പിണറായിക്ക് ഭരിക്കാൻ രണ്ടാം തവണയും അവസരം കൊടുത്തത് അബദ്ധം; കെ മുരളീധരൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. തൃക്കാക്കരയിലെ എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരെയാണ് കെ മുരളീധരൻ രം​ഗത്ത് എത്തിയിരിക്കുന്നത്. പിണറായിക്ക് ഭരിക്കാൻ രണ്ടാം തവണയും അവസരം കൊടുത്തതാണ് അബദ്ധമെന്നാണ് കെ മുരളീധരൻ എംപി പറയുന്നത്. തൃക്കാക്കരയിലെ ജനങ്ങൾ ആദ്യമേ ഇതു തിരിച്ചറിഞ്ഞതാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. പക്ഷേ, കേരള ജനതയ്ക്ക് അബദ്ധം പറ്റി, കേരളത്തിലെ ജനങ്ങൾക്കു പറ്റിയ അബദ്ധം തൃക്കാക്കരയിൽ ഇത്തവണ ആവർത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെങ്കിൽ അതു നടക്കില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

തൃക്കാക്കരയിലെ ജനങ്ങൾക്കു കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രി കൺവെൻഷനിൽ പറഞ്ഞത്.എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ കോൺഗ്രസ് കൂടുതൽ ജാഗ്രതയിലായെന്ന് കെ.മുരളീധരൻ ഇതിന് മറുപടി നൽകി.‘കെ.വി. തോമസിന് ഇഷ്ടമുള്ള നിലപാടെടുക്കാം. സാങ്കേതികത്വം പറഞ്ഞ് ഇരിക്കാം. പാർട്ടി അദ്ദേഹത്തിന് എല്ലാം നൽകിയിട്ടുണ്ട്. അദ്ദേഹം പാർട്ടി നടപടി ക്ഷണിച്ചുവരുത്തുകയായിരുന്നു. മാഷ് കാരണം ഒരു വോട്ടുപോലും പോവില്ല. ഒരു പാർട്ടിയിലിരുന്നു മറ്റൊരു പാർട്ടിക്കായി പ്രവർത്തിക്കുന്നതു ശരിയല്ല. പാർട്ടി പരമാവധി ക്ഷമിച്ചു. കെ.വി. തോമസിനെതിരായ നടപടി ഉചിതമാണ്.’ കൃത്യമായ സമയത്തുതന്നെയാണ് നടപടി എടുത്തത്’- മുരളീധരൻ പറഞ്ഞു

Loading...