ഗായകന്‍ കെജെ യേശുദാസിന്റെ സഹോദരന്‍ ജസ്റ്റിനെ മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ജസ്റ്റിന്‍ യേശുദാസിന്റെ ഇളയ സഹോദരനാണ്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കായലില്‍ മൃതദേഹം കണ്ടെത്തിയത്. വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപത്തുളള കായല്‍ ഭാഗത്തായാണ് ജസ്റ്റിന്റെ മൃതദേഹം കിടന്നിരുന്നത്.
രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ചെന്നൈയിലുള്ള സഹോദരി എത്തിക്കഴിഞ്ഞതിന് ശേഷം സംസ്‌ക്കാരം എവിടെയാണെന്ന് തീരുമാനിക്കും. ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ യേശുദാസ് എത്താന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.
കെ.ജെ ജസ്റ്റിന്‍ ഗുരുതരമായ രോഗങ്ങളുടെ പിടിയിലായിരുന്നു. ഏറെ നാളായി ചികിത്സയില്‍ കഴിയുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ജിജിയും അസുഖബാധിതയാണ്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ജസ്റ്റിനെന്നാണ് ലഭിക്കുന്ന വിവരം. ഏറെ ദുരിത പൂര്‍ണ്ണമായ ജീവിതത്തിന് താങ്ങായി നിന്നത് സഹോദരന്‍ കെ.ജെ യേശുദാസായിരുന്നു. എല്ലാ മാസവും കൃത്യമായി അന്‍പതിനായിരത്തോളം രൂപ അദ്ദേഹം സഹോദരന്റെ ചെലവിനായി അയച്ചു കൊടുക്കുമായിരുന്നു. ജസ്റ്റിന് പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകനാണ് ഉള്ളത്.
പള്ളിക്കരയില്‍ നിന്നും രണ്ടു വര്‍ഷമായതേയുള്ളൂ ജസ്റ്റിനും കുടുംബവും കാക്കനാട് അത്താണി സെന്റ് ജോസഫ് പള്ളിയുടെ സമീപം താമസം തുടങ്ങിയിട്ട്. വീട്ടുവാടക കൃത്യമായി തന്നിരുന്നത് യേശുദാസ് ആയിരുന്നു എന്ന് വീട്ടുടമ മറുനാടന്‍ മലയാളിയോട് പറഞ്ഞു. ജസ്റ്റിനും കുടുംബത്തിനും യാതൊരു കുറവും വരുത്താതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും വീട്ടുടമ പറഞ്ഞു. നേരത്തെ സഹോദരനെ യേശുദാസ് സ്ഹായിച്ചില്ലെന്ന വിമര്‍ശനം ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയിരുന്നു. മൂത്ത മകന്‍ മരണപ്പെട്ടതിന് ശേഷം മാനസികമായി ഏറെ തളര്‍ന്നിരുന്നു ജസ്ററിന്‍. കൂടാതെ ഹൃദ്രോഗമുള്‍പ്പെടെയുള്ള രോഗങ്ങളും അലട്ടിയിരുന്നു. മാസം നല്ലൊരു തുക തന്നെ ചികിത്സയ്ക്കും മറ്റുമായി വേണ്ടി വന്നിരുന്നു. ഭാര്യയുടെ അസുഖം കൂടിയായപ്പോള്‍ സാമ്പത്തിക ബാധ്യത കൂടി. എന്നാല്‍ സഹോദരന്‍ സഹായിച്ചു കൊണ്ടിരുന്നതിനാല്‍ ബുദ്ധിമുട്ടില്ലാതെ പോകുകയായിരുന്നു. എന്നാല്‍ സഹോദരനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതില്‍ ഏറെ വിഷമമുണ്ടെന്ന് അടുത്ത സുഹൃത്തുക്കളോട് ജസ്റ്റിന്‍ പറഞ്ഞിരുന്നു.
പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ. മറ്റുസഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. എന്താണ് ജസ്റ്റിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.