ശബരിമലയിൽ കൈ പൊള്ളിയത് മുഖ്യമന്ത്രി മറക്കാതിരുന്നാൽ മതി: മദ്യം ലഭ്യമാക്കിയ സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ മടിക്കുന്നുവെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കുടിയൻമാർക്ക് മദ്യം ലഭ്യമാക്കിയ സർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ മടിക്കുകയാണെന്ന് കെ.മുരളീധരൻ എംപി. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ വിവേചനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊറോണയെ രാഷ്ട്രീയവത്കരിക്കാൻ മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും മത്സരിക്കുകയാണ് അതിനാലാണ് പ്രതിപക്ഷ നേതാവടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ട സ‍ർക്കാ‍ർ ഉള്ള സൗകര്യം പോലും റദ്ദ് ചെയ്യുകയാണ്. അതിനാലാണ് ട്രെയിനിൻ്റെ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചത്. ട്രെയിനുകളുടെ നിലവിലെ സ്റ്റോപ്പുകൾ നില നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷത്തുള്ളവർ എന്തു ചെയ്താലും കേസില്ല. എന്നാൽ പ്രതിപക്ഷനേതാക്കൾക്കെതിരെ പൊലീസ് തെരഞ്ഞു പിടിച്ച് കേസെടുക്കുകയാണെന്നും മുരളീധരൻ പറഞ്ഞു. ക്വാറൻ്റൈൻ ലംഘനത്തിന് പ്രതിപക്ഷ നേതാവ് അടക്കുള്ളവർക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ വിമർശിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുരളീധരൻ. മദ്യം ലഭ്യമാക്കിയ സ‍ർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ വിമുഖത കാണിക്കുന്നു. പ്രോട്ടോകോൾ പാലിച്ചു ആരാധനാലയങ്ങൾ തുറന്നേ മതിയാവൂ. ശബരിമലയിൽ കൈ പൊള്ളിയത് മുഖ്യമന്ത്രി മറക്കാതിരുന്നാൽ മതി. ഓൺലൈൻ ക്ലാസുകൾ അപ്രായോഗികമാണ്. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ സ്കൂൾ തുറന്നാൽ വീണ്ടും പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Loading...

ഗൾഫിൽ മരിച്ചവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. സംസ്ഥാന സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനം പാളി പോയതാണ്. സംസ്ഥാന സർക്കാരിൻ്റെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള 7 ദിവസത്തെ ക്വാറന്റൈനിൽ പരിശോധന പോലും നടക്കുന്നില്ല. സർക്കാർ ക്വാറൻ്റൈൻ ഫലപ്രദമല്ല. വാർത്താ സമ്മേളനത്തിലെ വീമ്പ് പറച്ചിൽ മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ഫലപ്രദമായ ചികിത്സ നൽകാത്തതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.