അവൾക്ക് അതാണെന്ന് അറിഞ്ഞാൽ….. ഒരു മകളുണ്ട്.. അവളുടെ ഭാവി..വിവാഹം.., കുറിപ്പ്

പലപ്പോളും നമുക്കിടയിൽ മാനസിക പ്രശ്നങ്ങൾ ഉളളവർ ഉണ്ടായേക്കാം. അത് തിരിച്ചറിഞ്ഞ് ചികിത്സ കൃത്യ സമയം നൽകുക ആണ് വേണ്ടത്. പലരും മറ്റുള്ളവർ അറിഞ്ഞലോ എന്ന് ഭയന്ന് ഇത്തരം ചികിത്സ ഒഴിവാക്കുന്നു. ഇത് വലിയ ആപത്തിന് കാരണം ആയേക്കാം എന്ന് പറയുക ആണ് സൈക്കോളജിസ്റ്റ് കൗൺസിലർ കല മോഹൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് കല ഇക്കാര്യം പറഞ്ഞത്.

കല മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

Loading...

Repost
വര്ഷങ്ങള്ക്കു മുൻപ് NAIR S ആശുപത്രിയിൽ ഡോക്ടർ ഓസ്കാർ ഡിക്രൂസിന്റെ കീഴിൽ ട്രെയിനി സൈക്കോളജിസ്റ് ആയി ജോലി നോക്കുന്ന സമയം..

” കൊച്ചിന് കൊല്ലം നിറച്ചും പരിചയകാർ ആണോ..? ഡോക്ടർ എന്നോട് ചോദിച്ചു…
എന്താ ..? എനിക്ക് മനസ്സിലായില്ല.. കൊച്ചിനെ അറിയാവുന്ന കുറച്ചു ആളുകൾ ,നീ ഉള്ള ദിവസം വരാതെ മറ്റൊരു ദിവസം അപ്പോയ്ന്റ്മെന്റ് തരണം എന്ന് പറഞ്ഞു..
സൈക്കിയാട്രിസ്റ് ന്റെ മരുന്ന് കഴിക്കുന്നു എന്ന് ഒരു പരിചയക്കാരി അറിയുന്നതിനുള്ള സങ്കടം..”

ഡോക്ടർ അത് പറഞ്ഞപ്പോൾ ആണ് ആദ്യമായി ഈ മേഖലയിലെ ഞാൻ നേരിടാൻ പോകുന്ന ഒരു വലിയ പ്രശ്‌നം തിരിച്ചറിഞ്ഞത്..

പിന്നെ അത് തുടർ കഥ ആയി..
ഇന്നലെ വരെ..

കൊല്ലം ജില്ലക്കാർ മറ്റൊരു ജില്ലയിൽ പോകും..
അവിടെ നിന്നും ഇങ്ങോട്ടു വരും.. സ്വന്തം ജില്ലാ കഴിവതും തിരഞ്ഞെടുക്കില്ല.. പുറത്തു വെച്ച് കണ്ടാൽ പരിചയം ഭാവിക്കില്ല.. ഇങ്ങോട്ടു ചിരിക്കാതെ ഞാനും ചിരിക്കാറില്ല..

മാനസിക പ്രശ്‌നം എന്നത് അത്ര വലിയ വിപത്താണോ.? ശാരീരിക പ്രശ്‌നം പോലെ മാത്രമാണ് അതും.. പറഞ്ഞു മടുത്തു… എഴുതി അക്ഷരങ്ങൾ വഴങ്ങാതെ ആയി.. ഫലം ഇല്ല.. കാഴ്ചപ്പാടുകൾ മാറുന്നില്ല.. എന്തൊക്കെ ”അരുതുകൾ” നടക്കുന്നു.. അതിൽ അഭിമാനപ്രശ്നമില്ല ഇതൊരു ദുർവാശിയാണ് അല്ലേൽ വിവരക്കേടാണ്.. വെളിച്ചത്തിലേക്കുള്ള നമ്മുടെ വഴിമുടക്കികൾ നമ്മൾ തന്നെ ആണ്.. അവനവൻ അവനവനോട് പോലും നീതി പുലർത്തുന്നില്ല..

