എകെജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടിരിക്കുന്നു: രാഷ്ട്രീയമായും ധാര്‍മികമായും സിപിഐഎം മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ രാഷ്ട്രീയമായും ധാർമികമായും സിപിഐഎം മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശതകോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകൾ, റിയൽ എസ്റ്റേറ്റ് മാഫിയാ ബന്ധം, ഹവാല ഇടപാടുകൾ, മയക്കുമരുന്ന് കച്ചവടം, സ്വർണകള്ളക്കടത്ത് ഇതെല്ലാം കേരളം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ടുതന്നെ ഈ കേസിന്റെ ഗൗരവം വർധിക്കുകയാണ്.

അന്താരാഷ്ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. സ്വർണക്കടത്ത് സംഘവും മയക്കുമരുന്ന് കള്ളക്കടത്ത് സംഘവും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. കള്ളക്കടത്ത് സംഘത്തിന് പണം എത്തിച്ചുകൊടുത്തുവെന്ന ഗൗരവകരമായ കുറ്റമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ മേൽ ഇപ്പോൾ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Loading...

മുഖ്യമന്ത്രിയുടെ ഓഫീസും ഏകെജി സെന്ററും ഒരേ ദിവസം ഗുരുതരമായ കേസിൽ പെട്ടിരിക്കുകയാണ്. ക്ലിഫ് ഹൗസും എകെജി സെന്ററും സ്വർണകള്ളക്കടത്തിനും മയക്കുമരുന്നു കച്ചവടത്തിനും കുടപിടിച്ചിരിക്കുകയാണ്. അത്യസാധാരണമായ സംഭവമാണ് ഇത്. രാജ്യത്തിന്റെ ചരിത്രത്തിൽ എവിടെയും കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്ത തരത്തിലുള്ള കുറ്റകൃത്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി ഓഫീസും അകപ്പെട്ടിരിക്കുന്നത്.

എകെജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ തെറ്റ് ഏറ്റുപറഞ്ഞ് വിശദീകരണം നൽകണം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയുന്നതുപോലെ കൊടിയേരി ബാലകൃഷ്ണനും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.