ഏതോ കുട്ടിയെ പാമ്പ് കടിച്ചതിന് സ്‌ക്കുളുകളില്‍ ഓട്ട തപ്പി നടക്കുന്നു; കെപിഎ മജീദിനെതിരെ പ്രതിഷേധം

കോഴിക്കോട്: കേരള മനസാക്ഷിയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു സ്‌ക്കൂളില്‍ പാമ്പു കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ മരണം. സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന സ്‌ക്കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ എസ്ടി യു) സംസ്ഥാന സമ്മേളനനത്തിലായിരുന്നു കെപിഎ മജീദിന്റെ പരിഹാസം.സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നതിനിടെ ‘ഏതോ ഒരു കുട്ടിയെ പാമ്പു കടിച്ചെന്ന് പറഞ്ഞ് സ്‌കുളുകളിലെ ക്ലാസ് മുറികളില്‍ ഓട്ടയുണ്ടോന്ന് നോക്കി നടക്കുകയാണെന്നായിരുന്നു മജീദിന്റെ പ്രസ്താവന.

Loading...

ഒരു തവണകൂടി അദ്ദേഹം ഇതേ വാചകം ആവര്‍ത്തിക്കുകയും ചെയ്തു. സമ്മേളനത്തിലെ പ്രസംഗം വിവാദമായതോടെ ഫേസ്ബുക്കില്‍ മജീദ് വിശദീകരണക്കുറിപ്പെഴുതി. സ്‌കൂള്‍ മാനേജ്മെന്റുകളെ സേവനങ്ങള്‍ മറന്ന് അവരെ വേട്ടയാടുന്ന സര്‍ക്കാറിന്റെ സമീപനത്തിനെതിരെയാണ് താന്‍ സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹ്‌ല ഷെറിനാണ് (10) പാമ്പ് കടിയേറ്റ് മരിച്ചത്.ബത്തേരി പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ.അസീസിന്റെ മകളാണ്. സ്കൂളിൽ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം.കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതും ക്ലാസ് മുറികൾ വേണ്ട രീതിയിൽ പരിപാലിക്കാത്തതുമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചിരുന്നു.ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ക്ലാസ് മുറിയിൽവെച്ച് ഷഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. സിമന്റ് തറയിൽ കാല് കുടുങ്ങുകയും കാലിൽ മുറിവ് പറ്റിയതായും ആണ് ആദ്യം അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. പാമ്പ് കടിച്ചതാണെന്ന് വിദ്യാർത്ഥി പറഞ്ഞെങ്കിലും അധ്യാപകർ ഗൗനിച്ചില്ലെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ. രക്ഷിതാവിനെ വിവരമറിയിക്കാൻ തന്നെ ഒരുമണിക്കൂറോളം വൈകിയെന്നും കുട്ടികൾ പറഞ്ഞിരുന്നു.

എന്നാൽ രക്ഷിതാവ് താൻ വന്ന ശേഷം ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് അറിയിച്ചതിനാലാണ് അഞ്ച് മിനിറ്റോളം കാത്തിരുന്നതെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്റെ വാദം. സ്‌കൂളിന് തെറ്റ് പറ്റിയെന്ന് കരുതുന്നില്ലെന്നും പ്രധാനാധ്യപകൻ പറഞ്ഞിരുന്നു.