പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെ, മരട് കേസില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ചതെന്നു കണ്ടെത്തിയ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെയായിരുന്നെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ചെയ്യേണ്ടി വന്നതാണ് അതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിട്ടത് അനുസരിച്ച്‌ മരടിലെ നാലു ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചപ്പോഴായിരുന്നു പൊളിക്കാന്‍ ഉത്തരവിട്ട ബെഞ്ചിനു നേതൃത്വം നല്‍കിയ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പ്രതികരണം. ”അതൊരു വേദനാജനകമായ ചുമതലയായിരുന്നു” – അദ്ദേഹം പറഞ്ഞു. ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. സ്ഥലത്തുനിന്നു അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷം തുടര്‍നടപടിയെടുക്കാമെന്ന് കോടതി പറഞ്ഞു.

Loading...

ഫ്‌ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമന്ന് കോടതി നിര്‍ദേശിച്ചു. കായലില്‍ വീണത് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പരാതികളുള്ള ഫ്‌ലാറ്റ് ഉടമകള്‍ അപേക്ഷ നല്‍കണമെന്ന് ബെഞ്ച് പറഞ്ഞു. നഷ്ടപരിഹാര കേസുകളില്‍ കോടതി ഫീസ് ഇളവു ചെയ്തുനല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചു.

മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിച്ച്‌ സുപ്രീം കോടതി. മറ്റ് വഴികളില്ലാത്തതിനാലാണ് പൊളിക്കാന്‍ തീരുമാനിച്ചത്. അതേസമയം അവശിഷ്ടങ്ങള്‍ ഉടന്‍തന്നെ പൂര്‍ണമായും നീക്കം ചെയ്യണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. മരട് ഫ്ലാറ്റുകള്‍ പൊളിക്കല്‍ വിധി നടപ്പാക്കിയതായി കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഫ്ലാറ്റ് ഉടമകളുടെ നഷ്ട പരിഹാരം, നിയമം ലംഘിച്ച്‌ ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കിയ നിര്‍മാതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ നിയമ നടപടി എന്നിവയിലാണ് കോടതി ഇന്ന് വാദം കേട്ടത്. നഷ്ടപരിഹാരം സംബന്ധിച്ച്‌ ഇതു വരെയുള്ള വിവരം നിര്‍മാതാക്കള്‍ക്കെതിരെ സ്വീകരിച്ച നിയമ നടപടി എന്നിവയും കോടതിയെ സര്‍ക്കാര്‍ ബോധിപ്പിക്കുകയുണ്ടായി.

മരടിലെ അനധികൃതമായി നിര്‍മ്മിച്ചിരുന്ന ഫ്ലാറ്റുകള്‍ രണ്ട് ദിവസങ്ങളിലായിട്ടാണ് പൊളിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റുകള്‍ തകര്‍ത്തത്. ഫ്ലാറ്റുകള്‍ പൊളിച്ചെങ്കിലും കെട്ടിട അവശിഷ്ടങ്ങള്‍ നീക്കുന്നത് പ്രധാന വെല്ലുവിളിയായി തീര്‍ന്നിട്ടുണ്ട്. നിലവില്‍ പൊടിശല്യം രൂക്ഷമായതിനെതിരെ പ്രദേശവാസികളും രംഗത്തുവന്നിരുന്നു

സമീപപ്രദേശങ്ങളിലെ വീടുകള്‍ക്ക് ഒന്നും ഒരു കേടുപാടും സംഭവിച്ചില്ല. സ്‌ഫോടനത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ കായലില്‍ വീണില്ല. ടീംവര്‍ക്കിന്റെ വിജയമാണെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടന്നു. സ്‌ഫോടനത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ കെട്ടിടം നിന്ന സ്ഥലത്ത് തന്നെയാണ് തകര്‍ന്നുവീണതെന്നും എസ് സുഹാസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് ഒന്നും ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും കളക്ടര്‍ പറഞ്ഞു. സ്‌ഫോടനം വിജയകരമായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ പറഞ്ഞു. എല്ലാം ആസൂത്രണം ചെയ്ത പോലെ തന്നെ സംഭവിച്ചു. ആര്‍ക്കും ഒരു അത്യാഹിതവും സംഭവിച്ചില്ല. അരമണിക്കൂറിനകം വാഹനഗതാഗതം പുനഃസ്ഥാപിക്കുമെന്നും വിജയ് സാക്കറെ പറഞ്ഞു.