സ്വപ്നയയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണം: കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കെ സുധാകരൻ

കണ്ണൂർ: കള്ളക്കടത്ത് കേസിൽ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാനാവില്ലെന്ന് കണ്ണൂർ എംപി കെ സുധാകരൻ. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇപ്പോഴത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ പഴയ എസ്എഫ്ഐക്കാരൻ. ഇദ്ദേഹം കെഎസ്ഇബി ചെയർമാനായ സമയത്താണ് എസ്എൻസി ലാവ്ലിൻ കരാറിലെ സുപ്രധാന ഫയലുകൾ നഷ്ടപ്പെട്ടത്. ഈ വിഷയത്തിൽ സിപിഎമ്മിന്റെ എത്ര മന്ത്രിമാർ പിണറായിയെ പിന്തുണക്കുന്നു? ഇടതു ഭരണത്തെ തിരുത്തിച്ച നേതാക്കൻമാരുടെ പ്രേതങ്ങളാണ് ഇന്നത്തെ സിപിഐ നേതാക്കൾ. അഭിമാന ബോധം ഉണ്ടെങ്കിൽ പിണറായി രാജിവയ്ക്കണം.

പത്താം ക്ലാസ് പാസാകാത്ത സ്വപ്നയ്ക്ക് ജോലി കൊടുത്ത്, അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത പതിനായിരങ്ങളെ അപമാനിച്ചു. സോളാറിൽ ഉമ്മൻ ചാണ്ടിയെ പരിഹസിച്ച പിണറായി, സ്വപ്നയെ എവിടെയൊക്കെ കൊണ്ടു നടന്നു. മുഖ്യമന്ത്രിയുടെ മുന്നിലും പിന്നിലും വശങ്ങളിലും ഒക്കെ സ്വപ്ന നിൽക്കുന്ന ഫോട്ടോ പുറത്തു വന്നു. എന്നിട്ടും സ്വപ്നയയെ അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലിക്കട്ടി സമ്മതിക്കണം.

Loading...

സരിത കേസ് കൊണ്ട് നാടിന് ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായില്ല. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ നാടുവിടാൻ കേരള ഡിജിപി സഹായിച്ചു. പത്തുകൊല്ലം മുൻപായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം തന്നെ രാജിവെപ്പിച്ചേനെ. സിപിഎം നേതൃത്വം കഴിവ് കെട്ടവരായെന്നും സുധാകരൻ പറഞ്ഞു. വേണ്ടിവന്നാൽ കൊവിഡ് നിയന്ത്രണം ലംഘിക്കുമെന്ന് പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താൻ മന്ത്രി കെ.കെ ശൈലജ ശ്രമിക്കേണ്ടെന്നും എംപി പറഞ്ഞു.