Literature

നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും ? ; അഭിമന്യുവിന്റെ വിയോഗത്തില്‍ മന്ത്രി കെടി ജലീല്‍ എഴുതുന്നു

അഭിമന്യുവിനെ ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. കാണാനുള്ള അവസരം എന്നന്നേക്കുമായി നിഷേധിച്ചവരോടുള്ള വെറുപ്പും വിദ്വേഷവും മനസ്സില്‍ ആളിക്കത്തുകയാണിപ്പോഴും. ഒരു ഇരുപത് വയസ്സുകാരനെക്കുറിച്ച് കേള്‍ക്കാന്‍ കഴിയുന്നതിലും എത്രയോ അപ്പുറം അവനെപ്പറ്റി കേരളക്കര കേട്ടു. പറഞ്ഞത് മുഴുമിപ്പിക്കാനാകാതെ വിങ്ങിപ്പൊട്ടിയ അദ്ധ്യാപകര്‍, കണ്ണീരടങ്ങാതെ വിതുമ്പിക്കൊണ്ടേയിരിക്കുന്ന കൂട്ടുകാര്‍, സമനില വീണ്ടെടുക്കാനാകാത്ത സഹപാഠികള്‍. ഇത്രമാത്രം വശ്യത കൈമുതലാക്കിയ അഭിമന്യുവിന്റെ അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും കാണാന്‍ എറണാകുളത്ത് നിന്ന് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് വട്ടവടയില്‍ എത്തുമ്പോള്‍ വൈകുന്നേരം നാല്മണിയായി കാണും.

തമിഴ്-മലയാളം മുറ്റിനില്‍ക്കുന്ന ചുറ്റുപാടില്‍ അതീവ ദരിദ്രപശ്ചാത്തലം പ്രകടമായ തെരുവിലൂടെ ഞങ്ങള്‍ നടന്നു. അതിര് നിര്‍ണ്ണയിച്ച രണ്ട് ചുമരുകള്‍ പോലും സ്വന്തമായില്ലാത്ത ഒരൊറ്റമുറി വീടിന്റെ മുന്നിലെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അല്‍പം കുനിഞ്ഞ് വീട്ടിനുള്ളില്‍ കടന്നപ്പോള്‍ ഇരിക്കാന്‍ പോലും ഇടമില്ല. കിടക്കാനും ഭക്ഷണം പാകം ചെയ്യാനും എല്ലാം കൂടി അറുപത് സ്‌ക്വയര്‍ ഫീറ്റ് മാത്രം വിസ്തീര്‍ണ്ണമുള്ള ഒരു ഇടുങ്ങിയ മുറി. അടുപ്പിന്‍ തറയില്‍ കടലാസ് വിരിച്ച് ഞങ്ങള്‍ ഇരുന്നു. കുറേ സമയത്തേക്ക് വാക്കുകള്‍ പുറത്ത് വരാതെ അഭിമന്യുവിന്റെ കുടുംബത്തെത്തന്നെ ഇമവെട്ടാതെ ശ്രദ്ധിച്ചു. പിന്നീട് ആ വീരന്റെ കഥ കേട്ടു. അപ്പോഴാണ് അവന്‍ അവസാനം വായിച്ച് പൂര്‍ത്തിയാക്കാതെ അടയാളം വെച്ച് തല്‍ക്കാലം നിര്‍ത്തിയ പുസ്തകം ആരോ എനിക്കെടുത്ത് തന്നത് . പുസ്തകത്തിന്റെ പുറംചട്ട എന്നെ സ്തബ്ധനാക്കി. റോബിന്‍ ശര്‍മ്മയുടെ ”Who Will Cry When You Die ?’ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ !! (നിങ്ങള്‍ മരിക്കുമ്പോള്‍ ആര് കരയും).

അഭിമന്യു വായിച്ചു നിര്‍ത്തിയ എഴുപത്തിയാറാം പേജിലെ അവസാന ഖണ്ഡിക ഇങ്ങിനെ വായിക്കാം; ‘കൊച്ചു കാര്യങ്ങളാണ് വലിയവയെന്നതാണ് ഞാന്‍ ജീവിതത്തിലെന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിലത്. സ്‌നേഹത്തിന്റെ കണക്കിലേക്ക് ദിവസേന നടത്തുന്ന കൊച്ചു നിക്ഷേപങ്ങള്‍ ബാങ്ക് അക്കൗണ്ടിലെ പണത്തേക്കാളേറെ നിങ്ങള്‍ക്ക് സന്തോഷം നല്‍കും . ടോള്‍സ്റ്റോയ് എഴുതിയത് പോലെ, സന്തോഷം ലഭിക്കാനുള്ള മാര്‍ഗ്ഗം ഒരു ചിലന്തിയെപ്പോലെ നാലുപാടും സ്‌നേഹത്തിന്റെ പശപശപ്പുള്ള വലയെറിഞ്ഞ് അതില്‍ പെടുന്ന സകലതിനെയും പിടിക്കുകയെന്നതാണ്’.

