ആര് മോദിയെ സ്തുതിച്ചാലും എതിര്‍ക്കും:കെ. മുരളീധരന്‍

മോദിസ്തുതി വിവാദത്തില്‍ തരൂരിനെതിരായ നിലപാടില്‍ ഉറച്ച് കെ.മുരളീധരന്‍. കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ നോക്കുന്ന മോദിയെ ആര് സ്തുതിച്ചാലും എതിര്‍ക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

വിവാദം തുടങ്ങിയത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയോടെയാണ്. മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് നല്ലതല്ല എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്. ഇതിനെ അനുകൂലിച്ച് മനു അഭിഷേക് സിങ്വി രംഗത്തുവന്നു. പിന്നീടാണ് ശശി തരൂരും സമാനമായ നിലപാട് എടുത്തത്.

Loading...

തരൂരിനോട് വിശദീകരണം തേടാന്‍ കെപിസിസി തീരുമാനിക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് മോദിയെ വിമര്‍ശിക്കേണ്ടതില്ലെന്നും ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ആകാമെന്നും കെ മുരളീധരന്‍ എംപി പ്രതികരിച്ചിരുന്നു. തരൂരിനെ അവസര സേവകന്‍ എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശേഷിപ്പിച്ചത്. ഇത്തരക്കാര്‍ പാര്‍ട്ടിക്ക് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സമയത്തും മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കേണ്ടതില്ല എന്നാണ് തരൂര്‍ പറഞ്ഞത്. അങ്ങനെ ചെയ്യുന്നത് ക്രിയാത്മകമായ പ്രതിപക്ഷത്തിന് ചേര്‍ന്നതല്ല എന്നും ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കാന്‍ മടിക്കേണ്ടതില്ലെന്നും തരൂര്‍ പ്രസ്താവിച്ചിരുന്നു.

തരൂരിന്റെ പ്രസ്താവന മോദിയെ സ്തുതിക്കുന്നതാണെന്ന് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. തരൂര്‍ പ്രസ്താവന പിന്‍വലിക്കണമെന്ന ഒരുവിഭാഗം ആവശ്യപ്പെട്ടു. മോദി സ്തുതി കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ട എന്നുവരെ പ്രതികരണമുണ്ടായി. ഇടപെടണം എന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു.

വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെ ഓണ്‍ലൈന്‍ മാധ്യമമായ ദി പ്രിന്റില്‍ തന്റെ നിലപാട് വ്യക്തമാക്കി തരൂര്‍ ലേഖനമെഴുതി. ശേഷം ഇക്കാര്യം ട്വിറ്ററിലും കുറിച്ചു. പിന്നീടാണ് കെപിസിസിക്ക് മറുപടി നല്‍കിയത്. തന്റെ പ്രസ്താവന മോദിയെ അനുകൂലിക്കുന്നതായിരുന്നില്ലെന്നും എപ്പോഴെങ്കിലും താന്‍ മോദിയെ പുകഴ്ത്തിയതിന് തെളിവുണ്ടോ എന്നും തരൂര്‍ ചോദിച്ചു. മറ്റാരെക്കാളും മോദിയെ വിമര്‍ശിച്ചത് താനാകുമെന്നും തരൂര്‍ പറഞ്ഞു.