എനിക്കും കുഞ്ഞിനും വീട്ടുകാര്‍ക്കുമൊക്കെ ഇവിടെ ജീവിക്കേണ്ടതല്ലേ; കുഴപ്പങ്ങളും പരാതികളും ആന്‍ലിയയ്ക്കും മാതാപിതാക്കള്‍ക്കുമെതിരേ ഉയര്‍ത്തി ജസ്റ്റിന്റെ വിശദീകരണം

ആന്‍ലിയയുടെ മരണത്തിലെ ദുരൂഹതയാരോപിച്ച് പിതാവ് ഹൈജിനസ് നടത്തുന്ന പോരാട്ടങ്ങളില്‍ മകളുടെ ഭര്‍ത്താവ് ജസ്റ്റിനും കുടുംബത്തിനുമെതിരേ ഉന്നയിക്കുന്ന പരാതികളില്‍ പ്രധാനം അവര്‍ തന്റെ മകളെ മാനസിക പ്രശ്‌നമുള്ളയളാക്കി ചിത്രീകരിക്കുകയാണെന്നതായിരുന്നു. ഈ ആരോപണം ശരിവയയ്ക്കുന്ന തരത്തിലാണ് ജസ്റ്റിന്‍ ആന്‍ലിയയുടെ മരണത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി നല്‍കുന്ന വിശദീകരണം. ആന്‍ലിയയുടെ മരണം ആ പെണ്‍കുട്ടിയുടെയും അവളുടെ മാതാപിതാക്കളുടെയും കുഴപ്പം കൊണ്ടാണെന്ന് കുറ്റപ്പെടുത്തുന്ന തരത്തിലാണ് ജസ്റ്റിന്റെ വാക്കുകള്‍.

2019 ജനുവരി 19 ന് അപ് ലോഡ് ചെയ്തിരിക്കുന്ന ഒരു യൂട്യൂബ് വീഡിയോയിലാണ് ആന്‍ലിയ ഹൈജിനസിന്റെ മരണത്തില്‍ തനിക്കും കുടുംബത്തിനുമെതിരേ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നു സമര്‍ത്ഥിക്കുന്നത്. അന്‍ലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആന്‍ലിയയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് ജസ്റ്റിന്‍ ആരോപിക്കുന്നത്. ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ക്ക് മറുപടിയെന്നോണം ജസ്റ്റിന്റെ വിശദീകരണങ്ങള്‍ ഇപ്രകാരമാണ്; 2016 ഡിസംബര്‍ 26 നാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ഒരു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോള്‍ എന്റെ കൂടെ വീട്ടിലാണ്. ആന്‍ലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് എനിക്കെതിരേ ഉയര്‍ത്തുന്നത് തെറ്റായ ആരോപണങ്ങളാണ്.

Loading...

മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചിരുന്നത്. ആരോപണങ്ങള്‍ തുടരുകയും എനിക്കും എന്റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയയൊരു വിശദീകരണത്തിന് ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്.

കോടതി വഴി നീതി ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. എന്നാല്‍ എനിക്കും കുഞ്ഞിനും വീട്ടുകാര്‍ക്കുമൊക്കെ ഇവിടെ ജീവിക്കേണ്ടതല്ലേ. ആന്‍ലിയയുടെ സ്വര്‍ണം ചോദിച്ച് ഞാന്‍ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ബാങ്കിലെ ലോക്കറില്‍ വച്ച സ്വര്‍ണം ഇന്നേവരെ തുറന്നിട്ടില്ല. അവിടെ നിന്ന് ഞാന്‍ എടുത്തിട്ടില്ല. ലോക്കര്‍ തുറന്നിട്ടുപോലുമില്ല എന്നതാണ് സത്യം. എനിക്ക് വിവാഹ ചെലവിനായി മുപ്പതിനായിരം രൂപ തന്നിട്ടുണ്ടെന്ന ആരോപണവും ശരിയല്ല. ആന്‍ലിയയ്ക്കുവേണ്ടി തൃശൂരില്‍ നിന്നും അലമാര വാങ്ങിക്കാന്‍ ആന്‍ലിയയുടെ പപ്പ എന്നോട്ടു പഞ്ഞു. ഞാന്‍ തശൂരില്‍ നിന്നും അലമാര വാങ്ങി. അതിന്റെ പണം പപ്പ എനിക്ക് ട്രാന്‍സ്ഫര്‍ ചെയ്തു തന്നു. ഇതിനു വ്യക്തമായ തെളിവുണ്ട്. ബില്ലുണ്ട്, അകൗണ്ട് സ്റ്റേറ്റ്‌മെന്റ് ഉണ്ട്. ഇതാണ് ആകപ്പാടെയുള്ള ക്യാഷ് ഡീലിംഗ്‌സ്.

