ശബരിമലയിലെ അന്നദാന മണ്ഡപം സര്‍ക്കാര്‍ നിര്‍മിച്ചത്; വ്യാജ പ്രചരണത്തിനെതിരെ കടകംപള്ളി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച അന്നദാന മണ്ഡപം കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിച്ചതാണെന്ന വ്യാജ പ്രചരണത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.അന്നദാന മണ്ഡപം നിര്‍മിച്ചത് 21.55 കോടി മുതല്‍ മുടക്കി സംസ്ഥാന സര്‍ക്കാരാണെന്നും സംഘപരിവാര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് നുണക്കഥയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.സംസ്ഥാന സര്‍ക്കാരാണ് ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപം ശബരിമലയില്‍ പണികഴിപ്പിച്ചത്.ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയത് 21.55 കോടി രൂപ.എന്നാല്‍ മണ്ഡപം പണിതത് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്.

ഇതിനെതിരെയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്.ഇതില്‍ ഒരു പൈസ പോലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും മോഡി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്നും മന്ത്രി തന്റെ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.അന്നദാനം മഹാദാനമാണെന്നും അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത് കടകം പള്ളി പറയുന്നു.പിണറായി വിജയന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീര്‍വാണം അടിക്കുന്നവരോട് ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍ എന്ന ഒരു പഴഞ്ചൊല്ല് കൂടി ഓര്‍മ്മിപ്പിച്ച് തൊലിക്കട്ടി അലങ്കാരമാക്കരുതെന്നും മന്ത്രി കുറിക്കുന്നു.

Loading...