കബാലി കാണുവാന്‍ കൊച്ചിയിലെ ഓഫീസുകള്‍ക്കും അവധി

Loading...

കൊച്ചി; കൊച്ചിയിലെ പ്രമുഖ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ സെ വണ്‍ ടെക്‌നോളജീസ് ടിക്കറ്റുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ജീവനക്കാര്‍ക്ക് ചെയ്തു കൊടുത്തുകൊണ്ട് റിലീസ് ദിവസം തന്നെ കബാലിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പല സ്റ്റാര്‍ട്ട് അപ്പ് കമ്പനികളും റിലീസ് ദിവസം തന്നെ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ലോകമെങ്ങുമുള്ള കബാലി ആരാധകര്‍ ആവേശത്തിലാണ്. അവരുടെ തലൈവര്‍ കബാലിയായി മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ കബാലിയുടെ വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. കൊച്ചിയിലെ ടെക്കികളും മോശമല്ല.   മുന്‍കാലങ്ങളില്‍ ഒരു ചിത്രത്തിനും ലഭിക്കാതിരുന്ന സ്വീകാര്യതയാണ് കബാലിക്ക് ലോകമെമ്പാടുമുള്ള രജനി ആരാധകര്‍ നല്‍കുന്നത്. കബാലി ആദ്യഷോ തന്നെ കാണുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ആരാധകര്‍ തിയറ്ററിലെത്തിയിരുന്നു. പുലര്‍ച്ചെയായിരുന്നു ആദ്യഷോ. ഷോയ്ക്കു മുമ്പേ തീയറ്ററിലെത്തിയ ആരാധകര്‍ ചിത്രത്തിന്റെ ഫ്ളക്‌സില്‍ പാലഭിഷേകം നടത്തി. നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പല തിയറ്ററുകളിലും ടിക്കറ്റ് ലഭ്യമായത്. ലോകമാകെ 4,000 തിയ്യേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്ത 306 കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ വലിയ ആള്‍ത്തിരക്കായിരുന്നു. ആദ്യദിവസത്തെ കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് കരുതുന്നത്.