പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതാണ്; മാണി തിരികെവരണമെന്ന് രമേശും ഉമ്മന്‍ ചാണ്ടിയും

മലപ്പുറം: കേരള കോണ്‍ഗ്രസും കെ.എം. മാണിയും യുഡിഎഫിലേക്കു മടങ്ങിവരണമെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായ പി.കെ. കുഞ്ഞാലിക്കുട്ടിക്കായി കണ്‍വെന്‍ഷന്‍ വിളിച്ചതു ശുഭസൂചകമാണ്. മാണിയുടെ മടങ്ങിവരവിനു കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്നാണ പ്രതീക്ഷയിലാണ് ഇരുവരും.

കേരള കോണ്‍ഗ്രസ് എന്നും യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നാണു കരുതുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാര്‍ട്ടി എന്നതിനു പുറമെ യുഡിഎഫിനു ശക്തിപകര്‍ന്ന നേതാവാണ് കെ.എം. മാണി. അദ്ദേഹത്തിന്റെ സാന്നിധ്യവും പങ്കാളിത്തവും യുഡിഎഫ് ആഗ്രഹിക്കുന്നു. ഇന്നത്തെ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണെന്നാണു കരുതുന്നത്. അതു പരിഹരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചര്‍ത്തു.

Loading...

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കെ.എം. മാണിയെടുത്ത നിലപാട് അദ്ദേഹത്തിനു യുഡിഎഫിനോടുള്ള അടുപ്പമാണു കാണിക്കുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് ഇനിയും യുഡിഎഫിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹിക്കുന്നത്. മാണി യുഡിഎഫിന്റെ ഭാഗമായി നില്‍ക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അദ്ദേഹത്തോടു മുന്നണി വിടാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.