തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസിൽ യുവതിയുടെ വസ്ത്രങ്ങൾ വിശദ പരിശോധനക്ക് അയച്ചു. യുവതിയുടെ മുഖത്തും ശരീരത്തിലും നഖത്തിന്റെയും പല്ലിന്റെയും പാടുകൾ ഉണ്ട്. അതേസമയം യുവതിയുടെ നാല് വയസുകാരനും പ്രതികള്‍ക്ക് എതിരെ മൊഴി നല്‍കി. അമ്മയെ പ്രതികള്‍ ഉപദ്രവിച്ചെന്നും ഇത് കണ്ട് കരഞ്ഞ തന്നെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്ന് കുട്ടി പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് കഞ്ചാവിന് അടിമയാണെന്ന് യുവതിയും മൊഴി നല്‍കി.
ഏഴ് പ്രതികളാണ് കേസിലുള്ളത്. ഭര്‍ത്താവ് അടക്കം ആറ് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ കുടുക്കിയിരിക്കുകയാണ് കുട്ടിയുടെ മൊഴി. അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതുമെല്ലാം അഞ്ച് വയസുകാരന്‍ മകന്‍ പറഞ്ഞു. തിരികെ പോകാനിറങ്ങിയ അമ്മയേയും തന്നെയും ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയെന്നും മൊഴിയുണ്ട്.
അവിടെ വെച്ച് അച്ഛന്റെ സുഹൃത്തുക്കള്‍ അമ്മയെ ഉപദ്രവിച്ചു. ഇത് കണ്ട് കരഞ്ഞ തന്നെ ഒരാള്‍ തള്ളിയിടുകയും കയ്യിലും മുഖത്തും അടിച്ചെന്നും കുട്ടി മൊഴി നല്‍കി. ഭര്‍ത്താവ് അമിതമായി മദ്യവും ലഹരിമരുന്നുകളും ഉപയോഗിക്കാറുണ്ടെന്ന യുവതിയുെട മൊഴിയും കേസില്‍ നിര്‍ണായകമായേക്കും. ഭര്‍ത്താവ് ആസൂത്രിതമായി യുവതിയെ പീഡനത്തിന് വിട്ടുകൊടുത്തതാണെന്ന് നിഗമനം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചു.