ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരിനെതിരെ ശബരിമല വിഷയം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വര്ഗീയപ്പാര്ട്ടികള് ഒരു പരിധി വരെ വിജയിച്ചെന്നും ഇത് ചിലരെയെങ്കിലും സ്വാധീനിക്കുന്നതിനു കാരണമായെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയാണ് മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ചെയ്യാത്ത കുറ്റം സര്‍ക്കാരിനുമേല്‍ ചാര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വര്‍ഗീയകോമരങ്ങള്‍ക്ക് സാധിച്ചു. അതില്‍ ഒരളവ് വരെ അവര്‍ വിജയിച്ചെന്നത് വാസ്തവമാണ്. അതേസമയം, ചിന്താശേഷിയുള്ള ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞകാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിട്ടുണ്ടാകില്ല.; കടകംപള്ളി പറഞ്ഞു.
കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പോലെയാകില്ല യഥാര്‍ഥ ഫലമെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.