെ രീതികളും എന്റെ ലോകവും, വിനുവിന് ചുറ്റും മാത്രം നിന്ന് ചിന്തിക്കുക വിനുവിനായി ജീവിക്കുക എന്നതായിരുന്നു എന്റെ രീതിയും എന്ന് ചിന്തിച്ചിരുന്ന വ്യക്തിയായിരുന്നു ഞാന്‍. അതില്‍ നിന്നും മാറി ചിന്തകളെ സ്വതത്രമാക്കിയതും, നമ്മള്‍ ഓരാള്‍ക്കുവേണ്ടിയുമല്ല, ഓരോരുത്തരും ജീവിക്കേണ്ടത് അവരവര്‍ക്ക് വേണ്ടിയാണെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ച് സ്വതന്ത്രമായ ചിന്തകളിലേക്ക് എന്നെ തിരിച്ച് വിട്ടത് വിനു തന്നെയാണ് എന്ന് നിസ്സംശയം പറയാനാകും. വിനുവും ഞാനും നല്ല സുഹൃത്തുക്കള്‍ എന്ന നിലയില്‍ നിന്നും ഒരുമിച്ച് ജീവിതം ആരംഭിക്കുമ്പോള്‍ തന്നെ വിനുവിന് മതവിശ്വാസം നഷ്ടപ്പെട്ടിരുന്നു. നല്ല വിശ്വാസിയായിരുന്ന വിനു മതങ്ങളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ് സ്വയം തന്നെയാണ് മതവിശ്വാസം ഉപേക്ഷിച്ചത്. മതവിശ്വായിയും ദൈവവിശ്വാസിയുമായിരുന്ന എന്നെ പള്ളിയില്‍ കൊണ്ടുപോകാനൊന്നും യാതൊരു മടിയും വിനുവിനില്ലായിരുന്നു. എന്നാല്‍ എന്നിലെ വിശ്വാസം ഇല്ലാതാക്കാനായി വിനു യാതൊരു രീതിയിലും നിര്‍ബന്ധിക്കലുകള്‍ നടത്തിയിട്ടുമില്ല. ആ അവസ്ഥയില്‍ സ്വതന്ത്രമായി ചിന്തിച്ച് കാര്യകാരണങ്ങള്‍ സ്വയം ബോധ്യപ്പെട്ടാണ് ഞാനും മതത്തില്‍ നിന്നും അകന്നു തുടങ്ങിയത്.

വോട്ട് ചെയ്ത കാലം മുഴുവനും കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. വോട്ട് ചെയ്യുക എന്നതിനുമപ്പുറം കോണ്‍ഗ്രസ്സുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു എന്നതാണ് സത്യം. വിനു ശക്തമായ സിപിഐഎം നിലപാടുകളില്‍ അടിയുറച്ച് നില്‍ക്കുന്ന ആളും, നാട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയും. പലപ്പോഴും രാഷ്ട്രീയം സംസാരിച്ച് ഞങ്ങള്‍ തമ്മില്‍ ഒടക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് പക്ഷങ്ങളേക്കാള്‍ (ഇടതും വലതും), നിലപാടുകളുടെ ശരിതെറ്റുകള്‍ തന്നെയായിരുന്നു ഞങ്ങളുടെ രാഷ്ട്രീയ സംസാരങ്ങളിലെ തര്‍ക്കവിഷയങ്ങള്‍. ഇന്നുവരെ സിപിഐഎം അനുകൂല നിലപാടുകളള്‍ എടുക്കാനായി വിനു എന്നെ നിര്‍ബന്ധിച്ചിട്ടില്ല, പക്ഷെ എന്തുകൊണ്ടോ സിപിഐഎം സ്വീകരിക്കുന്ന കാഴ്ചപ്പാടുകളോട് എനിക്ക് ഒരു താല്‍പര്യമുണ്ട്. കോണ്‍ഗ്രസ്സടക്കം മറ്റുപാര്‍ട്ടികള്‍ക്ക് ഇല്ലാത്തതും ഇത്തരം കൃത്യമായ നിലപാടുകളാണ് എന്നതാണ് എന്റെ ചിന്ത.

