പ്രകൃതിക്കും സമൂഹത്തിനും ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍, കെ സുരേന്ദ്രന്‍ പറയുന്നു

തിരുവനന്തപുരം: എംപി വീരേന്ദ്ര കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രകൃതിക്കും സമൂഹത്തിനും ജീവിതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാര്‍ എന്ന് സുരേന്ദ്രന്‍ പറഞ്ഞു. മികച്ച ചിന്തകനെയും സാമൂഹ്യപ്രവര്‍ത്തകനെയും ആണ് നഷ്ടമായത്. രാഷ്ട്രീയത്തിനതീതമായി വ്യക്തി ബന്ധം സൂക്ഷിക്കുന്നതില്‍ അദ്ദേഹം കാട്ടിയ നിഷ്‌കര്‍ഷ മറക്കാവുന്നതല്ല. അതനുഭവിച്ചിട്ടുള്ള ആളെന്ന നിലയില്‍ അദ്ദേഹത്തിന്റെ വിയോഗം വലിയ ദു:ഖമാണ് തനിക്കുണ്ടാക്കിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രകൃതിക്കും പരിസ്ഥിതിക്കുമായി എന്നും സംസാരിക്കുകയും എഴുതുകയും ചെയ്തു അദ്ദേഹം. സമൂഹത്തിലെ താഴെ തട്ടിലുള്ള ദരിദ്ര ജനവിഭാഗങ്ങളെ, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ, ആദിവാസികളെ എന്നിവരെയെല്ലാം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ നാവും തൂലികയും എന്നും ചിലച്ചു കൊണ്ടിരുന്നു. പ്ലാച്ചിമട സമരത്തിലടക്കം അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം കേരളം കണ്ടതാണ്. പ്രായോഗിക രാഷ്ട്രീയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുമ്പോഴും തന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയില്‍ തരിമ്പും മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാനായിട്ടില്ല.

Loading...

എഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹം വൈജ്ഞാനിക സാഹിത്യത്തിന് നല്‍കിയ സംഭാവനയും വിലപ്പെട്ടതാണ്. എല്ലാ മേഖലയിലും അറിവുണ്ടാകുകയും ഇടപെടലുകള്‍ നടത്തുകയും ചെയ്ത രാഷ്ട്രീയ പ്രവര്‍ത്തകനുമാണദ്ദേഹം. ഭാവി തലമുറയ്ക്ക് പഠിക്കാനും സൂക്ഷിച്ചു വയ്ക്കാനുള്ള സംഭാവനകള്‍ എല്ലാ രംഗത്തും നല്‍കിയാണ് അദ്ദേഹം വിട വാങ്ങിയത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അശോചനവും ദു:ഖവും രേഖപ്പെടുത്തുന്നു.- അനുശോചന സന്ദേശത്തില്‍ സുരേന്ദ്രന്‍ പറഞ്ഞുു.