സംസ്ഥാനത്തെ ഒരു കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കൊവിഡ്, മറ്റ് അന്തേവാസികള്‍ ക്വാറന്റൈനില്‍

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം ആശങ്കയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസം ആയിരത്തില്‍പ്പരം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എറണാകുളം കാക്കനാട് കരുണാലയ കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലാഭരണകൂടമാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത അറിയിച്ചത്.അതേസമയം ഇവര്‍ക്ക് കോണ്‍വെന്റില്‍ തന്നെ ചികിത്സ നല്‍കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ഇവര്‍ക്ക് ചികിത്സ നല്‍കുക കോണ്‍വെന്റിലെ ഒരു നിലയിലാണ്.

കഴിഞ്ഞ ആഴ്ച കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ് കൊവിഡ് സ്ഥിരീകരിച്ച കന്യാസ്ത്രീകള്‍. കഴിഞ്ഞ ദിവസം തന്നെ ആലുവ ചുണങ്ങംവേലിയിലെ മഠത്തിലെ 18 കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരിച്ച സിസ്റ്ററിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ തന്നെയാണ് ഇവരും.കരുണാലയത്തിലെ മറ്റ് അന്തേവാസികള്‍ക്ക് യാത്രയടക്കമുള്ള കാര്യങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Loading...

അതേസമയം സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടി. 1078 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. 16110 പേര്‍ക്കാണ്​ ഇതുവരെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചത്​. 798 പേര്‍ക്ക്​ സമ്പര്‍ക്കം മൂലം രോഗം സ്​ഥിരീകരിച്ചു. ഇതില്‍ 75 പേരുടെ ഉറവിടം അറിയില്ലെന്നും മു​ഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.