പൊതുരം​ഗത്ത് സജീവമാകാതെ ശോഭാ സുരേന്ദ്രൻ: ആരും ഒഴിവാക്കിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പൊതു രം​ഗത്ത് സജീവമാകാത്തത് ചർച്ചയാകുന്നു. കഴിഞ്ഞ ഏഴുമാസത്തിലേറെയായി ശോഭസുരേന്ദ്രൻ പൊതുരംഗത്ത് സജീവമല്ല. പുനസംഘടനയ്ക്കു പിന്നാലെ നേതൃത്വവുമായി ഇടഞ്ഞ ശോഭ, പാർട്ടി പരിപാടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ്. അസാന്നിധ്യത്തെ പറ്റി ശോഭയോട് തന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

ശോഭസുരേന്ദ്രൻ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വവും വ്യക്തമാക്കുന്നു. കെ സുരേന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിയിൽ സംഘടനാപരമായി അപ്രസക്തമായ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മാത്രമാണ് ശോഭ പരിഗണിക്കപ്പെട്ടത്. ഇതോടെ നേതൃത്വവുമായി പൂർണമായി അകന്ന ശോഭ മാസങ്ങളായി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണ്.

Loading...

ബി.ജെ.പിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്നു ശോഭാസുരേന്ദ്രൻ. പാർട്ടി സംസ്ഥാന അധ്യക്ഷപദത്തിലേക്ക് ശോഭാസുരേന്ദ്രന്റെ പേരും പറഞ്ഞുകേട്ടിരുന്നു. കെ. സുരേന്ദ്രൻ പാർട്ടി സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെ ശോഭ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

സംസ്ഥാന സമിതി പുന:സംഘടിപ്പിച്ചപ്പോൾ ശോഭക്ക് വൈസ് പ്രസിഡന്റ് പദവിയാണ് നൽകിയത്. ടെലിവിഷൻ ചർച്ചകളിലെയും നിത്യസാന്നിധ്യമായിരുന്ന ശോഭ ഏഴുമാസമായി അതിലും പങ്കെടുക്കുന്നില്ല.

ഫെയ്സ്ബുക്ക് കുറിപ്പുകളിലൂടെ മാത്രമാണ് രാഷ്ട്രീയ പ്രതികരണങ്ങൾ പോലും നടത്തുന്നത്. ദേശീയ ഭാരവാഹിയാക്കാമെന്നതടക്കമുളള വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന പരാതി ശോഭാ സുരേന്ദ്രനുണ്ട്. എന്നാൽ അതൃപ്തി തൽക്കാലം പരസ്യമായി പ്രകടിപ്പിക്കേണ്ടെന്ന തീരുമാനത്തിലുമാണ് അവർ. ശോഭയുടെ അസാന്നിധ്യത്തെ പറ്റിയുളള ചോദ്യത്തോട് അത് ശോഭയോട് തന്നെ ചോദിക്കണമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ പ്രതികരണം.

മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരന് പുതിയ പദവികൾ നൽകാത്തതിലും ഒരു വിഭാഗം പ്രവർത്തകർ അതൃപ്തരാണ്. കുമ്മനം പക്ഷേ സമരവേദികളിൽ സജീവമാണ്. കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരായ എം ടി രമേശിനും, എ എൻ രാധാകൃഷ്ണനും പുനസംഘടനയിൽ അതൃപ്തിയുണ്ടെങ്കിലും ഇപ്പോൾ അൽപം അയഞ്ഞിട്ടുണ്ട്./shobha-surendran