കാണാതായ ദിവസം ആന്‍ലിയ എന്നെ വിളിച്ചിരുന്നു. ഞാന്‍ പോവുകയാണ്, ഇനി അന്വേഷിക്കേണ്ട, നമ്മുടെ കുഞ്ഞിനെ നോക്കണം എന്നൊക്കെ പറഞ്ഞാണ് ഫോണ്‍ കട്ട് ചെയ്തത്. തിരിച്ചു വിളിച്ചപ്പോള്‍ ആന്‍ലിയയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. എനിക്ക് പ്രശ്‌നം തോന്നിയതുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് ആന്‍ലിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആന്‍ലിയ നല്ല മിടുക്കിയായിരുന്നു. പാട്ടു പാടാനും പഠിക്കാനുമൊക്കെ നല്ല മിടുക്കിയായ കുട്ടിയായിട്ടായിരുന്നു ഞാന്‍ ആദ്യം വിലയിരുത്തിയത്. ഞങ്ങള്‍ നല്ല സ്‌നേഹത്തിലായിരുന്നു. പിന്നീട് ചില സമയങ്ങളില്‍ ആന്‍ലിയയുടെ പെരുമാറ്റം അസ്വഭാവിക പെരുമാറ്റമായിട്ടാണ് എനിക്ക് തോന്നിയത്. വാശിയും ദേഷ്യവുമൊക്കെയായിട്ടാണ് ആദ്യം മനസിലാക്കിയത്. മാതാപിതാക്കള്‍ വിദേശത്ത് ജോലിയായിരുന്നതിനാല്‍ ആന്‍ലിയ കുഞ്ഞുന്നാളില്‍ തൊട്ട് പപ്പയും മമ്മിയും ഇല്ലാതെ ഒറ്റപ്പെട്ട് പല വീടുകളിലും ഹോസ്റ്റലുകളിലുമൊക്കെയായിട്ടായിരുന്നു ജീവിച്ചത്. സ്‌നേഹം കിട്ടാത്തതിന്റെ പ്രശ്‌നമായിരിക്കാം എന്നായിരുന്നു ആദ്യം ഞാന്‍ മനസിലാക്കിയത്.

ഏകദേശം ഒരുവര്‍ഷം മുമ്പ് ആന്‍ലിയയുടെ എഴുത്ത് കുത്തുകളും മറ്റ് കണ്ടിട്ട് ഞാനും എന്റെ അപ്പച്ചനും ആന്‍ലിയയുടെ പപ്പയെ വിളിച്ചിട്ട് എറണാകുളത്തുള്ള അവരുടെ വീട്ടില്‍ പോയി സംസാരിക്കുകയായുണ്ടായി. ആന്‍ലിയ ആത്മഹത്യ കുറിപ്പുകളും എഴുതിയിരുന്നു. അന്ന് ആന്‍ലിയയുടെ പപ്പ പറഞ്ഞത്, ഇതവളുടെ കുട്ടിക്കളിയാണ്. ഇതൊക്കെ മാറിക്കോളും ഞാനവളോട് പറഞ്ഞ് മനസിലാക്കിക്കോളം ഇതൊന്നും പുറത്താരോടും പറയരുത് എന്നൊക്കെയാണ്. ഇതിനൊക്കെ വ്യക്തമായ രേഖകള്‍ ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാനും തയ്യാറാണ്. ഒരു വര്‍ഷം മുമ്പ് ആന്‍ലിയ എഴുതിയതും വരച്ചതുമെല്ലാം വാങ്ങിച്ചുകൊണ്ടുപോയതാണ്. ഇപ്പോള്‍ അവ എനിക്കെതിരേ ഉപയോഗിക്കുകയാണ്. ഡയറി എഴുതുന്ന ശീലമുള്ളയാളാണെങ്കില്‍ കുഞ്ഞുന്നാളു മുതല്‍ എഴുതുമല്ലോ, വിവാഹം കഴിഞ്ഞ ശേഷം മാത്രമുള്ള ഡയറികളാണ് ആന്‍ലിയയുടെതായി അവരുടെ കൈയിലുള്ളത്. വിവാഹത്തിനു മുമ്പുള്ള ഡയറികള്‍ അവളുടെ മാതാപിതാക്കള്‍ എന്തിനു വേണ്ടിയാണ് നശിപ്പിച്ചു കളഞ്ഞത്. എന്തെങ്കിലും മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും.

