ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം , പ്രവര്‍ത്തിയിലാണ്, ഷൈലജടീച്ചര്‍ അഭിമാനം, പിന്തുണയുമായി ജൂഡ് ആന്റണി

കൊച്ചി: അന്താരാഷ്ട്ര മാധ്യമം ബിബിസിയുടെ പരിപാടിയില്‍ കേരളത്തിലെ കോവിഡ് പ്രതിരോധം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തിരുന്നു. കേരളത്തിലെ പ്രവര്‍ത്തനങ്ങളും മറ്റും ശൈലജ ടീച്ചര്‍ വിശദീകരിച്ചു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്കിലൂടെയായിരുന്നു ജൂഡിന്റെ പ്രതികരണം.

ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ

Loading...

മലയാളികളുടെ ഇംഗ്ലീഷ് പ്രൊനൗസിയേഷനെ പുച്ഛിച്ചു മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു . മലയാളം മീഡിയം വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ അത്തരം കളിയാക്കലുകള്‍ കുറെ കേട്ടിട്ടുണ്ട് .ഇപ്പോള്‍ ഷൈലജ ടീച്ചറുടെ ബിബിസി ഇന്റര്‍വ്യൂ കണ്ടു. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം , പ്രവര്‍ത്തിയിലാണ് .# ഷൈലജടീച്ചര്‍ അഭിമാനം.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ബി.ബി.സി. വേള്‍ഡ് ന്യൂസിലാണ് മന്ത്രി അതിഥിയായി എത്തിയത്. അഞ്ചുമിനിറ്റ് നീണ്ട അഭിമുഖം തിരുവനന്തപുരത്തുനിന്ന് ലൈവായി സംപ്രേഷണം ചെയ്യുകയായിരുന്നു. ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ടുചെയ്തപ്പോള്‍ത്തന്നെ സംസ്ഥാനത്തും പ്രത്യേക കണ്‍ട്രോള്‍ റൂ തുറന്ന് മുന്നൊരുക്കങ്ങള്‍ നടത്താനായത് നേട്ടമായെന്ന് മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തില്‍ രോഗനിര്‍ണയത്തിന് പരിശോധനാ സംവിധാനങ്ങളൊരുക്കി. പുറത്തുനിന്നെത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാന്‍ സംവിധാനം സജ്ജമാക്കി.

രോഗലക്ഷണമുള്ളവരെ പ്രത്യേകം കരുതലില്‍ പാര്‍പ്പിച്ചു. സ്രവസാംപിള്‍ പരിശോധനയ്ക്കയക്കുകയും രോഗം സ്ഥിരീകരിച്ചാല്‍ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.