ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് 50-മത് ചീഫ് ജസ്റ്റിസാകും

ന്യൂഡല്‍ഹി. ഇന്ത്യയുടെ 50-ാം ചീഫ് ജസ്റ്റിസായി ഡോ.ധനഞ്ജയ് യശ്വന്ത് ചിന്ദ്രചഡിനെ നിയമിക്കാന്‍ ശുപാര്‍ശ. ചീഫ് ജസ്റ്റിസ് യുയു ലളിതാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. ഡോ.ധനഞ്ജയ് യശ്വന്ത് ചിന്ദ്രചഡ് നവംബര്‍ ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. നിയുക്ത ചീഫ് ജസ്റ്റിസിന് ശുപാര്‍ശയുടെ പകര്‍പ്പ് രാവിലെ പത്തേ കാലിന് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചില്‍ ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ വെച്ച് ചീഫ് ജസ്റ്റിസ് യുയു ലളിത് കൈമാറി.

ഡോ.ധനഞ്ജയ് യശ്വന്ത് ചിന്ദ്രചഡിന് രണ്ട് വര്‍ഷത്തെ കാലാവധിയാണ് ഉള്ളത്. 2024 നവംബര്‍ 10 നാണ് അദ്ദേഹം വിരമിക്കുന്നത്. 2016 മെയ് 13നാണ് ഡിവൈ ചന്ദ്രചൂഡ് സുപ്രിം കോടതി ജഡ്ജിയായി ചുമതലയേറ്റത്. അതിന് മുമ്പ് ചന്ദ്രചൂഡ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998ല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നത് വരെ കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Loading...

പല സുപ്രധാനമായ വിധികളും പ്രഖ്യാപിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു അദ്ദേഹം. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് വിധി പറഞ്ഞത് അദ്ദേഹമാണ്. ശബരിമല വിധി, അയോധ്യയിലെ തര്‍ക്ക ഭൂമി കേസ് എന്നിവയും പരിഗണിച്ച ബെഞ്ചില്‍ അദ്ദേഹം അംഗമായിരുന്നു. ഡിവൈ ചന്ദ്രചൂഡിന്റെ പിതാവ് വൈവി ചന്ദ്രചൂഡ് ഇന്ത്യയുടെ 16മത് ചീഫ് ജസ്റ്റിസായിരുന്നു. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന വ്യക്ത വൈവി ചന്ദ്രചൂഡാണ്. 1978 മുതല്‍ 1985 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായിരുന്നു.