കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ നാളെ ചുമതലയേല്‍ക്കും

തിരുവനന്തപുരം: കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായി നാളെ ചുമതലയേല്‍ക്കും. നാളെ രാവിലെ 11നും 11.30നും ഇടയിലാണ് അദ്ദേഹം അധ്യക്ഷനായി ചുമതല ഏറ്റെടുക്കുക. കെപിസിസി അധ്യക്ഷനായ ശേഷം അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്യും.മുല്ലപ്പള്ളിയില്‍ നിന്ന് കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.അധ്യക്ഷ സ്ഥാനം ഒഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. ഇതിന് ആവശ്യമായ ക്രമീകരണങ്ങളെല്ലാം കെപിസിസി ഓഫീസില്‍ ഒരുക്കിയിരിക്കുകയാണ്.

സുധാകരന് പുറമേ, വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി. തോമസ് എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ എന്നിവരും നാളെ ചുമതലയേല്‍ക്കുന്നുണ്ട്.കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് കെ.സുധാകരനെ ഹൈക്കമാന്‍ഡ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിരുന്നു. തലമുറമാറ്റം അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണികള്‍ നടന്നത്. പ്രശ്നങ്ങള്‍ ഇല്ലെന്ന് പുറമെ പറയുമ്പോഴും സുധാകരനെ അധ്യക്ഷനാക്കിയതില്‍ പല മുതിര്‍ന്ന നേതാക്കളും അസന്തുഷ്ടരാണ്.

Loading...