”’ ചെറിയ ഒരു വഴക്കു , പക്ഷെ അതെ തുടർന്ന് ഭാര്യ മുറി പൂട്ടി അകത്ത് ഇരിക്കുക ആണ്.. ഒന്നര മാസം ആയി.. അധികം ബന്ധുക്കൾ ഇല്ല.. മകൾ പ്രായമായി.. അവളും ഞാനും മാറി മാറി വിളിച്ചിട്ടും ഇത് വരെ പുറത്തോട്ടു വരാൻ കൂട്ടാക്കിയില്ല.. മകൾ ഭക്ഷണം ഉണ്ടാക്കി വിളിക്കുമ്പോൾ , പകുതി കതകു തുറന്നു അത് അകത്തേയ്ക്കു എടുക്കും.. ചിലപ്പോൾ അതുമില്ല. അവളെ ഒന്ന് വന്നു കാണാമോ..? എന്നെ തേടി എത്തിയ ഒരു ഫോൺ കോൾ ഇതായിരുന്നു..

ഞാൻ ഒരു സൈക്കോളജിസ്റ് ആണ്..
നിങ്ങൾ പെട്ടന്നു ഒരു ആശുപത്രിയിൽ അവരെ എത്തിക്കണം.. സൈക്കിയാട്രിസ്റ് ആണ് കാണേണ്ടത്..! പക്ഷെ ഒരു മകളുണ്ട്.. അവളുടെ ഭാവി..വിവാഹം.. ആ മനുഷ്യനോട് ഞാൻ എന്താണ് പറയേണ്ടത്..? നാളെ നിങ്ങളെയോ ആ മകളെയോ അവർ വെട്ടി കൊന്നാലോ.. അല്ലേൽ അവർ ആത്മഹത്യ ചെയ്താലോ..?

ഓർമ്മയിലുണ്ട്..,ഭാര്യയെയും മക്കളെയും കഴുത്ത് ഞെരിച്ചു കൊന്നു , എന്നിട്ടു സ്വയം തൂങ്ങി മരിച്ച ഒരു വ്യക്തി.. നല്ല കുടുംബമായിരുന്നു എന്നാണ് നാട്ടാര് മുഴുവൻ പറഞ്ഞത്.. ഗൃഹനാഥൻ , പക്ഷെ അടുത്തിടെ ഒരു പ്രത്യേക രീതി ആയിരുന്നു അത്രേ.. കുറെ നാളുകളായി ആരോടും മിണ്ടാതായി.. അടുത്ത ബന്ധുക്കളോട് പോലും നിശബ്ദമായിരുന്നു അത്രേ.. ആരും വരുന്നത് ഇഷ്‌ടമില്ലാതെ ആയി.. പെട്ടന്ന് എന്താണ് സംഭവിച്ചത് എന്ന് ഓർത്തെങ്കിലും ആരും അത് കാര്യമായി എടുത്തില്ല.. കൊലപാതകം നടന്നപ്പോൾ മാത്രമാണ് അദ്ദേഹത്തിന് മാനസ്സിക അസ്വാസ്ഥ്യം ആയിരുന്നു എന്ന് മനസ്സിലായത്..
ഒരു കുടുംബം മുഴുവൻ ഇല്ലാതായി കഴിഞ്ഞു..അപ്പോഴേയ്ക്കും..!

സ്ത്രീ എന്നോ പുരുഷൻ എന്നോ ഇല്ല ..മനസ്സ് കൈവിട്ടു പോകുന്ന അവസ്ഥ ആർക്കും ഉണ്ടാകാം.. ആരുടേയും കുറ്റമല്ല.. തെറ്റല്ല.. പെട്ടന്നാകണം എന്നില്ല.. ക്രമേണ ഉണ്ടാകുന്ന ചില മാറ്റങ്ങൾ. മനസ്സിലാകെ കാറും കോളും.. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ , നിരർത്ഥത ഒക്കെ മനസ്സിലേയ്ക്ക് ഇടിച്ചു കയറും.. ഉറക്കം ഇല്ലാതാകും.. ആത്മഹത്യ ചിന്ത കൂടും.. ചിലപ്പോൾ അത് ചെയ്‌തെന്നും വരാം..

