ഹൈക്കോടതി ജസ്റ്റിസ് സി.എസ് കർണനെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രീകോടതി

ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമർശിച്ച ജസ്റ്റിസ് സി.എസ്. കർണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റു വാറന്റ്. കർണനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഒരു ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്.കേസിൽ കർണൻ നേരിൽ ഹാജരായി വിശദീകരണം നൽകണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ജസ്റ്റിസ് കർണനെ എല്ലാ ഔദ്യോഗിക ജോലികളിൽ നിന്ന് ഒഴിവാക്കുന്നതായും കൈവശമുള്ള എല്ലാ ഫയലുകളും ഉടനെ ഹൈക്കോടതിയുടെ റജിസ്ട്രാറെ ഏൽപിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകില്ലെന്നായിരുന്നു കർണന്റെ നിലപാട്. തനിക്കെതിരെ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി നടപടി അംഗീകരിക്കുന്നില്ലെന്നും, വിഷയം പാർലമെന്റിന് കൈമാറണമെന്നും കാണിച്ച് കർണൻ സുപ്രീംകോടതിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.