ആര്‍ക്കും എന്തു വേണമെങ്കിലും പറയാം , ധാരണ അങ്ങോട്ടും ഇങ്ങോട്ടും വേണം ; തുറന്നടിച്ച് ജോസ് കെ മാണി

പാലാ : കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും കേരള കോണ്‍ഗ്രസ് എമ്മും കൈകോര്‍ത്തതു പാര്‍ട്ടിയെ അപമാനിച്ചതിനുള്ള മറുപടിയാണെന്ന് ജോസ് കെ. മാണി എംപി. പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള നടപടിയാണു ഉണ്ടായതെന്നാണു വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത് ജില്ലാ പഞ്ചായത്ത് അംഗങ്ങളാണെന്നും ജോസ് കെ. മാണി പ്രതികരിച്ചു.

പ്രാദേശിക വിഷയങ്ങളില്‍ പ്രാദേശിക തീരുമാനങ്ങള്‍ ഉണ്ടാകും. കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും സിപിഐഎമ്മും എല്ലാം ഇത്തരത്തില്‍ നീക്കുപോക്കുകള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ബംഗാളില്‍ സിപിഐഎമ്മുമായി സഹകരിച്ചില്ലേയെന്നും ജോസ് കെ. മാണി ചോദിച്ചു.

കേരള കോണ്‍ഗ്രസിനെ തുടര്‍ച്ചയായി അപമാനിക്കുകയും അയിത്തം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനായിരിക്കാം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണു കരുതുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കാനായിരുന്നു തീരുമാനം. പക്ഷേ, തിരഞ്ഞെടുപ്പിനു മുന്‍പു ഡിസിസി യോഗം വിളിച്ചു കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും കെ.എം. മാണിക്കെതിരെയും പ്രസംഗിച്ചു.

പിന്നെ, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തു നിലപാടാണ് എടുക്കേണ്ടത്? ധാരണ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ? ഇത് ഒരു വശത്തേക്കു മാത്രമാണ്. വലിയ ചര്‍ച്ചയുടെ ഒന്നും ആവശ്യമില്ല. മലപ്പുറത്ത് മുസ്‌ലിം ലീഗിനു പിന്തുണ കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അതു കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനമായിരുന്നുവെന്നും എന്നാല്‍, കോട്ടയത്ത് ഇങ്ങനെ ഒരു നീക്കം നടന്നപ്പോള്‍ അതിനു പിന്നില്‍ ജോസ് കെ. മാണിയും കെ.എം. മാണിയുമാണെന്നുമാണ് ആരോപിക്കപ്പെടുന്നത്. ആര്‍ക്കും എന്തു വേണമെങ്കിലും പറയാമെന്നും അദ്ദേഹം തുറന്നടിച്ചു.

അപമാനിക്കപ്പെട്ടാല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി മിണ്ടാതിരിക്കില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പാര്‍ട്ടിക്കു മുറിവേറ്റിട്ടുണ്ടെന്നാണു ചരല്‍ക്കുന്ന് യോഗത്തില്‍ എത്തിച്ചേര്‍ന്ന നിഗമനം. എന്നാല്‍, എവിടെയും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങള്‍ പറഞ്ഞില്ല. പിന്നീടു വീണ്ടും മുറിവില്‍ മുളകുതേക്കുന്ന രീതിയാണുള്ളതെന്നും ജോസ് കെ. മാണി പറഞ്ഞു.