അമിത് ഷാ സൂചിപ്പിച്ച ദുരൂഹമരണം ബാലഭാസ്‌കറിന്റേതോ?, അഭ്യൂഹം ശക്തം

ആഭ്യന്തര മന്ത്രി അമിത്ഷാ പരാമര്‍ശിച്ച ദുരൂഹമരണം ആരുടേതെന്ന ചര്‍ച്ചയിലും അന്വേഷണത്തിലുമാണ് കേരളം. അദ്ദേഹം തന്റെ പ്രംഗത്തിലൂടെ വെളിപ്പെടുത്തിയ ദുരൂഹമരണം ആരുടേതാണെന്ന കാര്യത്തില്‍ സംസ്ഥാന ബിജെപിക്ക് പോലും യാതൊരു ധാരണയുമില്ല. അതേസമയം സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരാമര്‍ശിച്ചത് സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തെ സംബന്ധിച്ചെന്ന അഭ്യുഹമാണ് ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷമാണ് പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളാവുകയും ചെയ്യുന്നത്.

ബാലഭാസ്‌കറിനൊപ്പം സ്ഥിരം വിദേശയാത്രകളില്‍ പങ്കാളികളായിരുന്ന ഇരുവരും സ്വര്‍ണക്കടത്ത് നടത്തിയിരുന്നതായാണ് ആരോപണം. ഈ കേസിലെ പ്രധാന സാക്ഷിയാകേണ്ടിയിരുന്നത് ബാലഭാസ്‌കറാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഈ പരാമര്‍ശം വന്നതോടെ കേസ് വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്.ബാലഭാസ്‌കറിന്റെ ദുരൂഹമായ അപകട മരണത്തില്‍ സ്വര്‍ണക്കടത്ത് മാഫിയക്ക് പങ്കുള്ളതായി ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ. സി. ഉണ്ണി നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സി. ബി. ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റ് അപകട മരണത്തില്‍ അസ്വഭാവികതയില്ലെന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

Loading...