കേരളം ഭരിക്കുന്ന സർക്കാരിന് സമൂഹത്തോട് ഉത്തരവാദിത്വം ഉണ്ടെങ്കിൽ സിപിഎം ജില്ലാ സമ്മേളനങ്ങൾ നിർത്തിവെക്കണ൦: കെ.സുരേന്ദ്രൻ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം ഭരിക്കുന്ന സർക്കാരിന് സമൂഹത്തോട് ഉത്തരവാദിത്വം ഉണ്ടെങ്കിൽ സിപിഎം ജില്ലാ സമ്മേളനങ്ങൾ നിർത്തിവെക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ടിപിആർ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ അടുത്ത രണ്ടാഴ്ചത്തേക്കുള്ള പരിപാടികൾ ബിജെപി മാറ്റിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ജില്ലാ സമ്മേളനം നിർത്തിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

സി. പി. എം ജില്ലാസമ്മേളനങ്ങൾ നിർത്തിവെക്കാൻ പാർട്ടി നേതൃത്വം തയ്യാറാവണം. സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെങ്കിൽ കേരളം ഭരിക്കുന്ന പാർട്ടി അതാണ് ചെയ്യേണ്ടത്. അൻപതുപേരിൽ കൂടുതൽ ഒരുമിച്ചുകൂടാൻ പാടില്ലെന്ന സർക്കാർ നിർദ്ദേശം ഭരണകക്ഷിക്കും ബാധകമാണ്. തിരുവാതിരക്കളിയും ഗാനമേളയും പൊതുയോഗവും നിർബാധം തുടരുന്നത് അക്ഷന്തവ്യമായ അപരാധമാണ്, തികഞ്ഞ ധിക്കാരമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൊതുവികാരം കണക്കിലെടുത്ത് ബി. ജെ. പി. എല്ലാ പൊതുസമ്മേളനങ്ങളും നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേസ്സ് എടുക്കുന്നത് ബി. ജെ. പിക്കെതിരെ മാത്രമാണെങ്കിൽ പൊലീസ് നടപടികളോട് ഞങ്ങൾ സഹകരിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Loading...