എ കെ ജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു, കെ സുരേന്ദ്രന്‍ പറയുന്നു

തിരുവനന്തപുരം: മയക്കുമരുന്നിനും സ്വര്‍ണക്കള്ളക്കടത്തിനും കുടപിടിക്കുന്ന സര്‍ക്കാരും പാര്‍ട്ടിയുമാണ് കേരളം ഭരിക്കുന്നത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതോടെ എ കെ ജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.സംഭവത്തില്‍ പാര്‍ട്ടി നിലപാട് പറയേണ്ടെന്ന സി.പി.എം സമീപനം ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മയക്കുമരുന്ന്, സ്വര്‍ണക്കടത്ത് എന്നിവയ്ക്ക് പിന്നില്‍ സി.പി.എമ്മിന്റെ സെക്രട്ടറിയുടെ മകനാണെന്നത് ഞെട്ടിക്കുന്നു. കോടിയേരി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണം. രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സി.പി.എമ്മിന്റെ വാദം അപഹാസ്യമാണ്. സ്വര്‍ണക്കള്ളക്കടത്ത് പിടിച്ചതില്‍ എന്ത് രാഷ്ട്രീയ ഗൂഢാലോചനയാണ് ? ബിനീഷ് കോടിയേരിയുടെ സുഹൃത്തായ മയക്കുമരുന്ന് കച്ചവടക്കാരന്‍ പിടിയിലായതില്‍ എന്ത് ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ക്കും രണ്ട് മന്ത്രിമാര്‍ക്കും സ്വര്‍ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Loading...