മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റ സംസ്ഥാനത്തെ ആദ്യ നേതാവായി കെ സുരേന്ദ്രന്‍, ബിജെപിക്ക് പിഴച്ചതെവിടെ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ താമര വിരിഞ്ഞില്ല. കഴിഞ്ഞ തവണ ബി ജെ പി വിജയിച്ച നേമം മണ്ഡലം ഇക്കുറി സി പി എം തിരിച്ചുപിടിച്ച്‌ അക്കൗണ്ട് പൂട്ടിച്ചു. 5,150 വോട്ടുകള്‍ക്കായിരുന്നു ശിവന്‍കുട്ടി നേമം തിരിച്ചുപിടിച്ചത്. ശക്തമായ ത്രികോണമത്സത്തിനൊടുവില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെടുകയായിരുന്നു.

ബി ജെ പിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും പാര്‍ട്ടി രണ്ടാമതായി. ഏറെ പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥിയാക്കിയ മെട്രോമാന്‍ ഇ ശ്രീധരനെ തോല്‍പ്പിച്ചാണ് ഷാഫിയുടെ വിജയം. തൃശൂരിലും സുരേഷ് ഗോപി വിജയിക്കുമെന്ന പ്രതീക്ഷയില്‍ ലീഡ് നിലയില്‍ ഉയര്‍ത്തിയെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.

Loading...

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാമതായി. സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച്‌ തോല്‍ക്കുന്ന ആദ്യത്തെ നേതാവാണ് സുരേന്ദ്രന്‍. കഴക്കൂട്ടത്തും ശോഭാ സുരേന്ദ്രന് അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാനായില്ല.

35 സീറ്റുകള്‍ പിടിച്ച്‌ കേരളം ഭരിക്കുമെന്ന അവകാശവാദവുമായി എത്തിയ കെ സുരേന്ദ്രനോ മറ്റ് ബി ജെ പി നേതാക്കളോ തോല്‍വിയില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തവണയെങ്കിലും കേരളത്തില്‍ വലിയ വിജയം പ്രതീക്ഷിച്ച ദേശീയ നേതൃത്വത്തിനും സംസ്ഥാനത്തെ പ്രകടനം ക്ഷീണമുണ്ടാക്കി. വരും ദിവസങ്ങളില്‍ കേരളത്തിലെ ബി ജെ പിയില്‍ പൊട്ടിത്തെറിക്ക് കളമൊരുക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.