വിവാഹം നടക്കുന്ന സമയത്ത് ദുബായില്‍ അകൗണ്ടന്റ് ആയി സ്ഥിരം ജോലിയായിരുന്നു എനിക്ക്. വിവാഹശേഷം ആന്‍ലിയയെ ദുബായിലേക്ക് കൊണ്ടുപോയത് എന്റെ ഫാമിലി വീസയിലാണ്. ദുബായില്‍ എത്തി ഒന്നു രണ്ടു മാസങ്ങളില്‍ തന്നെ ആന്‍ലിയയുടെ സ്വഭാവത്തില്‍ വളരെ വ്യത്യസ്തമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. രാത്രികാലങ്ങളില്‍ ഉറങ്ങാതിരിക്കുകയുമൊക്കെ ചെയ്യും. ആ സമയത്ത് ആന്‍ലിയ ഗര്‍ഭിണിയുമായിരുന്നു. ഇതോടെയാണ് നല്ല വരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. കൗണ്‍സിലിംഗോ ചിക്തിസയോ കൊടുത്തു കഴിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ മാറുമെന്ന് കരുതി. തിരിച്ചു പോകാം എന്ന കരുതിയാണ് ഞാന്‍ വന്നത്. താത്കാലിക ജോലിയല്ലായിരുന്നുവെന്ന് തെളിയിക്കാനുള്ള മുഴുവന്‍ തെളിവുകളുമുണ്ട്.

ആന്‍ലിയയുടെ മൃതശരീരം ഞങ്ങളുടെ പള്ളിയിലേക്ക് കൊണ്ടുവരണം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പക്ഷേ അത് ആന്‍ലിയയുടെ ബന്ധുക്കളും മാതാപിതാക്കളും എതിര്‍ത്തു. എറണാകുളത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ പോകാന്‍ തയ്യാറെടുത്തതായിരുന്നെങ്കിലും അവരുടെ പള്ളിയിലെ വൈദികന്‍ വരേണ്ടതില്ലെന്ന് അറിയിച്ചതുകൊണ്ടാണ് പോകാതിരുന്നത്. ആന്‍ലിയയെ ബെംഗളൂരുവില്‍ എംഎസ്‌സി നഴ്‌സിംഗിന് അയച്ചത് അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാന്‍ വേണ്ടിയാണ്. അല്ലാതെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല. തന്റെ മാതാപിതാക്കള്‍ വിദേശത്ത് ആയിരുന്നതിനാല്‍ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറയുമായിരുന്നു.

ആന്‍ലിയയ്ക്ക് ഇത്തരം സ്വഭാവ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡിവോഴ്‌സിനു ശ്രമിക്കാതിരുന്നത് എനിക്ക് ആന്‍ലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നതുകൊണ്ടാണ്.ഞങ്ങള്‍ കുറെ സ്വപനങ്ങള്‍ കണ്ടിരുന്നു. അതുകൊണ്ടാണ് ഡിവോഴ്‌സിനു ശ്രമിക്കാതെ ആന്‍ലിയയുടെ പ്രശ്‌നങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്.