വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി

 

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി. തന്നെ ഉടന്‍ കൂട്ടികൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്ബ് മുറിച്ച് ജീവനൊടുക്കുമെന്ന് ഫോണിലൂടെ രാത്രി കാമുകനെ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് കാമുകനെത്തിയതും ഇരുവരും കടന്നതുമെന്നു പോലീസ് പറയുന്നു. ഒടുവില്‍ വിവാഹത്തിനൊരുക്കിയ സദ്യ രാവിലെ തന്നെ വയോജന മന്ദിരങ്ങളിലെത്തിച്ചു.

കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ച രാവിലെ 10.30ന് കട്ടയ്ക്കോടുള്ള പാരിഷ് ഹാളില്‍ നടക്കേണ്ടതായിരുന്നു. വധുവിനെ കാണാനില്ലന്ന വിവരം രാവിലെ എട്ടു മണിയോടെ വരന്റെ വീട്ടുകാരെയും അറിയിച്ചു . പിന്നാലെ വരന്റെ ബന്ധുക്കളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി.

ഇതിനിടെ വധുവിന്റെ രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കാട്ടാക്കട പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പിരിയുകയായിരുന്നു.