ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി, ചിഹ്നം ജോസഫ് വിഭാഗത്തിന്റേത്

ജോസ് കെ മാണി വിഭാഗത്തിന് വീണ്ടും തിരിച്ചടി. പഞ്ചായത്തുകളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും ചിഹ്നം ഉപയോഗിക്കാനാകില്ല. ചിഹ്നം നല്‍കാനുള്ള അധികാരം പി ജെ ജോസഫിന് തന്നെയാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ചിഹ്നം വേണമെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ ആവശ്യം കമ്മീഷന്‍ തള്ളി.

അകലകുന്നം പഞ്ചായത്തിലെ ആറു വാര്‍ഡിലേക്കാണ് ഉപ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം നല്‍കാന്‍ ജോസ് കെ മാണി ജില്ല പ്രസിഡന്റ് നീക്കം നടത്തി. ഇതിനെ എതിര്‍ത്ത് പി.ജെ ജോസഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ ജോസഫിനാണ് ചിഹ്നം നല്കാനുള്ള അധികാരമുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഇതോടെ പി.ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥി അകലകുന്നത്ത് രണ്ടില ചിഹ്നത്തില്‍ മത്സരിക്കും.

Loading...

കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ബളാല്‍ പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിച്ചില്ല. അതേസമയം പാലായില്‍ ഇന്ന് ജോസഫ് വിഭാഗം ശക്തി തെളിയിക്കാന്‍ കണ്‍വന്‍ഷന്‍ വിളിച്ച് കൂട്ടി. ഇതിന് മറുപടിയായി ജോസ് കെ മാണി വിഭാഗം കടുത്തുരുത്തിയില്‍ ശക്തി പ്രകടനവും നടത്തി.

അതേസമയം പി.ജെ ജോസഫിനൊപ്പം ഭാഗ്യാന്വേഷികളുടെ കൂട്ടം മാത്രമാണുള്ളതെന്ന് ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ്സ് (എം) പാലാ നിയോജകമണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളാ കോണ്‍ഗ്രസ്സ് (എം) ലെ അണികളില്‍ ബഹുഭൂരിപക്ഷവും പാര്‍ട്ടിയില്‍ ഉറച്ചു നില്‍ക്കുകയാണ്. ഭാഗ്യം തേടി മറുകണ്ടം ചാടിയവര്‍ക്ക് യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ്സിന്റെ ശക്തി താമസിയാതെ തിരിച്ചറിയേണ്ടിവരുമെന്നും ജോസ്. കെ. മാണി മുന്നറിയിപ്പ് നല്‍കി.

മാത്രമല്ല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പി.ജെ. ജോസഫ് എംഎല്‍എ സമര്‍പ്പിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റില്‍ പകുതിയിലേറെ വ്യാജന്മാരാണെന്നു ജോസ് കെ.മാണി എംപി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോലും വ്യാജരേഖ ചമച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് പി.ജെ. ജോസഫ് നടത്തുന്നത്. തൊടുപുഴ, കട്ടപ്പന, ഇടുക്കി കോടതികളില്‍ സംസ്ഥാന റിട്ടേണിങ് ഓഫിസര്‍ ഒപ്പിട്ട് സമര്‍പ്പിച്ച 450 പേരുടെ ലിസ്റ്റിനു വിരുദ്ധമായ ലിസ്റ്റാണ് ജോസഫ് കമ്മിഷനു നല്‍കിയത്. ലിസ്റ്റിലുള്ള പലരും പാര്‍ട്ടിയില്‍ പ്രാഥമിക അംഗത്വം പോലും ഇല്ലാത്തവരാണ്.

പി.സി തോമസും പി.ജെ ജോസഫും വേര്‍പിരിഞ്ഞപ്പോള്‍ പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ച ലിസ്റ്റും രേഖകളും വ്യാജമാണെന്ന് കമ്മിഷന്‍ തന്നെ കണ്ടെത്തിയിരുന്നു. അതിനാലാണ് പി.സി. തോമസ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന അംഗീകാരം ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ കൊട്ടാരക്കര പൊന്നച്ചനും സഹായദാസ് നാടാരുമാണ് സംസ്ഥാന കമ്മിറ്റിയിലുള്ളത്. പി.ജെ. ജോസഫിന്റെ ലിസ്റ്റില്‍ 14 പേര്‍ അധികമുണ്ട്. എല്ലാ ജില്ലകളിലും ഇതു തന്നെയാണ് സ്ഥിതിയെന്നു ജോസ് കെ. മാണി പറഞ്ഞു.