ജോൺ പോളിന്റെ മരണം; ഫയർഫോഴ്സിനെ ബന്ധപ്പെട്ടിട്ടും എത്തിയില്ലെന്ന് നടൻ കൈലാഷ്

തിരക്കഥാകൃത്ത് ജോൺ പോൾ വീണുകിടന്നപ്പോൾ പലതവണ ഫയർഫോഴ്സുമായി ബന്ധപ്പെട്ടിട്ടും എത്താൻ അവർ തയ്യാറായിരുന്നില്ലെന്ന് നടൻ കൈലാഷ്  പറ‍ഞ്ഞു. അപകട സാഹചര്യമുണ്ടെങ്കിൽ മാത്രമേ വരാനാവൂ എന്നതായിരുന്നു അവരുടെ നിലപാട്. പക്ഷേ ഇത്രയും ഭാരമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം താഴെ വീഴുന്നത് വലിയ അപകടമാണ്. ഹോസ്പിറ്റൽ ഷിഫ്റ്റിങ്ങാണെങ്കിൽ മാത്രമേ വരാൻ കഴിയൂ എന്ന നിലപാടാണ് ആംബുലൻസ് അധികൃതരും ആദ്യം സ്വീകരിച്ചത്. ഇത്തരത്തിലുള്ള ടെക്നിക്കൽ പ്രശ്നം പരിഹരിക്കേണ്ടതാണ്. ഒരുപാട് നേരം ജോൺ പോളിന് തണുപ്പിൽ നിലത്തുകിടക്കേണ്ടിവന്നിരുന്നുവെന്നും കൈലാഷ് പറഞ്ഞു.

ഫയർ ഫോഴ്സ്, ആംബുലൻസ് സംവിധാനങ്ങളെ അടച്ചാക്ഷേപിക്കുന്നതല്ലെന്നും എന്നാൽ അപകടത്തിൽപ്പെടുന്നവർക്ക് ആരെയാണ് ഏത് നമ്പരിലാണ് വിളിക്കേണ്ടത് എന്നതിനെപ്പറ്റി കൃത്യത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോൺ പോൾ വീണുകിടന്നപ്പോൾ പലതവണ ഫോണിൽ വിളിച്ചിട്ടും ഫയർഫോഴ്സ് സഹായിച്ചിട്ടില്ലെന്ന ആരോപണത്തിന് മറുപടിയുമായി ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ രം​ഗത്തെത്തി. ഇത്തരത്തിൽ ഒരു വീഴ്ച ഫയർഫോഴ്സിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാനിടയില്ല എന്ന് ഹരികുമാർ പറഞ്ഞു.

Loading...

എറണാകുളം ജില്ലയിൽ തന്നെ പത്തിടങ്ങളിൽ ആംബുലൻസുണ്ട്. ഇദ്ദേഹം താമസിക്കുന്ന ഗാന്ധിനഗറിൽ ആംബുലൻസില്ല. തൊട്ടടുത്ത് ക്ലബ് റോഡിലുണ്ട്, തൃപ്പൂണിത്തുറയിലുണ്ട്. ഇവിടെയൊക്കെ അന്വേഷിച്ചിട്ടും ഇങ്ങനെയൊരു സംഭവമുണ്ടായില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഹരികുമാർ പറഞ്ഞു. ആംബുലൻസ് എത്താൻ ഏഴ് മണിക്കൂർ വൈകിയെന്ന് നിർമാതാവ് ജോളി ജോസഫ് പറഞ്ഞിരുന്നു. ജോൺ പോൾ ഗുരുതരാവസ്ഥയിൽ വീണുകിടന്നപ്പോൾ സഹായമെത്തിയില്ല. കട്ടിലിൽ നിന്ന് വീണ ജോൺ പോൾ മണിക്കൂറുകളോളം വെറും നിലത്ത് കിടന്നു. ഫയർഫോഴ്സിനെയും ആംബുലൻസിനെയും നിരന്തരം ബന്ധപ്പെട്ടിട്ടും സഹായിച്ചില്ല. പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വൈകിയെന്നും  പറഞ്ഞു.