ഉപ്പുതിന്നവർ വെള്ളം കുടിക്കും: മടിയിൽ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്ക്കും മോദിക്കും പേടിക്കാനില്ലെന്നും കോണ്‍ഗ്രസിലെ നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അഴിമതിക്കാരെല്ലാം കുടുങ്ങുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കുറിപ്പിങ്ങനെ…

Loading...

നിങ്ങളെന്താ അഴിമതിക്കാരെ പിടിക്കാത്തതെന്നായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും കഴിഞ്ഞ അഞ്ചുകൊല്ലം ചോദിച്ചുകൊണ്ടിരുന്നത്. പിടിക്കാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയവൈരാഗ്യം എന്നു പറഞ്ഞ് അതിനും കുറ്റം. ചെട്ട്യാർ ഹരിശ്ചന്ദ്രനായതുകൊണ്ടൊന്നുമല്ല ഇവർ ബഹളം വെക്കുന്നത്. അടുത്തതാരാണെന്നറിയാനുള്ള വേവലാതിയാണ് നേതാക്കൾക്കെല്ലാം. അമ്മയും മകനും അഴിമതിക്കേസ്സിൽ ജാമ്യമെടുത്തിട്ടാണ് വീരവാദം മുഴക്കുന്നത്.
അളിയൻ ഏതാണ്ട് ആജീവനാന്തം അകത്താകുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് കോടിയാണ് യു. പി. എ. ഭരണകാലത്ത് കോൺഗ്രസ്സ് നേതാക്കൾ കൊള്ളയടിച്ചത്. നിയമം നിയമത്തിന്റെ വഴിക്കുപോകും. എല്ലാം പുറത്തുവരും. ഉപ്പുതിന്നവർ വെള്ളം കുടിക്കും. മടിയിൽ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല. കള്ളനു കഞ്ഞിവെക്കാത്ത സർക്കാരാണ് ഇന്ദ്രപ്രസ്ഥത്തിലുള്ളതെന്ന് ഇന്ത്യ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ…..