നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. ഹർജി പരിഗണിക്കുന്നതിൽ നിന്നും പിന്മാറിയത് ജസ്റ്റിസ് കൗസർ ഇടപ്പഗമാണ്. ഇദ്ദേഹം കേസ് പരിഗണിക്കരുതെന്ന ആവശ്യം അതിജീവിത കോടതി മുൻപാകെ നേരത്തെ ഉന്നയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ജഡ്ജി ഹർജി പരിഗണിക്കുന്നതിൽ നിന്ന് സ്വമേധയാ പിന്മാറുന്നത്. കേസ് ജില്ലാ കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നത്. അന്ന് സംശയത്തിന്റെ നിഴലിൽ നിന്നിരുന്ന വ്യക്തിയാണ് ജസ്റ്റിസ് കൗസർ ഇടപ്പഗം എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം.
നടൻ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുൾപ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുൻപാകെ പരാതി സമർപ്പിച്ചത്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും അതിജീവത പരാതിയിൽ പറയുന്നു. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്.കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുന്നു.