ഇടതു സാധ്യത തള്ളാതെ ജോസ് വിഭാഗം,ഇടതിലേക്ക് പോകുന്നതില്‍ പാര്‍ട്ടിക്കകത്ത് ഭിന്നതയില്ലെന്നും നേതാക്കള്‍

കോട്ടയം: ഇടതു സാധ്യത തള്ളാതെ ജോസ് വിഭാഗം. ഇടതുമുന്നണിയിലേക്ക് പോകുന്നതില്‍ ജോസ് വിഭാഗത്തില്‍ ഭിന്നതയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജോസ് വിഭാഗം നേതാക്കള്‍ പ്രതികരിച്ചു. തങ്ങള്‍ ഒന്നാണെന്നും പാര്‍ട്ടി എന്തു തീരുമാനമെടുത്താലും ഒറ്റക്കെട്ടായി അംഗീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ് വീണ്ടും രംഗത്തെത്തി.യുഡിഎഫുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച ജോസ് കെ മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ ഇരിക്കെയാണ് പാര്‍ട്ടിയില്‍ ഭിന്നത എന്ന വാര്‍ത്ത പുറത്തുവന്നത്.

എന്നാല്‍ അത്തരത്തിലൊരു വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കാണിച്ച് ആരോപണവിധേയരായ ജോസ് വിഭാഗത്തിലെ നേതാക്കള്‍ തന്നെ രംഗത്തെത്തി. തങ്ങള്‍ ഒന്നാണെന്നും ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്നും തോമസ് ചാഴികാടന്‍ എം പി പറഞ്ഞു.ഇടത് പക്ഷം അടക്കം ആരോടും അയിത്തമില്ലെന്ന് റോഷി അഗസ്റ്റിനും ഇടുക്കിയില്‍ പ്രതികരിച്ചു. ജോസ് കെ മാണിയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്നും ഒപ്പം ഓന്തിനെപ്പോലെ നിറം’ മാറുന്നവനല്ല താനെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

Loading...

അതേസമയം ജോസ് കെ മാണിക്കെതിരെ പി ജെ ജോസഫ് വീണ്ടും രംഗത്തെത്തി. രാഷ്ട്രീയത്തിലെ കളകള്‍ പറിച്ച് നീക്കുന്ന കാലമാണിതെന്നും തിന്മയുടെ മേല്‍ നന്മ നേടിയ വിജയമെന്നും ജോസഫ് പറഞ്ഞു.തിരുവല്ല നഗരസഭയിലെ 9ല്‍ ഏഴ് കൗണ്‍സിലര്‍മാര്‍ തങ്ങളുടെ പക്ഷത്തേക്ക് മാറിയെന്നും കൂടുതല്‍ പേര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നുമാണ് ജോസഫിന്റെ അവകാശവാദം