പാലായില്‍ നടന്നത് വോട്ടു കച്ചവടമെന്ന് ജോസ് ടോം, ബി.ജെ.പി വോട്ടുകള്‍ മറിച്ചു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് ഫലം ആദ്യ റൗണ്ടും രണ്ടാം റൗണ്ടും പുറത്തുവരുന്നതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ 751 വോട്ടിന് ലീഡ് ചെയ്യുകയാണ്. യു.ഡി.എഫ്-4101, എല്‍.ഡി.എഫ് 4263, ബി.ജെ.പി-1927,നോട്ട-64 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. 15 ബൂത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. യു.ഡി.എഫ് ആധിപത്യമുള്ള പഞ്ചായത്തിലാണ് മാണി സി.കാപ്പന്‍ ഇപ്പോള്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്. നിലവില്‍ മാണി സി.കാപ്പന്‍ വോട്ട് ലീഡ് ഉയര്‍ത്തുകയാണ്. ഇപ്പോള്‍ കടനാട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്.

അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടന്നെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചു. ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച്‌ ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാല്‍ പറഞ്ഞു. വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

ബി.ജെ.പിയും കോണ്‍ഗ്രസും വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് രാമപുരം. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നല്‍കിയത്. ജോസഫ് വിഭാഗത്തിന് ശ്ക്തമായ പിടിപാടുള്ള മണ്ഡലമാണ് രാമപുരം. അതിനാല്‍ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിര്‍ണ്ണായകമാണ്‌.

അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു.