തിരുവനന്തപുരം: സോളര്‍ സമരവുമായി ബന്ധപ്പെട്ടു വഴി തടഞ്ഞതിനും ആക്രമിച്ചതിനും സിപിഎം ക്ഷമ പറഞ്ഞതിനു പിന്നാലെ ഇപ്പോള്‍ വീണ്ടും ക്ഷമ ചോദിച്ച് സിപി എം. ഇത്തവണ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ തല്ലിയതില്‍. ആദ്യം സിപിഎം ക്ഷമ ചോദിച്ചത്, സി പി എമ്മിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റിന് കാരണക്കാരിയായ സന്ധ്യ എന്ന വീട്ടമ്മയോടായിരുന്നു. മുഖ്യമന്ത്രിക്കെതിരായ സമരം അകാലത്തില്‍ അവസാനിപ്പിക്കാന്‍ സി പി എമ്മിനെ നിര്‍ബന്ധിതമാക്കിയതും സന്ധ്യയുടെ പ്രതിഷേധമാണ്.

അന്നു ദേവസ്വം ബോര്‍ഡ് ജംക്ഷനില്‍ വഴിയടച്ചു സമരം ചെയ്ത സമരക്കാരോട്, സ്‌കൂട്ടറില്‍ കുട്ടികളുമായി വന്ന തന്നെ തടഞ്ഞതിനു സന്ധ്യ പൊട്ടിത്തെറിച്ചു. ഒറ്റദിവസം കൊണ്ട് കേരളക്കരയാകെ തരംഗം സൃഷ്ടിച്ചു സന്ധ്യ. ചാനലുകളായ ചാനലുകളൊക്കെ സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിച്ചു. ഒമ്പതുമണിച്ചര്‍ച്ചകളില്‍ സന്ധ്യ നിറഞ്ഞുനിന്നു. എല്ലാ പ്രമുഖ പത്രങ്ങളും സന്ധ്യയെക്കുറിച്ച് മുഖപ്രസംഗമെഴുതി. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ കായിക രംഗത്തെ പ്രമുഖരെല്ലാം സന്ധ്യയോട് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചു. സന്ധ്യയുടെ രൂക്ഷമായ വെല്ലുവിളിക്കു മുന്നില്‍ സമരം തന്നെ തളര്‍ന്നപ്പോള്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ നയിച്ച സമരത്തിന്റെ പേരില്‍ പിന്നീടു സിപിഎം നേതാക്കള്‍ ചാനലുകളിലൂടെ പരസ്യമായി തന്നെ ക്ഷമ ചോദിച്ചു.

Loading...

tp-srinivasan-attaked

കോവളം ലീല ഹോട്ടലില്‍ ആഗോള വിദ്യാഭ്യാസ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞുനിന്നു മര്‍ദിച്ച സംഭവത്തില്‍ സിപിഎം ക്ഷമ ചോദിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ചെയ്തിക്കു ക്ഷമ ചോദിച്ചത്. സമരം നടക്കുന്നിടത്തേക്കു കടക്കാതെ സന്ധ്യയെ തടയാത്തതിന്റെ പേരില്‍, ക്ലിഫ് ഹൗസിനു മുന്നില്‍ കടകംപള്ളി രോഷം പ്രകടിപ്പിച്ചതു പൊലീസിനോടാണ്. ഇന്നലെയും രോഷം പൊലീസിനോടായിരുന്നു. ടി.പി. ശ്രീനിവാസനെ സമരക്കാരുടെ
ഇടയിലേക്ക് വരാതെ പൊലീസ് നോക്കിയില്ലെന്ന്.

മറ്റൊരുമാപ്പും കടകംപള്ളിക്ക് പറയേണ്ടിവന്നിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനുമെതിരെ സദാചാര ഗുണ്ടായിസം കാണിച്ച സിപിഎം പ്രവര്‍ത്തകരുടെ നടപടിയില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ മാപ്പു ചോദിച്ചത്,. ജിഷ എലിസബത്തിനേയും ജോണ്‍ ആളൂരിനേയും ജവഹര്‍ നഗറിലെ ഓഫീസില്‍ അപമാനിച്ച സംഭവത്തിലാണ് കടകംപള്ളി ഫെയ്‌സ്ബുക്കിലൂടെ മാപ്പു പറഞ്ഞത്.

സംഭവം പ്രതിഷേധാര്‍ഹമാണ്. സ്വന്തം ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളുടെ ശരിതെറ്റുകള്‍ മനസ്സിലാക്കാതെ ആരെങ്കിലും പറയുന്നതു കേട്ട് എടുത്തു ചാടി നടത്തിയ അപക്വമായ പ്രവര്‍ത്തനമായിരുന്നു അവരുടേത്. സിപിഎം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ എന്റെ പാര്‍ട്ടിയുടെ രണ്ടു പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായ ഈ അന്യായത്തിന് അവര്‍ക്കുവേണ്ടിയും എന്റെ പ്രസ്ഥാനത്തിനു വേണ്ടിയും ഖേദം പ്രകടിപ്പിക്കുകയും മാപ്പു ചോദിക്കുകയും ചെയ്യുന്നു’കടകംപള്ളി അന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.