കോൺ​ഗ്രസിൽ നിന്ന് പോകാൻ ഇനിയും ആളുകളുണ്ട്,പിന്നെ എല്ലാം ശരിയാകും ;കെ മുരളീധരൻ

തിരുവനന്തപുരം: കോൺ​ഗ്രസിനകത്തെ പൊട്ടിത്തെറികളും കൊഴിഞ്ഞുപോക്കും തുടർന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഇന്ന് കെപിസിസി നിർവാഹക സമിതി അംഗം പി.വി. ബാലചന്ദ്രൻ കോൺ​ഗ്രസ് വിട്ട് പുറത്ത് പോയി. ഇതിനിടയിൽ കെ മുരളീധരൻ നടത്തിയ പ്രസ്താവനയാണ് ശ്രദ്ധേയമാകുന്നത്. കോൺഗ്രസിൽ നിന്ന് പുറത്തു പോകാൻ ഇനിയും ആളുണ്ടെന്നും പോയാൽ പിന്നെ എല്ലാം ശരിയാകുമെന്നുമാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറയുന്നത്. കെപിസിസി നിർവാഹക സമിതി അംഗം പി.വി. ബാലചന്ദ്രൻ പാർട്ടി വിട്ടതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹം പ്രതികരിച്ചത്.

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായി ചേർത്ത് കോൺഗ്രസുകാരെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് സർക്കാർ നോക്കുന്നതെന്നും അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഏത് അന്വേഷണത്തെയും വെല്ലുവിളിക്കുകയാണെന്ന് മുരളീധരൻ വ്യക്തമാക്കി. കെ. സുധാകരൻ സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന് പാർലമെന്റിൽ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.

Loading...