ഇങ്ങനെ ജീവിതവുമായി ബന്ധപ്പെട്ട ഏത് മേഖലയിലായാലും സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പര്‌സപരം തര്‍ക്കിക്കാനും നിലപാടുകളില്‍ ശുദ്ധത വരുത്തുന്നതിനും കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കുന്നതിനും ഞങ്ങള്‍ക്ക് കഴിയുന്നു. ഞങ്ങള്‍ മന്നുപേരും മൂന്ന് സ്വതന്ത്ര വ്യക്തികളാണ് എന്ന ചിന്ത തന്നെയാണ് എന്നെ ഞാനാക്കി മാറ്റിയത്.

ആദിയെ പോലും വഴക്ക് പറയാനോ, ആദിയോട് നോ എന്ന് പറയാനോ ഞങ്ങള്‍ തയ്യാറല്ല. ആദി ചെയ്യാനായി പോകുന്ന ചെറിയ ചെറിയ കാര്യങ്ങളുടെ പോലും ഗുണവും ദോഷവും അവനെ മനസ്സിലാക്കുക, അതിന് ശേഷം അവന്‍ സ്വയം ചിന്തിക്കുകയും, തീരുമാനിക്കുകയും ചെയ്യട്ടെ എന്നതാണ് ഞങ്ങളുടെ നിലപാട്. ഒരു കാര്യത്തിനായും അവനെ നിര്‍ബന്ധിക്കാറില്ല ഞങ്ങള്‍ രണ്ടാളും.

ഇപ്പോള്‍ പലരും കരുതും മൂന്നുവയസ്സുള്ള കൊച്ച് സ്വയം എന്ത് തീരുമാനമെടുക്കാനാണ് എന്ന് നമ്മള്‍ അവരിലേക്ക് ഒന്ന് ഇറങ്ങിചെന്നാല്‍ നമുക്ക് മനസ്സിലാകും അവര്‍ക്ക് തീരുമാനമെടുക്കാനായി കഴിയുന്ന പലതും മൂന്നുവയസ്സുകാരുടെ ജിവിതത്തിലും ഉണ്ട് എന്ന്. ഉദാഹരണത്തിന് അടുത്ത് വാങ്ങണ്ട കളിപ്പാട്ടം ഏതാണെന്ന ചിന്തയെങ്കിലും അവര്‍ക്ക് വിട്ടുകൊടുക്കുക, അവര്‍ ആലോചിച്ച് ചിന്തിച്ച് തീരുമാനിച്ച് കൃത്യമായി നമ്മളോട് പറയും, ഇന്ന കളിപ്പാട്ടം വേണമെന്ന്. കളിപ്പാട്ടങ്ങളില്‍ പോലും നമ്മുടെ ഇഷ്ടങ്ങള്‍ നമ്മള്‍ അവരിലേക്ക് പലപ്പോഴും അടിച്ചേല്‍പ്പിക്കാറുണ്ട് എന്ന് ചിന്തിച്ചു നോക്കിയാല്‍ നമുക്ക് മനസ്സിലാക്കാനാകും.

സ്വയം ചിന്തിക്കുക, സ്വതന്ത്രമായി ചിന്തിക്കുക എന്നതാണ് പ്രധാനം, പലര്‍ക്കും കഴിയാത്തതും അതുതന്നെയാണ്..

പലരും എന്റെ പോസ്റ്റുകളിലെ കമന്റുകളില്‍ വന്ന് വിനുവിനെ നട്ടെല്ലില്ലാത്തവനെന്നും പെണ്‍കോന്തനെന്നും മറ്റു പലവിശേഷണങ്ങളും നല്‍കുന്നത് കാണാം. അത്തരക്കാര്‍ ഒരു കാര്യം മനസ്സിലാക്കുക, യാതൊരു മറയും ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഞങ്ങള്‍. ആരേയും ബോധ്യപ്പെടുത്താനായി ജീവിക്കുന്നവരല്ല ഞങ്ങള്‍. പരസ്പരം മറച്ചു വെക്കേണ്ടതായോ പൊതുസമൂഹത്തോട് മറച്ചുവെക്കേണ്ടതായോ, യാതോന്നും ഞങ്ങളുടെ ജീവിതത്തിലില്ല. അത്രയും നല്ല സുഹൃത്തുക്കള്‍ തന്നെയാണ് ഞങ്ങള്‍ മൂന്നുപേരും.

ആദിയെ വടി കാണിച്ച് പേടിപ്പിച്ചോ, വഴക്ക് പറഞ്ഞോ തല്ലിയോ ഒന്നും ഇന്നുവരെ വളര്‍ത്തേണ്ടി വന്നിട്ടില്ല. അവനുമായി സംസാരിക്കുക കാര്യങ്ങള്‍ അവന് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഞങ്ങളുടെ രീതി. അത് ഞാനും വിനുവും തമ്മിലും അങ്ങനെ തന്നെയാണ്. വീട്ടുജോലികളും ഞങ്ങള്‍ മൂന്നുപേരും കൂടിയാണ് ചെയ്യുന്നത്. എനിക്ക് വയ്യാത്തപ്പോള്‍ വീട്ടുജോലികളും തുണികഴുകലും ഒക്കെ സ്വയം ഏറ്റെടുത്ത് ചെയ്യുന്നതിനും യാതൊരു മടിയും വിനുവിനില്ല. (നാളെ മുതല്‍ പെണ്ണുങ്ങളുടെ അടിപ്പാവാടയോ അടിസ്ത്രമോ അലക്കുന്നവന്‍ എന്നു കൂടി വേണമെങ്കില്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ വിളിക്കാം.)

ഇതിലൊക്കെ ആദിയേയും ഞങ്ങള്‍ കൂടെ കൂട്ടാറുണ്ട്. അവനും ഇന്ന് വീട്ടുജോലികള്‍ പഠിക്കുകയാണ്. ചായ കുടിച്ച ഗ്ലാസ്സുകളും, ഭക്ഷണം കഴിച്ച പാത്രങ്ങളും അടുക്കളയിലേക്കെത്തിക്കല്‍ അവന്‍ സ്വയം ഉത്തരവാദിത്തമായി ചെയ്യുന്നു. വീട് ക്ലീന്‍ ചെയ്യുമ്പോള്‍ ടോയ്‌സ് പെറുക്കി വെക്കലുകളില്‍ തുടങ്ങി കുഷ്യനുകളും പില്ലോകളും വെയിലത്ത് വെക്കലുകളും, മുറ്റത്തെ പുല്ല് പറിക്കുമ്പോള്‍ കൊണ്ടുപോയി കളയലും, കിടക്കുന്നതിന് മുമ്പ് ബെഡ്ഡ് ഒരുക്കലും ഒക്കെ അവന്റെ കൂടി ഉത്തരവാദിത്തമായി അവന്‍ കാണുന്നു. നാട്ടില്‍ പോകുമ്പോള്‍ തോട്ടത്തിലെ തേങ്ങ പെറുക്കാനായി ഞങ്ങള്‍ ഇറങ്ങിയാല്‍ അവനും ഞങ്ങളുടെ കൂടെ കാണും. മാത്രമല്ല കഷ്ടപെട്ട് തേങ്ങയും പൊക്കിയെടുത്ത് ചാക്കിലേക്കിടാനായി വരും. സ്‌കൂട്ടര്‍ കഴുകാനും കാറ് കഴുകാനും ഒക്കെ ആദി ഞങ്ങളുടെ കൂടെ ആക്ടീവായി ഉണ്ടാകും. സ്‌കൂട്ടറോ കാറോ വര്‍ക്ഷോപ്പില്‍ കൊണ്ടുപോയി പണികള്‍ ചെയ്യിക്കുമ്പോഴും, മാര്‍ക്കറ്റില്‍ പോകുമ്പോഴും ഒക്കെ ആദിയെ കൂടെ കൊണ്ടുപോകും. അങ്ങനെ അവനിപ്പഴേ ജീവിതം പഠിച്ചുതുടങ്ങുന്നു.

ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പലര്‍ക്കും നെറ്റി ചുളിയും, കാരണം ഭാര്യയുടെ ഉടമയായ ഭര്‍ത്താവിനെ കണ്ട് ശീലിച്ചവര്‍ക്ക് നെറ്റി ചുളിയാതെ വേറെ വഴിയില്ലല്ലോ. അത്തരക്കാരോട് ഒന്നേ പറയാനുള്ളൂ, ആ മസിലു പിടുത്തം അങ്ങ് വിടുക, എന്നിട്ട് ആദ്യം ഒന്ന് റിലാക്‌സ് ചെയ്യുക. അതിന് ശേഷം കുറച്ച് മാറിനിന്ന് സ്വന്തം വീടുകളിലേക്ക് ഒന്ന് നോക്കുക, ആരോ കീ കൊടുത്തതുപോലെ പ്രവര്‍ത്തിക്കുന്ന കുറച്ച് യന്ത്രങ്ങളെ നിങ്ങള്‍ക്ക് കാണാനാകുന്നുണ്ട് ആ വീട്ടിലെങ്കില്‍, നിങ്ങളുടെ കയ്യിലുള്ള ആ താക്കോല്‍ വലിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ യന്ത്രങ്ങള്‍ മനുഷ്യരായി മാറട്ടെ, അവരും ചിന്തിച്ച് തുടങ്ങട്ടെ, അവരുടെ ചിന്തകള്‍ നിങ്ങളുമായി പങ്കുവെക്കട്ടെ, തീരുമാനങ്ങള്‍ കൂട്ടായ ആലോചനകളില്‍ നിന്നും ഉയര്‍ന്നു വരട്ടെ. മക്കള്‍ക്ക് അവരുടെ അപ്പനോട് പേടിയില്ലാതെ സംവദിക്കാന്‍ കഴിയട്ടെ. കുടുംബാംഗങ്ങള്‍ തമ്മിലുള്ള അകലം ഇല്ലാതാകട്ടെ..

സ്വന്തം മുഖവും പേരും പടവും ഐഡന്റിറ്റിയും പോലും ഇല്ലാതെ, തെറിവിളിക്കാനും ആക്ഷേപിക്കാനും വരുന്നവര്‍ ഒന്നോര്‍ക്കുക, ഞാനും ഞങ്ങളും വ്യക്തമായ ഐഡന്റിറ്റിയും വ്യക്തിത്വവും ഉള്ളവരാണ്. ഞങ്ങളോട് എതിരിടാന്‍ വരുന്നവര്‍ക്കും വ്യക്തിത്വവും ഐഡന്റിറ്റിയും മുഖവും ഉള്ളവരാകണം. അല്ലാത്തവര്‍ക്ക് ഒരു കൃമിയുടെ വിലപോലും ഞാനും ഞങ്ങളും തരില്ല.

നബി 1 – ഒരോ പുരുഷന് പിന്നിലും ഒരു സ്ത്രീയുണ്ട് എന്ന ചൊല്ലിന് പകരം, ഞാന്‍ ഞാനായതിന് കാരണം നട്ടെല്ലില്ലാത്ത പെണ്‍കോന്തന്‍ എന്ന് നിങ്ങളില്‍ ചിലര്‍ വിശേഷിപ്പിക്കുന്ന ഇദ്ദേഹം തന്നെയാണ്.

നബി 2- ഇന്ത്യാ ഗേറ്റിന് മതിലുകളില്ലാത്തതെന്താണ് എന്നു പരിശോധിക്കാനായി പോയപ്പോള്‍ എടുത്ത ഫോട്ടോ