കെ.എം മാണി കോഴവാങ്ങുന്നത് കണ്ടു. നുണപരിശോധന ഫലം പുറത്ത്.

 

തിരുവനന്തപുരം: കെ.എം മാണി കോഴവാങ്ങുന്നത് കണ്ടുവെന്ന് സാക്ഷിയായ അമ്പിളിയുടെ നുണപരിശോധനാഫലം. ഇതോടെ മാണിക്കെതിരായ അരോപണത്തിനു ശാസ്ത്രീയമായ തെളിവും വിശ്വാസ്യതയും വന്നിരിക്കുകയാണ്‌. മാണിയുടെ മന്ത്രി സഭയിലേ നിലയും പരുങ്ങലിലായി. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജുരമേശിന്റെ ഡ്രൈവറാണ് അമ്പിളി. കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് ആസ്ഥാനത്ത് വെച്ച് പരിശോധന നടന്നത്. പരിശോധനാ റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം വിജിലന്‍സ് കോടതിക്ക് സമര്‍പ്പിച്ചു. കോടതി ഇത് വിജിലന്‍സിന് കൈമാറും.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയും സംഘവും മന്ത്രി കെ.എം. മാണിയെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ച് കോഴ നല്‍കുന്നത് കണ്ടെന്നായിരുന്നു അമ്പിളിയുടെ മൊഴി. ഇതിന്റെ നിജസ്ഥിതി ശാസ്ത്രീയമായി ഉറപ്പുവരുത്താനാണ് വിജിലന്‍സ് നുണപരിശോധന നടത്തിയത്.

Loading...

ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രദീപ് സജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നുണപരിശോധന നടത്തിയത്. 39 ചോദ്യങ്ങളാണ് അമ്പിളിയോട് അന്വേഷണസംഘം ചോദിച്ചത്. എല്ലാം എഴുതി തയ്യാറാക്കിയ ചോദ്യങ്ങളായിരുന്നു. അതേ എന്നോ അല്ല എന്നോ മറുപടി പറയത്തക്കരീതിയിലുള്ള ചോദ്യങ്ങളായിരുന്നു. രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന വൈകീട്ട് നാലിനാണ് അവസാനിച്ചത്.