കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടത്തിന് നടപടിക്കൊരുങ്ങുന്ന ഡിജിപി ലോക്നാഥ് ബഹ്റയെ കടന്നാക്രമിച്ച് കെ മുരളീധരന്‍ എംഎല്‍എ. സകല സിപിഎം നേതാക്കളുടെ മുന്നിലും നടുവളച്ച് നില്‍ക്കുന്ന മഡ്ഗുണനെ പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് മുരളീധരന്റെ പരാമര്‍ശം.
മാനമില്ലാത്ത ബഹ്റയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല തനിക്കെതിരെയും കേസെടുക്കട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു. പിഎസ്സി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണ്. ആദ്യ പ്രളയകാലത്ത് അടിച്ച് മാറ്റിയത് കൊണ്ടാണ് രണ്ടാം പ്രളയകാലത്ത് സഹായം കുറഞ്ഞതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
പുതിയ ഗവര്‍ണര്‍ നിയമനത്തെ പറ്റിയും മുരളീധരന്‍ വിമര്‍ശനമുന്നയിച്ചു. കോണ്‍ഗ്രസിനെ വഞ്ചിച്ച് ബിജെപിയിലെത്തിയ ആളെ ഗവര്‍ണറാക്കിയതിലൂടെ കേരളത്തിലും കടന്ന് കയറാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്സിറ്റി കോളേജ് അവിടെ നിന്നു മാറ്റുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഒന്നുകില്‍ ഇടിച്ചു നിരത്തി പൊതുസ്ഥലം ആക്കും. അല്ലെങ്കില്‍ ചരിത്ര മ്യൂസിയമാക്കും. ഇതു പറഞ്ഞതിനു ബുദ്ധിജീവികള്‍ക്ക് എന്തു തോന്നിയാലും തനിക്ക് ഒന്നുമില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.