തിരുവാഭണം സംരക്ഷിക്കും ഏറ്റെടുക്കേണ്ട ആവശ്യമില്ല;മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അയ്യപ്പന്റെ തിരുവാഭരണം സംരക്ഷിക്കും ഏറ്റെടുക്കേണ്ട ആവശ്യമില്ല. തിരുവാഭരണത്തിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവാഭരണത്തില്‍ പന്തളം രാജകൊട്ടാരത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. തിരുവാഭരണം പന്തളം കുടുംബത്തിന്റെ അധീനതയില്‍ എന്തിന് വയ്ക്കണം. അത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റിക്കൂടെ?. സംസ്ഥാന സര്‍ക്കാറിന് തിരുവാഭരണം ഏറ്റെടുത്ത് കൂടെയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ നിലപാട് അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ വലയ്ക്കുകയായിരുന്നു. യുവതീപ്രവേശനത്തില്‍ തന്നെ വലഞ്ഞുപോയ സര്‍ക്കാര്‍ തിരുവാഭരണം ഏറ്റെടുക്കാമെന്ന് പറഞ്ഞാല്‍ അത് അടുത്ത തലവേദന ആകുമെന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ട് തന്നെ തടിതപ്പുകയായിരുന്നു.

സര്‍ക്കാരിന്റെ സുരക്ഷയില്‍ ആണ് തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ ഇരിക്കുന്നത്. കൂടുതല്‍ സുരക്ഷ ആവശ്യം ആണെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ ചെയ്യും. ദേവസ്വം ബോര്‍ഡുമായി ആലോചിച്ചു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല ക്ഷേത്രത്തിന്റെ തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെക്കുന്നത് സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. തിരുവാഭരണം അയ്യപ്പന്റേതാണോ, രാജകുടുംബത്തിന്റേതാണോ എന്നായിരുന്നു ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ കോടതി ചോദിച്ചത്. തിരുവാഭരണം ദൈവത്തിന് നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാനാകില്ല. തിരുവാഭരണം ക്ഷേത്രത്തിന് കൈമാറാനും അത് പരിപാലിക്കാന്‍ പ്രത്യേക ഓഫീസറെ നിയമിക്കാനും ഉള്ള നിര്‍ദ്ദേശം അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം വെള്ളിയാഴ്ചയ്ക്കകം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Loading...

തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി പന്തളം രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ ഭരണനിര്‍വ്വഹണത്തിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായുള്ള കരട് തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. കരട് തയ്യാറാക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയം കൂടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിന്റെ പുരോഗതിയും വെള്ളിയാഴ്ച സുപ്രീംകോടതി പരിശോധിക്കും. ക്ഷേത്ര ഭരണത്തിലെ അവകാശം ഉന്നയിച്ച് പന്തളം രാജകുടുംബാംഗം പി രാമവര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

ശബരിമല വിഷയം വീണ്ടും സങ്കീര്‍ണ്ണതകളിലേക്ക് നീങ്ങുകയാണ്. ശബരിമല യുവതീ പ്രവേശനം തന്നെ ഭക്തരെ ആശങ്കയില്‍ നിര്‍ത്തുമ്പോഴാണ് വീണ്ടും ഭക്തരെ മുള്‍മുനയില്‍ നിര്‍ത്തി തിരുവാഭരണത്തിലും ആശയക്കുഴപ്പങ്ങളും ആശങ്കകളും വര്‍ദ്ദിച്ചിരിക്കുന്നത്. സര്‍ക്കാരാകട്ടെ വിഷയത്തില്‍ അവിടെയും ഇവിടെയും തൊടാതെയുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത്. തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുത്താല്‍ കാലങ്ങളായി ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍ പൊളിച്ചെഴുതേണ്ടി വരും. പന്തളം കൊട്ടാരത്തില്‍ നിന്നും തിരുവാഭരണവുമായി സന്നിധാനത്ത് എത്തി അയ്യന് ചാര്‍ത്തി കഴിയുമ്പോഴാണ് മകരവിളക്ക് എന്ന വിശ്വാസം ആചാരം സമ്പൂര്‍ണ്ണമാകൂ. അത് പതിറ്റാണ്ടുകളായി തുടര്‍ന്ന് പോരുന്ന ആചാരമാണ്. എന്നാല്‍ സുപ്രീംകോടതിയുടെ നിലപാട് ആചാരങ്ങളെ മുഴുവന്‍ പൊളിച്ചെഴുതേണ്ട രീതിയിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഭക്തര്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറാകില്ല. ശബരിമല വീണ്ടും കലാപകലുഷിത ഭൂമിയിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യം ഉയരുകയാണ്.

ശബരിലയില്‍ ഗുരുതരമായ പ്രതിസന്ധി ഉയര്‍ത്തിയിരിക്കുകയാണ് സുപ്രീം കോടതി ജഡ്ജിയുടെ ഇപ്പോഴത്തെ പരാമര്‍ശം. അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരത്തിന്റെ അധീനതയില്‍ നിന്നും മാറ്റിക്കൂടെ എന്നാണ് കോടതി ചോദിച്ചിരിക്കുന്നത്. ഇത് ആചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും കടുത്ത ലംഘനം തന്നെ ആകും എന്ന് ഭക്തരും, ഭക്ത സംഘടനകളും കോടതി വിധി വന്നതിനു തൊട്ട് പിന്നാലെ പറഞ്ഞിരുന്നു. അതേസമയം, തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചിരുന്നു. തിരുവാഭരണം പന്തളം കൊട്ടാരത്തിന്റെ സംരക്ഷണത്തില്‍ നിന്നും മാറ്റണം എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചാല്‍ അത് വീണ്ടും മറ്റൊരു ശബരിമല വിവാദത്തിനു തന്നെ തിരികൊളുത്തും. പന്തളം കൊട്ടാരവും വിശ്വാസികളും അത് അംഗീകരിക്കാന്‍ സാധ്യതയില്ല. അത് വ്യക്തമായി അറിയാവുന്നത് കൊണ്ടാകാം മന്ത്രി കടകംപള്ളി ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. തിരുവാഭണം സംരക്ഷിക്കാം പക്ഷെ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാട് ഭക്തരെ മുന്നില്‍ കണ്ടുകൊണ്ടുള്ള സര്‍ക്കാരിന് വലിയ ക്ഷീണം വരാത്ത തരത്തിലുള്ള ഒരു നയമാണ്.
———–