ഹ്രസ്വമെങ്കിലും ഈ വാചകങ്ങളുടെ പൂര്‍ണമായിരുന്നു അഭിമന്യുവിന്റെ ജീവിതമെന്നുറപ്പ്. ലീവിന് നാട്ടിലെത്തിയാല്‍ വീട്ടില്‍ ചടഞ്ഞിരിക്കാതെ പഞ്ചായത്തോഫീസിലും വില്ലേജോഫീസിലും മലയാളം എഴുതാനറിയാത്ത സാധാരണക്കാര്‍ക്ക് അപേക്ഷയെഴുതിക്കൊടുക്കാന്‍ അവനെത്തുക പതിവാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞ്‌പോയി.ജീവിതത്തിന്റെ തിരശ്ശീല ആ ധീര സഖാവിന്റെ മുന്നില്‍ ബലാല്‍ക്കാരം പിടിച്ചുവലിച്ചു താഴ്ത്തിയ മതഭ്രാന്തന്‍മാരോട് ഒരു കാരണവശാലും ആരും സന്ധി ചെയ്യരുതെന്ന ഉറച്ച പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാനുള്ള ദൃഢനിശ്ചയമെടുത്തേ ആ കുടിലില്‍ നിന്ന് ആര്‍ക്കും പുറത്ത് കടക്കാനാകു . ‘മുഹമ്മദ്’ എന്ന പേരിന്റെ പരിപാവനതക്ക് തീരാകളങ്കം ചാര്‍ത്തിയ ഒന്നാംപ്രതിയെന്ന് സംശയിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥിയോട് തോന്നിയ അവജ്ഞക്കും വെറുപ്പിനും അതിരുകളില്ലായിരുന്നു. അത്രമാത്രം കരളലിയിപ്പിക്കുന്ന കാഴ്ചകളായിരുന്നു അവിടം മുഴുവന്‍. അഭിമന്യുവിന്റെ പിതാവിനെ കെട്ടിപ്പുണര്‍ന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ദു:ഖമടക്കാന്‍ ഏറെ പ്രയാസപ്പെട്ടു. പഞ്ചായത്തോഫീസില്‍ അഭിമന്യുവിന് നിത്യ സ്മാരകമായി ഒരു ലൈബ്രറി സ്ഥാപിക്കാന്‍ തീരുമാനിച്ച അധികൃതരുടെ നിലപാട് മാതൃകാപരമാണ്.

ആ കുടുംബം ഇനി സി.പി.ഐ എമ്മിന്റെ സ്‌നേഹത്തണലിലാവും ജീവിക്കുക. സ്വന്തമായി പത്ത് സെന്റ് സ്ഥലത്ത് ഒരു വീട് , സഹോദരിയുടെ വിവാഹം , ജേഷ്ഠന് ഒരു തൊഴില്‍ , കുടുംബത്തിന് സ്ഥായിയായ വരുമാന മാര്‍ഗ്ഗം …… അങ്ങിനെ എല്ലാം പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്ന വിവരം കൂടെയുണ്ടായിരുന്ന സഖാക്കള്‍ പങ്കുവെച്ചപ്പോള്‍ കനത്ത വേദനക്കിടയില്‍ അല്‍പം സമാധാനം കിട്ടിയത് പോലെ തോന്നി . വട്ടവട വിടുമ്പോള്‍ മനസ്സ് കൊണ്ട് ബന്ധുവായിത്തീര്‍ന്ന അഭിമന്യുവിന്റെ കുടുംബത്തെ കാണാന്‍ ഇനിയും വരുമെന്ന് ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു.

Related posts

ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഉരുക്കു വനിതയെന്ന് വിശേഷിപ്പിച്ച് ഒരു ഡോക്ടറുടെ കുറിപ്പ്

രാമായണമാസം 

subeditor

സീരിയല്‍ രംഗത്തെ ദുരനുഭവം തുറന്ന് പറഞ്ഞ നടി നിഷാ സാരംഗിന് പിന്തുണയുമായി ശാരദക്കുട്ടി

“പെണ്‍കുട്ടികള്‍ സുരക്ഷിതര്‍ അല്ല” ഇനി ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാതെ ഇരിക്കട്ടെ.

subeditor

ഗായകന്‍ സന്നിദാനന്ദന്റെ ഭാര്യയോട് ഫോണ്‍ ചെയ്ത് മണ്ടത്തരം പറഞ്ഞ് കോളേജധ്യാപകന്‍

കാട്ടാളനും കടന്നലുകളും

subeditor

ഒരു എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയില്‍ അക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്ന് സിദ്ദിഖ്

pravasishabdam online sub editor

ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു ;മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി.

ചിതലിനറിയില്ല മൊതലിൻ വില ,പിഷാരടി വിതുമ്പുന്നു

നിന്നെ കാണാൻ വന്നതിനു പ്രതിഫലമായി എന്നെയും എന്റെ വയ്യാത്ത കുഞ്ഞിനേയും പട്ടിയെ തല്ലുന്നതുപോലെ അവൾ നിന്റെ മുന്നിലിട്ട് തല്ലി ;മോനിഷയുടെ കുറിപ്പ് വീണ്ടും വൈറലാകുന്നു

കലേഷ് അസാമാന്യ പ്രതിഭയുള്ള ഒരെഴുത്തുകാരനാണ്. അദ്ദേഹത്തെ പരിചയപ്പെടാനും എഴുതിയത് വായിക്കാനും കഴിഞ്ഞു എന്നതാണ് ഈ വിവാദം കൊണ്ടുണ്ടായ നേട്ടം; പ്രതികരണവുമായി സുനിത ദേവദാസ്

ഏത് നൂറ്റാണ്ടിലേക്കാണ് നമ്മുടെ സംഘടനകള്‍ വളരുന്നത് ? ;താരസംഘടനയ്‌ക്കെതിരെ മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു