മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വരുമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ ചോദ്യം ചെയ്താല്‍ ലൈഫ് മിഷന്‍ തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്തു വരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇനിയെങ്കിലും മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടാന്‍ തയ്യാറാവണം. മുഖ്യമന്ത്രി ശ്രമിക്കുന്നത് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ്. ഇതിന് വേണ്ടിയാണ് സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ചത്. സി.സി ടിവി ദൃശ്യങ്ങള്‍ വിട്ടുകൊടുക്കാതെ ദേശീയ ഏജന്‍സികളുടെ അന്വേഷണത്തിന് തടസം നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ കമ്മിഷന്റെ തൊണ്ടിമുതല്‍ മാറ്റാനാണ് മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ നിയന്ത്രണം ലംഘിച്ച് കണ്ണൂരിലെ ബാങ്കില്‍ എത്തിയതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ദേശീയ ഏജന്‍സികളും കേരള പൊലീസും ഇത് അന്വേഷിക്കണം. സ്വര്‍ണമാണോ പണമാണോ അതോ രേഖയാണോ ഭാര്യ ലോക്കറില്‍ നിന്നു മാറ്റിയതെന്ന് മന്ത്രി വ്യക്തമാക്കണം.സ്വപ്ന സുരേഷ് നെഞ്ചുവേദനയുമായി ആശുപത്രിയിലായപ്പോള്‍ നഴ്‌സിന്റെ ഫോണില്‍ ചില ഉന്നതരോട് കേസിനെപ്പറ്റി സംസാരിച്ചത് ഗൗരവതരമാണ്. ഇടയ്ക്കിടക്ക് സ്വപ്നയ്ക്ക് നെഞ്ചുവേദന വരുന്നത് അസ്വഭാവികതയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Loading...