പലപ്പോഴും ഫേസ് ബുക്കിൽ കുറിപ്പുകൾ എഴുതുമ്പോൾ ഓർക്കാറുണ്ട്.. ചിലരെങ്കിലും ഓർക്കും, കൗൺസിലിങ് രഹസ്യം അങ്ങാടി പാട്ടാക്കുന്നു എന്ന്..! പല ജീവിതങ്ങൾ , പല മനസ്സുകൾ.,. എല്ലാം കൂടി ഒരു കുട കീഴിൽ ചേർത്ത് ഒരു കേസ് വായിക്കുന്നവർക്ക് ദഹിക്കുന്ന മട്ടിൽ എഴുതുന്നു..

അല്ലാതെ ഒരു കൗൺസിലോർ , നോക്കു , ഇത് ഇന്ന വ്യക്തിയാണ് എന്ന് സൂചിപ്പിച്ചു എഴുതില്ല.. ആർക്കും കണ്ടു പിടിക്കാൻ കഴിയരുത്.. ആരാണ് എന്ന്..! അത്തരത്തിൽ മാത്രമേ ചെയ്യാറുള്ളു ….

”’ചെവിയിൽ വിരലുകൾ തിരുകി വെച്ചാലും , കണ്ണടച്ച് കിടന്നാലും ആ ഇരമ്പൽ…” പക്ഷെ ഡോക്ടർ നെ കാണാൻ ഭയമാണ്.. മാനസിക രോഗം എന്ന് പറഞ്ഞാലോ.., മരുന്ന് കഴിക്കേണ്ടി വന്നാലോ..! താളം പിഴച്ചാൽ വാരി കുഴിയിൽ വീഴും എന്നറിയുന്നില്ല…

ആൾകൂട്ടത്തിൽ എവിടെയോ ഒക്കെയോ അവളുണ്ട്.. അവനുണ്ട്..നമ്മളിൽ ആരൊക്കെയോ ഉണ്ട്..!

നാളെ ഒരു കൊലപാതകം നടന്നേക്കാം..
മകനോ മകളോ കഴുത്തുഞെരിച്ചു കൊല്ലപ്പെടാം.. കാമുകനോ ഭർത്താവോ ഭാര്യയോ കഷ്ണം കഷ്ണമായി ദാരുണമായി മുറിച്ചു മാറ്റി ഭാഗങ്ങളായി ഉപേക്ഷിക്കപെടാം…. ആത്മഹത്യ ചെയ്തേക്കാം.. തൊട്ടു മുൻപ് വരെ തിരക്കുകൾക്ക്‌ നടുവിൽ നിന്നിരിക്കാം.. ജോലികൾ ചെയ്തിരിക്കാം.. കവിതയോ കഥയോ എഴുതിയിരിക്കാം… ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് ഉണ്ടാകുന്ന എത്ര മാനസ്സിക അസ്വസ്ഥതകൾ. അവഗണിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സങ്കടങ്ങൾ രൂക്ഷമാണ്..

””’അങ്ങനെ മാനസിക രോഗം ഒന്നും കാണിക്കുന്നില്ലായിരുന്നു..””’ എന്ന് പറഞ്ഞു ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ പറ്റില്ല.. വസ്ത്രം വലിച്ചു കീറി അലറി വിളിച്ചു ഓടുന്നത് മാത്രമല്ല , ആ അവസ്ഥ..

സ്‌ട്രെസ് എന്ന വില്ലൻ , അതിന്റെ ഭീകരത..
അതിൽ പകയും വെറുപ്പും ദേഷ്യവും കലർന്നാൽ വരുതിക്ക് നിൽക്കില്ല കാര്യങ്ങൾ…
മദ്യവും മയക്കു മരുന്നും മാത്രമല്ല.. കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം , സമയത്ത് മാനസ്സികപ്രശ്നങ്ങൾക്ക് ചികിത്സതേടാത്തതും ആണ്..! ശരീരത്തിന് അസുഖം വന്നാൽ അത് വെച്ചോണ്ടിരുന്നാൽ എന്താകും അവസ്ഥ..? അത് തന്നെ ആണ് മനസ്സിനും..യഥാസമയം ചികിത്സ തേടുക..! ഉറ്റവർ അത്തരമൊരു സങ്കടം പറയുന്നു എങ്കിൽ , നാട്ടാര് എന്ത് പറയുന്നു എന്ന് ആലോചിക്കാതെ ഡോക്ടർ നെ കാണിക്കുക..!