യുഡിഎഫില്‍ നിന്ന് തങ്ങളെ പുറത്താക്കിയത് തന്നെ, നിലപാട് മാറ്റില്ലെന്ന് ജോസ് കെ മാണി

കോട്ടയം: യുഡിഎഫില്‍ നിന്ന് ജോസ് കെ മാണിയെ പുറത്താക്കിയ ശേഷം ജോസ് ഇനി എങ്ങോട്ട് ഇനിയെന്ത് എന്നാണ് രാഷ്ട്രീയ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്നത്. അതേസമയം ജോസ് പക്ഷത്തെ പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തിയതാണ് എന്നുമാണ് യുഡിഎഫ് നേതാക്കള്‍ അല്‍പസമയം മുന്‍പ് പ്രതികരിച്ചിരുന്നത്. ഇതിന് മറുപടി വന്നിരിക്കുകയാണ് ജോസ് കെ മാണിയുടെ ഭാഗത്ത് നിന്നും.യു.ഡി.എഫില്‍ നിന്ന് തങ്ങളെ പുറത്താക്കിയത് തന്നെയാണെന്നാണ് ജോസ് കെ.മാണി പറയുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തില്‍ നിലപാട് മാറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാത്രമല്ല കൂറുമാറിയ ആള്‍ക്ക് പ്രസിഡണ്ട് സ്ഥാനം നല്‍കണമെന്ന് പറയുന്നത് യുക്തിയില്ലായ്മ ആണെന്നുമാണ് ജോസ് കൂട്ടിച്ചേര്‍ക്കുന്നത്.

അതേസമയം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയിട്ടില്ല എന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. ജോസ് വിഭാഗം യുഡിഎഫിന്റെ ഭാഗം തന്നെയാണെന്നും തീരുമാനം നടപ്പാക്കിയാല്‍ യോഗത്തില്‍ പങ്കെടുക്കാമെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്. നിലവില്‍ യുഡിഎഫ് യോഗങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്. ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന രീതിയില്‍ നടക്കുന്ന പ്രചാരണവും മാധ്യമങ്ങളില്‍ വന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Loading...