ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലില്‍ ബുധനാഴ്ച രണ്ടോടെയാണ് മൃതദേഹം കണ്ടത്. രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്‌റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കയായാണ്.
പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്. ജിജിയാണ് ജസ്റ്റിന്റെ ഭാര്യ. മറ്റുസഹോദരങ്ങള്‍: ആന്റപ്പന്‍, മണി, ജയമ്മ, പരേതരായ ബാബു, പുഷ്പ. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. എന്താണ് ജസ്റ്റിന്റെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.