ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളിലെ ഒരാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റലി. നാവികനായ മാസിമിലിയാനൊ ലത്തോരെയെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റാലിയന്‍ സെനറ്റാണ് അറിയിച്ചത്. 2014 സെപ്റ്റംബറിലാണ് ലത്തോരെയെ ഇറ്റലിയിലേക്ക് പോകുന്നതിന് സുപ്രീം കോടതി അനുവദിച്ചത്.
മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് നാലു മാസത്തേക്കാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. പിന്നീട് പലപ്രാവശ്യമായി ഈ കാലാവധി നീട്ടിനല്‍കുകയായിരുന്നു. ലത്തോരെ ഇന്ത്യയിലേക്ക് മടക്കി അയക്കില്ലെന്നു പറഞ്ഞ സെനറ്റര്‍ നിക്കോള്‍ കേസിലെ രണ്ടാം പ്രതിയായ സാല്‍വത്തോരെ ജിറോനെ ഇറ്റലിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
കൊല്ലം നീണ്ടകരയില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികളായ വാലന്റൈന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കേസിലാണ് ഇറ്റാലിയന്‍ നാവികര്‍ അറസ്റ്റിലായത്. കപ്പലിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന ഇറ്റാലിയന്‍ നാവികര്‍, മത്സ്യബന്ധനബോട്ട് കടല്‍ക്കൊള്ളക്കാരുടെ ബോട്ടാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തുവെന്നാണ് ഇറ്റാലിയന്‍ അധികൃതരുടെ വാദം.