ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി ജെനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. ഇക്കാര്യം സുരേന്ദ്രന്‍ നേരിട്ട് അറിയിച്ചതായാണ് വിവരം. ഇതോടെ ശോഭാ സുരേന്ദ്രന്‍ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയായേക്കും.

കോന്നിയില്‍ ശോഭാ സുരേന്ദ്രന്റെ പേരിനൊപ്പം കെ.സുരേന്ദ്രനെയും സജീവമായി പരിഗണിച്ചിരുന്നു. ഇതിനിടെ, എറണാകുളത്തെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന ബി ഗോപാലകൃഷ്ണനും നേതൃത്വത്തെ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ശബരിമല വിഷയം മണ്ഡലത്തില്‍ സജീവ ചര്‍ച്ചാ വിഷയമാക്കാമെന്ന കണക്കുകൂട്ടലിലാണ് സമരത്തിന് നേതൃത്വം നല്‍കിയ സുരേന്ദ്രനെ ഇവിടെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്. എന്നാല്‍, തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു.

മഞ്ചേശ്വരത്ത് വീണ്ടും മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പുതിയ സ്ഥാനാര്‍ത്ഥികള്‍ വരട്ടേയെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചത്.