വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രമുഖ സിപിഎം നേതാവെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട : പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരായ പരാതിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്. തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസ് സൈബര്‍ സെല്ലിനും പരാതി നല്‍കിയതായി കെ സുരേന്ദ്രന്‍ പറഞ്ഞു. താന്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ പ്രചാരണം നടത്തിയിട്ടില്ല. ഇത് വ്യാജമായി ഉണ്ടാക്കിയതാണ്. സിപിഎം സൈബര്‍ പോരാളികളാണ് ഇതിന് പിന്നിലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തന്റെ വിജയസാധ്യത കണ്ട് വിറളിപൂണ്ട ഇടതുമുന്നണി പ്രവര്‍ത്തകരാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്റെ ഫോട്ടോയും ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച്‌ ക്രൈസ്തവ സഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാരഡി ഗാനം രചിച്ച്‌ പ്രചരിപ്പിച്ചു എന്നാണ് എല്‍ഡിഎഫും യുഡിഎഫും വരണാധികാരിയായ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അറിയാത്തവരാണോ തങ്ങളെന്ന് സുരേന്ദ്രന്‍ ചോദിച്ചു.

Loading...

വ്യാജവീഡിയോക്ക് പിന്നില്‍ സിപിഎം സൈബര്‍ പോരാളികളാണ്. പ്രമുഖ സിപിഎം നേതാവാണ് ഇതിന് പിന്നിലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വ്യാജപ്രചാരണങ്ങള്‍ കോന്നിയിലെ ജനം തിരിച്ചറിയുമെന്നും, തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ സ്വാധീനിച്ച്‌ സഭാ വിശ്വസികളുടെ വോട്ടു നേടുന്നതിനു വേണ്ടി സ്ഥാനാര്‍ത്ഥി മനഃപൂര്‍വം പ്രവര്‍ത്തിച്ചു. സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും അഴിമതി പ്രവര്‍ത്തി നടത്തിയതിനും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും യുഡിഎഫും എല്‍ഡിഎഫും പരാതിയില്‍ വ്യക്തമാക്കുന്നു.

കോന്നിയിലെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഭിഭാഷകനായ ഓമല്ലൂര്‍ ശങ്കരന്‍ ആണ് എല്‍ഡിഎഫിന് വേണ്ടി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം ആയതിനാല്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വീഡിയോ പ്രചാരണം തടയണമെന്നും പരാതിയില്‍ പറയുന്നു.